മന്ത്രി വീണയ്ക്കെതിരേ പോസ്റ്റിട്ട സിപിഎം ഏരിയ, ലോക്കൽ കമ്മറ്റി അംഗങ്ങൾക്കെതിരേ നടപടി നീക്കം പാളുന്നു ; മുൻകാല സംഭവങ്ങളിൽ ഏരിയ കമ്മിറ്റി എടുത്ത അച്ചടക്ക നടപടി എന്തായി എന്ന മറുചോദ്യം ഇരവിപേരൂർ ലോക്കൽ കമ്മറ്റിയിൽ

Pathanamthitta Politics

പത്തനംതിട്ട :- മന്ത്രി വീണ ജോർജിനെ വിമർശിച്ച് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിട്ടവർക്കെതിരെ നടപടിയെടുക്കാനുള്ള നീക്കം തുടക്കത്തിൽ തന്നെ പാളിയിരിക്കുകയാണെന്നാണ് വിവിധ ഘടകങ്ങളിലെ യോഗങ്ങൾ കഴിഞ്ഞപ്പോൾ വ്യക്തമാകുന്നത്. ഇലന്തൂരിൽ ലോക്കൽ കമ്മറ്റി അംഗം പി.ജെ. ജോൺസൺ, ഇരവിപേരൂരിൽ ഏരിയ കമ്മറ്റി അംഗം എൻ. രാജീവ്, ഓതറയിൽ ലോക്കൽ കമ്മറ്റി അംഗങ്ങളായ രാഹുൽരാജ്, സുധീഷ് എന്നിവർക്കെതിരെ നടപടിയെടുക്കാനാണ് നേതൃത്വം നിർദ്ദേശിച്ചിരുന്നത്. ഇതൂ കൂടാതെ പോസ്റ്റ് ലൈക്ക് ചെയ്തവരോട് വിശദീകരണം ചോദിക്കണം എന്നായിരുന്നു തീരുമാനം. ജൂലൈ 11 ന് ഇരവിപേരൂർ ഏരിയ കമ്മിറ്റി കൂടിയെങ്കിലും ഇക്കാര്യത്തിൽ കാര്യമായ നടപടിയെടുക്കാൻ കഴിഞ്ഞില്ല. മുൻകാല സംഭവങ്ങളിൽ ഏരിയ കമ്മിറ്റി എടുത്ത അച്ചടക്ക നടപടി എന്തായി എന്ന മറു ചോദ്യത്തിന് ഉത്തരം മുട്ടിയതോടെ വിശദീകരണം ചോദിക്കാൻ തീരുമാനിച്ച് യോഗം പിരിഞ്ഞു.

ഓതറ ലോക്കൽ കമ്മിറ്റി അംഗങ്ങളായ സുധീഷിനും രാഹുൽ രാജിനുമെതിരെ നടപടി എടുക്കാൻ ജില്ലാ കമ്മിറ്റി അംഗം പി സി സുരേഷിന്റെ സാന്നിദ്ധ്യത്തിൽ ചൊവ്വാഴ്ച യോഗം ചേർന്നെങ്കിലും ഭൂരിപക്ഷം അംഗങ്ങളും എതിർത്തു. സുരേഷും നിലവിലെ ഏരിയ സെക്രട്ടറിയുടെ ചുമതലയുള്ള അനിൽകുമാറും വീണ ജോർജിനെ പരസ്യമായി വിമർശിച്ച മുൻ സംഭവങ്ങളിൽ നടപടി എടുത്തിട്ട് മതി ഇപ്പോഴത്തെ സംഭവത്തിൽ നടപടി എന്നായിരുന്നു ഇവരുടെ വാദം. പാർട്ടി അംഗം അത്യാഹിതത്തിൽ മരണപ്പെട്ടിട്ടും അവിടം സന്ദർശിക്കാൻ പോലും തയ്യാറാകാതിരുന്ന വീണ ജോർജ്ജിനെ കുമ്പിടേണ്ട കാര്യമില്ലെന്നായിരുന്നു യോഗത്തിലെ ഭൂരിപക്ഷ വാദം.

വിമർശനങ്ങൾ സാധാരണ പ്രവർത്തകരുടെ വികാരമാണ് ഉയർത്തുന്നത്. ഇത് ഉൾക്കൊള്ളാൻ തയ്യാറാകണം. വിമർശനത്തെ സ്പോർട്സ്മാൻ സ്പിരിറ്റിൽ കാണണം എന്ന ജില്ലാ സെക്രട്ടറിയുടെ അഭിപ്രായമാണ് തങ്ങൾക്കും ഉള്ളതെന്ന് ലോക്കൽ കമ്മിറ്റി അംഗങ്ങൾ പറഞ്ഞു. അംഗങ്ങളുടെ എതിർപ്പ് രൂക്ഷമായതോടെ യോഗത്തിൽ നിന്ന് പി.സി സുരേഷ് ഇറങ്ങിപ്പോയെങ്കിലും പിന്നീട് മടങ്ങിയെത്തി ഏരിയ കമ്മിറ്റിക്ക് വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ അതത് പാർട്ടി ഘടകം ചർച്ച ചെയ്യാൻ ജില്ലാ കമ്മിറ്റി നൽകിയ നിർദ്ദേശത്തിന് വിരുദ്ധമാണിതെന്ന് പാർട്ടി പ്രവർത്തകർ പറയുന്നു.

പാർട്ടി ഏരിയ കമ്മറ്റി അംഗമായ സിഡബ്ല്യൂസി ചെയർമാനെ സസ്പെൻഡ് ചെയ്തതാണ് വീണ ജോർജിനെതിരെ ഇപ്പോഴുണ്ടായിരിക്കുന്ന എതിർപ്പിന് ഒരു കാരണമായി പറയുന്നത്. പൊലീസ് മേധാവിക്ക് നൽകിയ കത്ത് മറച്ച് വച്ചാണ് പരാതി ചൂണ്ടിക്കാട്ടിയ സിഡബ്ലുസി ചെയർമാനെതിരെ നടപടി ഉണ്ടായത്. ഇക്കാര്യത്തിൽ വീണ ജോർജ് ഗൂഢാലോചന നടത്തിയതായി പാർട്ടി അംഗങ്ങൾ തന്നെ പാർട്ടി മേൽഘടകത്തിൽ പരാതി നൽകിയിരുന്നു. കൂടാതെ സംഭവത്തിൽ നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ട് സിഡബ്ല്യുസി ചെയർമാനായിരുന്ന അഡ്വ. എൻ. രാജീവ് മുഖ്യമന്ത്രിക്ക് പരാതിയും നൽകിയിരുന്നു.

ഇതേ തുടർന്ന് ഡിഐജി അജിതാ ബീഗം നടത്തിയ അന്വേഷണത്തിൽ ജില്ലാ പൊലീസ് മേധാവി സ്ഥാപിത താൽപ്പര്യത്തോടെ നടത്തിയ ഇടപെടലുകളാണ് രണ്ട് പൊലീസ് ഉദ്യോഗസ്ഥരെയും സിഡബ്ല്യുസി ചെയർമാനെയും സസ്പെൻഡ് ചെയ്യുന്നതിൽ കലാശിച്ചതെന്ന് വ്യക്തമായിരുന്നു. എന്നാൽ മന്ത്രിയുടെ ഇടപെടലിനെ തുടർന്ന് ഇക്കാര്യത്തിൽ തിരുത്തൽ നടപടി ഉണ്ടാവാതിരുന്നതോടെയാണ് പരസ്യ വിമർശനവുമായി പാർട്ടി അംഗങ്ങൾ രംഗത്ത് വന്നത്.

പത്തനംതിട്ടയിൽ നഗരസഭ ചെയർമാനും സിപിഎം ജില്ലാ കമ്മറ്റി അംഗവുമായ അഡ്വ. ടി. സക്കീർഹുസൈൻ, നഗരസഭ കൗൺസിലർ ആർ. സാബു എന്നിവരെ അടക്കം വധശ്രമക്കേസിൽ ജാമ്യമില്ലാ വകുപ്പിട്ട് പ്രതികളാക്കിയിരുന്നു. സാബുവിനെയും ലോക്കൽ കമ്മറ്റി അംഗം നവീനെയും അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യാൻ ഡിവൈ.എസ്.പിയായിരുന്ന എസ്. അഷാദ് ശ്രമം നടത്തി. പാർട്ടി നീക്കം തടഞ്ഞതോടെ യഥാർഥ പ്രതികളെ അറസ്റ്റ് ചെയ്ത് സാബുവിനെയും നവീനെയും വിട്ടയച്ചു. കോടതിയിൽ നൽകിയ പ്രതിപ്പട്ടികയിൽ നിന്ന് ചെയർമാൻ അടക്കമുള്ളവരെ ഒഴിവാക്കുകയും ചെയ്തു. മന്ത്രിയുടെ നിർദേശപ്രകാരം പ്രവർത്തിച്ച ഡിവൈ.എസ്.പിയെ മലപ്പുറത്തേക്ക് തെറിപ്പിക്കുകയും ചെയ്തു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *