ഉഷാമണിയെ മരുമകൻ സുനിൽ അടിച്ചു കൊന്നത് ഭാര്യയെ ഒപ്പം വിടാത്തതിന് : പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നു.

Crime
Print Friendly, PDF & Email

പത്തനംതിട്ട :- വർഷങ്ങളായി ഭാര്യയുമായി പിണക്കത്തില്‍ കഴിയുന്ന യുവാവ്, ഭാര്യാ മാതാവിനെ വീട്ടില്‍ കയറി മണ്‍വെട്ടി കൊണ്ട് തലയ്ക്കടിച്ചു കൊന്നു. വെച്ചൂച്ചിറ ചാത്തന്‍ തറ അഴുത കോളനിയില്‍ കിടാരത്തില്‍ വീട്ടില്‍ ഉഷാമണി( 54)യാണ് കൊല്ലപ്പെട്ടത്. എരുമേലി തുമരംപാറ കണ്ണിമല പുളിക്കരയില്‍ കണ്ണനെന്ന എന്‍.എസ്.സുനിലി (38) നെ പോലീസ് അറസ്റ്റ് ചെയ്തു. മണ്‍വെട്ടി ഉപയോഗിച്ച് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. വിവരമറിഞ്ഞു സ്ഥലത്തെത്തിയ വെച്ചൂച്ചിറ പോലീസ് പ്രതിയെ ഉടനടി കസ്റ്റഡിയിലെടുത്തു.

ഉഷയുടെ മകളായ നിഷയുടെ ഭര്‍ത്താവാണ് സുനില്‍. ഉച്ചയ്ക്ക് 2.30 ഉഷയുടെ വീട്ടിലെത്തിയ സുനില്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും
സിറ്റൗട്ടില്‍ വച്ച് കൈകൊണ്ട് പലതവണ മുഖത്തും തലയ്ക്കും അടിക്കുകയും ചെയ്തു. മുറ്റത്തേക്ക് ഇറങ്ങി ഓടിയ ഉഷയെ പിന്നാലെ എത്തി മുറ്റത്ത് ചാരി വച്ചിരുന്ന മണ്‍വെട്ടി എടുത്ത് പലപ്രാവശ്യം തലയില്‍ ശക്തിയായി അടിച്ചു. തലയോട് പൊട്ടി തലച്ചോറ് പുറത്തുവന്നു.

ഉഷയുടെ ഭര്‍ത്താവ് മരണപ്പെട്ടു പോയതാണ്, ഇവര്‍ പപ്പട കച്ചവടവും മറ്റും ചെയ്ത് കഴിഞ്ഞു വരികയായിരുന്നു. ഉഷയ്ക്ക് മൂന്നു പെണ്‍മക്കളാണ്. മൂത്ത മരുമകനാണ് സുനില്‍. ഉഷയും നിഷയും മക്കളും ഒന്നിച്ച് താമസിച്ചു വരികയാണ്. സുനിലിന് മേസ്തിരി പണിയാണ്. നിഷ ഭര്‍ത്താവുമായി പിണങ്ങി 5 വര്‍ഷമായി അമ്മയുടെ കൂടെ താമസിക്കുന്നു. സുനില്‍ വല്ലപ്പോഴും മക്കളെ കാണാന്‍ വരാറുണ്ട്. നിഷ വീട്ടു ജോലി ചെയ്താണ് കുടുംബം നോക്കുന്നത്.

സുനിലിന് ഇപ്പോള്‍ ചെന്നൈയില്‍ മേസ്തിരി പണിയാണ്. ഭാര്യയുമായി പിണങ്ങിയ ശേഷം ‘ നിനക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു പണി തരും’ എന്ന് നിഷയോടു പറഞ്ഞിരുന്നതായി പോലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഉച്ചയ്ക്ക് സുനില്‍ ഓട്ടോയില്‍ വീട്ടില്‍ വന്നു. അപ്പോള്‍ ഇളയമകള്‍ ഐശ്വര്യ വീട്ടില്‍ ഉണ്ടായിരുന്നു. സുനില്‍ ഉഷയുമായി സംസാരിച്ച് തര്‍ക്കിക്കുകയും തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു.

നിഷയെ സുനിലിന്റെ കൂടെ വിടാതെ ഉഷ വീട്ടില്‍ താമസിപ്പിക്കുന്നതിലെ വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് ചോദ്യം ചെയ്യലില്‍ പ്രതി സമ്മതിച്ചു. സുനിലിനും നിഷയ്ക്കും 12 ഉം 8 ഉം വയസ്സുള്ള രണ്ടു കുട്ടികളാണ് ഉള്ളത്. സംഭവം നടക്കുമ്പോള്‍ ഐശ്വര്യയും ഉഷയും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളു. സുനില്‍ ചെന്നൈയില്‍ നിന്നും വന്നിട്ട് ഒരാഴ്ചയെ ആയിട്ടുള്ളു. ഉഷയുടെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം കോന്നി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പ്രതിയെ വിശദമായി ചോദ്യം ചെയ്യുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *