ജർമ്മനിയിലെ 250 നേഴ്സിംഗ് ഒഴിവുകൾ: നോർക്ക ട്രിപ്പിൾവിൻ അഭിമുഖങ്ങൾക്ക് കൊച്ചിയിൽ തുടക്കമായി

Health Kerala
Print Friendly, PDF & Email

കൊച്ചി – കേരളത്തിൽ നിന്നും ജർമ്മനിയിലേയ്ക്കുളള നേഴ്സിംഗ് റിക്രൂട്ട്മെന്റ് പദ്ധതിയായ നോർക്ക ട്രിപ്പിൾവിൻ കേരളയുടെ ഏഴാം എഡിഷനിലേക്കൂള്ള അഭിമുഖങ്ങൾക്ക് കൊച്ചിയിൽ തുടക്കമായി. ചൊവ്വാഴ്ച (മെയ് 20ന്) കൊച്ചിയിൽ ആരംഭിച്ച അഭിമുഖം മെയ് 23 നും മെയ് 26 ന് തിരുവനന്തപുരത്ത് ആരംഭിക്കുന്ന അഭിമുഖങ്ങൾ മെയ് 29 നും പൂർത്തിയാകും. ജർമനിയിലെ ഹോസ്പിറ്റലുകളിലേയ്ക്ക് 250 നഴ്സുമാരെയാണ് ഏഴാം എഡിഷനിൽ തിരഞ്ഞെടുക്കുന്നത്. അപേക്ഷ നൽകിയ 4200 അപേക്ഷകരിൽ നിന്നും ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള ഉദ്യോഗാർഥികളെ ജർമനിയിലെ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസിയുടെ കീഴിലുള്ള പ്ലേയ്സ്‌മെന്റ് ഉദ്യോഗസ്ഥന്മാർ നേരിട്ടെത്തിയാണ് അഭിമുഖം നടുത്തുന്നത്. പ്ലേസ്‌മെന്റ് ഓഫീസർ ക്രിസ്ത്യാനാ സോമിയായുടെ നേതൃത്വത്തിൽ നടക്കുന്ന അഭിമുഖത്തിൽ നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് വിഭാഗം പ്രതിനിധികളും ജർമ്മൻ ഏജൻസി ഫോർ ഇൻറർനാഷണൽ കോ-ഓപ്പറേഷൻ (GIZ) പ്രതിനിധികളും പങ്കെടുത്തു.

തിരഞ്ഞെടുക്കപ്പെടുന്നവർ ഗോയ്ഥെ ഇൻസ്റ്റിറ്റ്യൂട്ടിൽ ജർമ്മൻ ഭാഷാ പരിശീലനത്തിൽ (ബി-1 വരെ) പങ്കെടുക്കേണ്ടതാണ്. ഒൻപതു മാസത്തോളം നീളുന്ന ഈ പരിശീലനം പൂർണമായും സൗജന്യമായിരിക്കും. ജർമ്മനിയിൽ നിയമനത്തിനുശേഷം ബി.2 ലെവൽ പരിശീലനവും ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വിമാന ടിക്കറ്റ് ഉൾപ്പടെയുളള എല്ലാ ചെലവുകളും സൗജന്യമാണ്. ആദ്യ ചാൻസിൽ എ2 അല്ലെങ്കിൽ ബി1 പാസാവുന്നവർക്ക് 250 യൂറോ ബോണസിനും അർഹതയുണ്ട്. രജിസ്റ്റേർഡ് നഴ്സ് ആകുന്ന മുറയ്ക്ക് കുടുബാംഗങ്ങളേയും കൂടെ കൊണ്ട് പോകുവാനുളള അവസരമുണ്ട്. കേരളീയരായ ഉദ്യോഗാർത്ഥികൾക്ക് മാത്രമാകും ട്രിപ്പിൾ വിൻ പദ്ധതിയിലേക്ക് അപേക്ഷിക്കാനാവുക. നോർക്ക റൂട്ട്സും ജർമ്മൻ ഫെഡറൽ എംപ്ലോയ്മെൻറ് ഏജൻസിയും ജർമ്മൻ ഏജൻസി ഫോർ ഇൻറർനാഷണൽ കോ-ഓപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന നഴ്സിങ് റിക്രൂട്ട്മെന്റ് പദ്ധതിയാണ് ട്രിപ്പിൾ വിൻ കേരള. കൂടുതൽ വിവരങ്ങൾക്ക് നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോൾ സർവീസ്) ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *