പത്തനംതിട്ട: അതിരു തർക്കത്തിന്റെ പേരിൽ അയൽവാസികൾ അതിക്രൂരമായി മർദിച്ച ദളിത് കുടുംബത്തെ കള്ളക്കേസ് ചുമത്തി പ്രതികളാക്കി ജയിലിൽ അടച്ചുവെന്ന് പരാതി. തങ്ങളെ മർദിച്ചവർക്കെതിരേ നിസാര വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തതെന്നും സി.പി.എം ഇടപെടലിനെ തുടർന്ന് പോലീസ് അന്വേഷണം അട്ടിമറിച്ചുവെന്നും കുടുംബാംഗങ്ങൾ പത്രസമ്മേളനത്തിൽ ആരോപിച്ചു. ഏറത്ത് പഞ്ചായത്ത് 10-ാം വാർഡിൽ പുതുശേരിഭാഗം മണിയാറ്റിൽ പുത്തൻ വീട്ടിൽ സുനിൽകുമാർ, ഭാര്യ ജാസ്മിൻ, മകൻ പ്രജിത്ത്, സുരാജ് ഭവനിൽ അശ്വിൻ എന്നിവർക്കാണ് കഴിഞ്ഞ രണ്ടിന് ഉച്ച കഴിഞ്ഞ് രണ്ടരയോടെ മർദനമേറ്റത്. അയൽവാസികളായ പാലവിളയിൽ വീട്ടിൽ ബിജു, ഷാജി, ജോളി, അജിൻ, ലിജി എന്നിവർ ചേർന്ന് വടിയുമായി ആക്രമിക്കുകയായിരുന്നു. റോഡിലൂടെ വന്ന പ്രജിനെയും അശ്വിനെയും ആണ് ആദ്യം ആക്രമിച്ചത്. തടസം പിടിക്കാൻ ചെന്ന സുനിൽകുമാറിന് തലയ്ക്ക് കമ്പു കൊണ്ട് അടിയേറ്റു. മർദനമേറ്റ് ചികിൽസ തേടി അടൂർ ജനറൽ ആശുപത്രിയിൽ ചെന്ന തങ്ങളെ മഹർഷിക്കാവിൽ നിന്ന് വന്ന സംഘം അഡ്മിറ്റ് ചെയ്യാൻ പാടില്ലെന്ന് പറഞ്ഞു തടഞ്ഞു. ഇതു കാരണം ഡോക്ടർ ഡിസ്ചാർജ് എഴുതി തന്ന് വീട്ടിൽ വിട്ടു. വൈകിട്ട് ഏനാത്ത് സ്‌റ്റേഷനിൽ പരാതി നൽകി. പിറ്റേന്ന് രാവിലെ പരാതിയുടെ രസീത് വാങ്ങാൻ സ്‌റ്റേഷനിൽ ചെന്ന മാതാവിനോട് മക്കളെ സാക്ഷി പറയാൻ വിളിച്ചു വരുത്താൻ നിർദേശിച്ചു. അത് പ്രകാരം സ്‌റ്റേഷനിൽ ചെന്ന ഭർത്താവിനെയും മകനെയും കൂട്ടുകാരനെയും പ്രതികളാക്കി അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. സി.പി.എം നേതാക്കൾ ഇടപെട്ടതിനെ തുടർന്നാണ് പോലീസ് ഗൗരവമേറിയ വകുപ്പുകൾ ചുമത്തിയതെന്ന് അയ്യൻകാളി പുലയൻ മഹാസഭ സംസ്ഥാന ഉപാധ്യക്ഷൻ രവീന്ദ്രൻ മാങ്കൂട്ടം പറഞ്ഞു. സമുദായ സംഘടനാ നേതാക്കൾ ഇടപെട്ടത് കൊണ്ടു മാത്രമാണ് എതിർകക്ഷികൾക്കെതിരേ എഫ്.ഐ.ആർ ഇട്ടത്. പക്ഷേ, നിസാര വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
പ്രതികൾക്കെതിരേ പട്ടികജാതി പീഡന നിരോധന നിയമപ്രകാരമുള്ള വകുപ്പുകൾ ചേർത്ത് കേസ് രജിസ്റ്റർ ചെയ്യണമെന്നും അല്ലാത്ത പക്ഷം സമുദായ സംഘടന പ്രക്ഷോഭം ഏറ്റെടുക്കുമെന്നും രവീന്ദ്രൻ മാങ്കൂട്ടം പറഞ്ഞു. എൽ.ഡി.എഫ് സർക്കാരിന് കീഴിൽ ദളിത് വിഭാഗങ്ങൾക്ക് നേരെ അതിക്രമം പെരുകുകയാണെന്നും കള്ളക്കേസുകൾ അടൂർ മേഖലയിൽ ധാരാളമായി വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജാസ്മിൻ, സുനിൽകുമാർ, പ്രജിത്ത്, അശ്വിൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.


