ആറന്മുള വള്ളസദ്യ ജൂലൈ13ന് തുടക്കം കുറിക്കും ; വള്ളസദ്യ ബുക്ക് ചെയ്യാനായി വിവരങ്ങൾ.വള്ളസദ്യ വള്ളസദ്യ എന്നു കേട്ടിട്ടില്ലേ. കേട്ടാൽ മാത്രം പോരാ അതൊന്നു ഉണ്ണുകയും വേണ്ടേ. ആറൻമുള വള്ളസദ്യയ്ക്ക് പോവാൻ സമയമാകുന്നു.. ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ കർക്കടകം 15 മുതൽ കന്നി 15 വരെ അഭീഷ്ടസിദ്ധിക്കായി നടത്തുന്ന വഴിപാടാണ്.
ഒരിലയിൽ 63 തരം വിഭവങ്ങൾ അണിനിരത്തുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ സമൂഹസദ്യയാണ് വള്ളസദ്യ.
ഉപ്പ്, വറുത്തുപ്പേരികൾ അഞ്ച്, ഏത്തയ്ക്ക, ചേന, ചേമ്പ്, ചക്ക, ശർക്കരപുരട്ടി, പപ്പടം വലുത് ഒന്ന് പപ്പടം ചെറുത് രണ്ട്, എള്ളുണ്ട, പരിപ്പുവട, ഉണ്ണിയപ്പം പഴം, മലര്, ഉണ്ടശർക്കര, കൽക്കണ്ടം, തോരൻ, അഞ്ചുതരം മടന്തയില, ചുവന്നചീര, തകര, വാഴക്കൂമ്പ്, വാഴപ്പിണ്ടി, നാലുതരം അച്ചാർ, അവിയൽ, കിച്ചടികൾ, മധുരപ്പച്ചടി വറുത്തെരിശ്ശേരി, ചോറ്, കറികൾ, പായസങ്ങൾ എന്നിവയാണ് സദ്യയിലെ വിഭവങ്ങൾ.

വഴിപാട് നടത്തുന്നയാൾ 52 പള്ളിയോടങ്ങളിൽ ഒന്നിനെ വള്ളസദ്യയ്ക്ക് ക്ഷണിക്കുന്നതോടെ ചടങ്ങിന് തുടക്കമാവും. സദ്യദിനത്തിൽ വഴിപാടുകാരൻ ക്ഷേത്രദർശനം നടത്തി കൊടിമരത്തിനു മുന്നിൽ നിറപറയും നിലവിളക്കും ഒരുക്കിവെക്കും. ക്ഷേത്രത്തിൽനിന്ന് പൂജിച്ചു കിട്ടുന്ന മാല കരയിലെത്തി പള്ളിയോടത്തിന് ചാർത്തുന്നതാണ് അടുത്തപടി .
48 വിഭവങ്ങളുമായാണ് സദ്യ ആരംഭിക്കുന്നത്. ബാക്കി വിഭവങ്ങൾ പാട്ടുപാടി ചോദിച്ചുവാങ്ങുകയാണ് രീതി. പദ്യരൂപത്തിൽ ആവശ്യപ്പെടുന്ന വിഭവങ്ങൾ വിളമ്പുകാർ എത്തിക്കുന്ന ചടങ്ങ് രസകരമാണ്. ഊണുകഴിഞ്ഞ് കൈ കഴുകിയ ശേഷം കരക്കാർ വീണ്ടും കൊടിമരച്ചുവട്ടിലെത്തി അവിടെ നിറച്ചുവെച്ചിരിക്കുന്ന പറ മറിക്കും. പറ തളിക്കുക എന്നാണിതിന് പേര്. തുടർന്ന് പള്ളിയോട കരക്കാർ ദക്ഷിണ സ്വീകരിച്ച് വഴിപാടുകാരെ അനുഗ്രഹിക്കുന്നു. വള്ളപ്പാട്ടുപാടി നീങ്ങുന്ന കരക്കാരെ ക്ഷേത്രക്കടവുവരെ വഴിപാടുകാരും അനുഗമിക്കും. കരക്കാർ പള്ളിയോടത്തിലേറി വള്ളപ്പാട്ട് പാടി സ്വന്തം കരകളിലേക്ക് പോവുന്നതോടെ വള്ളസദ്യയുടെ ചടങ്ങുകൾ സമാപിക്കുകയായി. തിരുവോണദിവസം തിരുവോണത്തോണിയിലെത്തുന്ന പച്ചക്കറികളും ധാന്യങ്ങളും പാകം ചെയ്താണ് തിരുവാറന്മുളയപ്പന് ഓണസദ്യയൊരുക്കുന്നത്. അന്ന് വള്ളസദ്യ ഉണ്ടായിരിക്കുന്നതല്ല.

ആറന്മുള വള്ളസദ്യയ്ക്ക് പങ്കെടുക്കണമെങ്കിൽ പാസ് വേണം. മുൻകൂട്ടി പാസ് ഉറപ്പിച്ചിട്ടു യാത്ര പുറപ്പെടുന്നതാണ് നല്ലത്. പള്ളിയോട സേവാസംഘത്തെയാണ് പാസിനായി ബന്ധപ്പെടേണ്ടത്.
http://www.aranmulavallamkali.in
PalliyodaSevaSangam
Panchajanyam, Kizhakkenada
Aranmula P O, Pathanamthitta.
Office Tel : 0468 2313010
+91 828111301 , +91 8281113010

ആറന്മുള വള്ളസദ്യക്കായി എത്തുന്നവർക്ക് ആറന്മുള കണ്ണാടിയും സ്വന്തമാക്കാം. പരമ്പരാഗത ആറന്മുള കണ്ണാടി ശില്പി കുടുംബാംഗമായ ആർ. മുരുകൻ ആചാരിയുടെ കിഴക്കേനടയിലെ മുരുകന്റെ കട സന്ദർശിക്കാവുന്നതാണ്. കണ്ണാടിയുടെ വലിപ്പവും, ഡിസൈനും ഒക്കെ അറിയേണ്ടവരും, നേരത്തെ ബുക്ക് ചെയ്യേണ്ടവർക്കും ബന്ധപ്പെടാൻ – +91 9497103033


