ന്യൂഡൽഹി :- ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി നമീബിയ പാർലമെന്റിനെ അഭിസംബോധന ചെയ്തു സംസാരിച്ചു. ജനാധിപത്യത്തിന്റെ ക്ഷേത്രമായ ഈ സഭയെ അഭിസംബോധന ചെയ്യാൻ തനിക്ക് ലഭിച്ച വലിയ പദവിയാണിതെന്ന് അദ്ദേഹം തന്റെ പ്രസംഗത്തിൽ പറഞ്ഞു. ഈ ബഹുമതി എനിക്ക് നൽകിയതിന് ഞാൻ നിങ്ങളോട് നന്ദി പറയുന്നു. ജനാധിപത്യ മാതാവിന്റെ പ്രതിനിധിയായി ഞാൻ നിങ്ങളുടെ മുമ്പാകെയുണ്ട്. ഇന്ത്യയിലെ 140 കോടി ജനങ്ങളുടെ ഹൃദയംഗമമായ ആശംസകൾ ഞാൻ എന്നോടൊപ്പം കൊണ്ടുവരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇതിനു പുറമെ ഒരു ദരിദ്ര ആദിവാസി കുടുംബത്തിലെ മകൾ ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിന്റെ പ്രസിഡന്റായിരിക്കുന്നത് ഇന്ത്യയുടെ ഭരണഘടന കാരണമാണ്. എന്നെപ്പോലുള്ള ഒരു ദരിദ്ര കുടുംബത്തിൽ ജനിച്ച ഒരാൾക്ക് തുടർച്ചയായി മൂന്നാം തവണയും പ്രധാനമന്ത്രിയാകാൻ അവസരം ലഭിച്ചത് ഇന്ത്യൻ ഭരണഘടനയുടെ ശക്തി കൊണ്ടാണ്. ഒന്നുമില്ലാത്തവന് ഭരണഘടനയുടെ ഉറപ്പുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

സ്വാതന്ത്ര്യസമരത്തിൽ നമീബിയയ്‌ക്കൊപ്പം ഇന്ത്യൻ ജനത അഭിമാനത്തോടെ നിലകൊണ്ടു. നമ്മുടെ സ്വാതന്ത്ര്യത്തിന് മുമ്പുതന്നെ ഐക്യരാഷ്‌ട്രസഭയിൽ ഇന്ത്യ, തെക്ക്- പടിഞ്ഞാറൻ ആഫ്രിക്കയുടെ വിഷയം ഉന്നയിച്ചിരുന്നു. നമീബിയയിലെ യുഎൻ സമാധാന സേനയെ നയിച്ചത് ഒരു ഇന്ത്യൻ ലെഫ്റ്റനന്റ് ജനറൽ ദിവാൻ പ്രേം ചന്ദായിരുന്നു. വാക്കുകളിൽ മാത്രമല്ല പ്രവൃത്തിയിലും ഇന്ത്യ നിങ്ങളോടൊപ്പം നിൽക്കുന്നതിൽ അഭിമാനിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
കൂടാതെ നമ്മുടെ ജനങ്ങൾ തമ്മിലുള്ള സൗഹൃദത്തിന്റെ പ്രതീകമായി നമീബിയയുടെ പരമോന്നത സിവിലിയൻ അവാർഡ് ലഭിച്ചതിൽ ഞാൻ അങ്ങേയറ്റം അഭിമാനിക്കുന്നു. നമീബിയയിലെ മനോഹരമായ സസ്യങ്ങളെപ്പോലെ, നമ്മുടെ സൗഹൃദം കാലത്തിന്റെ പരീക്ഷണത്തെ അതിജീവിച്ചു. നിങ്ങളുടെ ദേശീയ സസ്യമായ വെൽവിറ്റ്ഷിയ മിറാബിലിസിനെപ്പോലെ, അത് കാലത്തിന് അനുസരിച്ച് കൂടുതൽ ശക്തമായി വളരുന്നുവെന്നും തന്റെ പ്രസംഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു.


