തിരുവല്ല – ഹരിത കേരളം മിഷന്റെ ജലസംരക്ഷണ ഉപമിഷന്റെ ഭാഗമായി പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിലും ഗ്രാമപഞ്ചായത്തുകളിലും ജല ബജറ്റ് തയ്യാറാക്കുന്നു. ജലബജറ്റ് പ്രവർത്തനങ്ങൾക്ക് മുന്നോടിയായി ബ്ലോക്ക്തല സാങ്കേതിക സമിതി യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ അനു ഉദ്ഘാടനം ചെയ്തു. ജലബജറ്റിനെ കുറിച്ച് ഹരിത കേരളം മിഷൻ ജില്ലാ കോഡിനേറ്റർ ജി അനിൽകുമാർ വിശദീകരിച്ചു. ജലലഭ്യതയും വിനിയോഗവും വിലയിരുത്താൻ ഉപയോഗിക്കാവുന്ന ശാസ്ത്രീയ ഉപാധിയാണ് ജലബജറ്റ്. പ്രദേശത്തെ ജലസ്രോതസുകളുടെ പരിപാലനം ഉറപ്പാക്കി വിവിധ ആവശ്യങ്ങൾക്ക് സുസ്ഥിരമായ ജലവിതരണം സാധ്യമാക്കുന്നതിന് ഏറെ സഹായകരമാണ് ജലബജറ്റ്. ബ്ലോക്ക് പരിധിയിൽ വരുന്ന എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും സമയബന്ധിതമായി ജലബജറ്റ് പ്രവർത്തനങ്ങൾ പൂർത്തിയാക്കും.
നെടുമ്പ്രം പഞ്ചായത്ത് പ്രസിഡന്റ് ടി. പ്രസന്നകുമാരി, നിരണം പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോർജ്, ജനപ്രതിനിധികൾ, ബ്ലോക്ക് ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥർ, വിവിധ വകുപ്പുകളിലെ ജില്ലാ ബ്ലോക്ക് തല ഉദ്യോഗസ്ഥർ, ഹരിത കേരളം മിഷൻ റിസോഴ്‌സ് പേഴ്‌സൺ തുടങ്ങിയവർ പങ്കെടുത്തു.

ചിത്രം :ജലബജറ്റ്
ജലബജറ്റ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രസിഡന്റ് സി.കെ അനുവിന്റെ നേതൃത്വത്തിൽ പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിൽ ചേർന്ന യോഗം


