വിഎസിന് ആദരം: നാളെ പൊതു അവധി ; മൂന്നുദിവസത്തെ ദുഃഖാചരണം

Kerala Trivandrum

തിരുവനന്തപുരം :- മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ വിയോഗത്തെ തുടർന്ന് അദ്ദേഹത്തിനോടുള്ള ആദരസൂചകമായി സംസ്ഥാനത്ത് നാളെ , ചൊവ്വാഴ്ച(ജൂലായ് 22) പൊതു അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണമുണ്ടാകുമെന്നും സർക്കാർ അറിയിച്ചു. സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകൾക്കും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും സ്റ്റാറ്റിയൂട്ടറി സ്ഥാപനങ്ങൾക്കും സ്വയംഭരണ സ്ഥാപനങ്ങൾക്കും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്‌സ് ആക്ട് പ്രകാരമുള്ള സ്ഥാപനങ്ങൾക്കുമാണ് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ജൂലായ് 22 മുതൽ മൂന്ന് ദിവസത്തേക്കാണ് ഔദ്യോഗിക ദുഃഖാചരണം. ഈ ദിവസങ്ങളിൽ സംസ്ഥാനത്താകെ ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും.

അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി.എസിന്റെ സംസ്‌കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് നടക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ അറിയിച്ചു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ്‌ വിലാപയാത്രയായി മൃതദേഹം ആലപ്പുഴയില്‍ എത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എസ്.യു.ടി ആശുപത്രിയില്‍നിന്ന് അഞ്ചുമണിയോടെ മൃതദേഹം എകെജി പഠന ഗവേഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇവിടെ പൊതുദര്‍ശനം ഉണ്ടാകും. തുടര്‍ന്ന് രാത്രിയോടെ അവിടെനിന്ന് തിരുവനന്തപുരത്തെ മകന്റെ വസതിയിലേക്ക്‌ കൊണ്ടുപോകും.

ചൊവ്വാഴ്ച രാവിലെ ഒന്‍പത് മണിക്ക് വീട്ടില്‍നിന്ന് ദര്‍ബാര്‍ ഹാളിലേയ്ക്ക് പൊതുദര്‍ശനത്തിനായി കൊണ്ടുപോകും. എല്ലാവര്‍ക്കും അവിടെ പൊതുദര്‍ശനത്തിന് അവസരമുണ്ടാകും. ഉച്ചയ്ക്ക് ശേഷം ദേശീയപാത വഴി ആലപ്പുഴയിലേക്ക് വിലാപയാത്രയായി കൊണ്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നത്. രാത്രിയോടെ ആലപ്പുഴയിലെ വീട്ടിലെത്തിക്കും.

ബുധനാഴ്ച രാവിലെ വീട്ടില്‍നിന്ന് ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് എത്തിച്ച് പൊതുദര്‍ശനത്തിന് അനുവദിക്കും. ഉച്ചയ്ക്ക് ശേഷം ആലപ്പുഴ വലിയ ചുടുകാട്ടില്‍ സംസ്‌കാരം നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.

*മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തെ തുടർന്ന് ജൂലായ് 22-ന് നടത്താനിരുന്ന കാലിക്കറ്റ് സർവകലാശാലാ വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പ് 26-ലേക്ക് മാറ്റി.

*വി.എസിൻറെ നിര്യാണത്തിൻറ പശ്ചാത്തലത്തിൽ കെ.എസ്.ഇ.ബി കാര്യാലയങ്ങൾക്ക് അവധിയായിരിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. ക്യാഷ് കൗണ്ടറുകൾ പ്രവർത്തിക്കില്ല. ഓൺലൈൻ മാർഗ്ഗങ്ങളിലൂടെ പണമടയ്ക്കാവുന്നതാണ്.

 

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *