ന്യൂഡൽഹി – ഹെലികോപ്ടർ ലാൻഡ് ചെയ്തത് നടുറോഡിൽ. ഉത്തരാഖണ്ഡിലെ ഗുപ്തകാശിയിലാണ് അഞ്ച് യാത്രക്കാരുമായി ഹെലികോപ്റ്റർ എമർജൻസി ലാൻഡിംഗ് നടത്തിയത്. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. കേഥാർനാഥ് ധാമിലേക്ക് പോകുകയായിരുന്നു ഹെലികോപ്റ്റർ. ടേക്കോഫ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് സാങ്കേതിക തകരാറുണ്ടെന്ന് കണ്ടെത്തിയത്. ഇതോടെ എമർജൻസി ലാൻഡിംഗ് വേണ്ടിവന്നു.പൈലറ്റിന്റെ സമയോചിത ഇടപെടൽ കാരണമാണ് വൻ അപകടം ഒഴിവായത്. സാങ്കേതിക തകരാർ മൂലം റോഡിന്റെ നടുവിൽ അടിയന്തരമായി ഹാർഡ് ലാൻഡ് ചെയ്തത്.

കളക്ടീവ് കൺട്രോളിന് തകരാർ സംഭവിച്ചതായി പൈലറ്റ് ക്യാപ്റ്റൻ ആർ.പി.എസ് സോധി റിപ്പോർട്ട് ചെയ്യുകയും ഹെലിപാഡിന് തൊട്ടുതാഴെയുള്ള റോഡിൽ നിയന്ത്രിത ലാൻഡിങ് നടത്തുകയുമായിരുന്നു. ക്രസ്റ്റൽ ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡിന്റെ ഹെലികോപ്റ്ററിനാണ് സാങ്കേതിക തകരാറുകൾ സംഭവിച്ചതെന്നും യഥാസമയം തകരാർ തിരിച്ചറിഞ്ഞ പൈലറ്റ് സമീപത്തെ ഒഴിഞ്ഞ റോഡിൽ അടിയന്തര ലാൻഡിങ് നടത്തുകയായിരുന്നുവെന്നും ജില്ലാ ടൂറിസം ഡിവലപ്‌മെന്റ് ഓഫീസറും ഹെലി സർവീസ് നോഡൽ ഓഫീസറുമായ രാഹുൽ ചൗബെ വ്യക്തമാക്കി. ഹെലികോപ്ടറിന്റെ വാൽഭാഗം വന്നിടിച്ച് റോഡരികിൽ പാർക്ക് ചെയ്തിരുന്ന ഒരു വാഹനത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ബന്ധപ്പെട്ട അധികൃതർ ഹെലികോപ്റ്റർ റോഡിൽ നിന്ന് മാറ്റി ഗതാഗത തടസ്സം ഒഴിവാക്കിയിട്ടുണ്ട്.
What do you feel about this post?
Like
Love
Happy
Haha
Sad

