‘മാർക്കോ’ ചിത്രത്തിന് ശേഷം ക്യൂബ്‌സ് എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ആന്റണി വർഗീസ് പെപ്പെയെ നായകനാക്കി ഷരീഫ് മുഹമ്മദ് നിർമിച്ച് നവാഗതനായ പോൾ ജോർജ്ജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘കാട്ടാളനി’ൽ അതിശയിപ്പിക്കുന്ന വേഷപ്പകർച്ചയിൽ എത്തുകയാണ് ജഗദീഷും സിദ്ധിഖും. നാലുപതിറ്റാണ്ടിലേറെ നീണ്ട ഇരുവരുടേയും കരിയറിൽ തന്നെ ഏറെ പ്രാധാന്യമുള്ള കഥാപാത്രങ്ങളായിരിക്കും ചിത്രത്തിലേതെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന.
അടുത്ത കാലത്തിറങ്ങിയ ഒരു സിനിമയിൽ പോലും ജഗദീഷും സിദ്ധിഖും അവതരിപ്പിച്ച കഥാപാത്രങ്ങൾ ചർച്ചയാകാതെ പോയിട്ടില്ല. ഓരോ സിനിമകളിലും വേറിട്ട വേഷപ്പകർച്ചകളിൽ അമ്പരപ്പിക്കുന്ന അഭിനയ മികവിൽ രണ്ടുപേരും എത്താറുണ്ട്. ഇക്കുറിയും വിസ്മയിപ്പിക്കാൻ തന്നെയാണ് ഇവരുടേയും വരവെന്നാണ് മനസ്സിലാക്കാനാകുന്നത്.
നാലുപതിറ്റാണ്ടിലേറെയായി 400-ലേറെ സിനിമകളുടെ ഭാഗമായിതീർന്ന ജഗദീഷിനെ ‘മിസ്റ്റർ കൺസിസ്റ്റന്റ്’ എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് ‘കാട്ടാളൻ’ സിനിമയുടെ ലോകത്തേക്ക് ക്യൂബ്‌സ് എന്റർടെയ്ൻമെന്റ്‌സ് സ്വാഗതം ചെയ്തിരിക്കുന്നത്. 1984-ൽ പുറത്തിറങ്ങിയ ‘മൈ ഡിയർ കുട്ടിച്ചാത്തൻ’ എന്ന ചിത്രത്തിലൂടെ തന്റെ സിനിമാ കരിയർ ആരംഭിച്ച നടനാണ് ജഗദീഷ്. പിന്നീട് സഹനടനായും ഹാസ്യതാരമായും നായകനായുമൊക്കെ നിരവധി മികച്ച സിനിമകളുടെ ഭാഗമാകാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. വില്ലനായും സ്വഭാവനടനായുമൊക്കെ ഏറെ ശ്രദ്ധനേടിയ സിനിമകളുടെ ഭാഗമാണ് കഴിഞ്ഞ കുറച്ചു നാളുകളായി ജഗദീഷ്. ‘മാർക്കോ’യിലെ ടോണി ഐസക് എന്ന മികവുറ്റ വേഷത്തിന് ശേഷം തങ്ങളുടെ പുതിയ സിനിമയായ ‘കാട്ടാളനി’ലും ജഗദീഷിനെ അടിമുടി വ്യത്യസ്തമായ ലുക്കിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ക്യൂബ്‌സ് എന്റർടെയ്ൻമെന്റ്‌സ്. ‘മാർക്കോ’, ‘ഓഫീസർ ഓൺ ഡ്യൂട്ടി’, ‘എആർഎം’, ‘വാഴ’, ‘അബ്രഹാം ഓസ്ലർ’, ‘ഗുരുവായൂർ അമ്പലനടയിൽ’ തുടങ്ങി ഒട്ടേറെ വിജയസിനിമകളുടെ ഭാഗമായിരുന്നു അദ്ദേഹം. ‘കാട്ടാളനി’ൽ അദ്ദേഹം എത്താനൊരുങ്ങുമ്പോൾ പ്രേക്ഷകർ ഏറെ ആകാംക്ഷയിലാണ്.


