പത്തനംതിട്ട – കൂടൽ വൊക്കേഷണൽ ഹയർസെക്കൻഡറി പ്യൂണായ മുതുപേഴുങ്കൽ സ്വദേശി ബെജിയേയാണ് (52) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. എലിമുള്ളംപ്ലാക്കലിലെ സർക്കാർ സ്‌കൂളിലാണ് ബെജി നേരത്തെ ജോലി ചെയ്തിരുന്നത്. അപകീർത്തികരമായ പ്രചരണം നടത്തിയെന്നാരോപിച്ച് അവിടുത്തെ പ്രധാനാദ്ധ്യാപിക ബെജിക്കെതിരേ പോലീസിൽ പരാതി നൽകുകയും തുടർന്ന് ഇദ്ദേഹത്തിനെതിരേ കേസെടുക്കുകയും ചെയ്തിരുന്നു. അദ്ധ്യാപിക അഴിമതിക്കാരിയാണെന്ന് ആരോപിച്ച് ബെജി വിദ്യാഭ്യാസ വകുപ്പിലേക്ക് കത്തുകൾ അയച്ചുവെന്നും അത് മാനഹാനിയുണ്ടാക്കിയെന്നുമാണ് പരാതി.
കേസുമായി ബന്ധപ്പെട്ട് ഇരുകൂട്ടരെയും പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. എന്നാൽ അന്ന് സിഐ സ്ഥലത്ത് ഇല്ലാതിരുന്നതിനാൽ അത്യാവശ്യ കാര്യങ്ങൾ ചോദിച്ചറിഞ്ഞ ശേഷം മറ്റൊരു ദിവസം വരാൻ ആവശ്യപ്പെട്ടു. അതിന് ശേഷം ബെജിയെ കാണാതാവുകയായിരുന്നു. രണ്ടു ദിവസത്തെ അന്വേഷണത്തിന് ശേഷം ശനിയാഴ്ച രാവിലെ ഊട്ടുപാറയിലെ ഒരു പറമ്പിലെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക.
Toll free helpline number: 1056, 0471-2552056


