കുടിവെള്ളം മുട്ടി വെട്ടൊഴത്തിൽ കോളനി ; പൈപ്പ് ലൈൻ തകർന്നുകിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി

Kerala Pathanamthitta

ഇലവുംതിട്ട – നെടിയകാല – പൈവഴി റോഡിൽ ജൽജീവൻ മിഷന്റെ പണിയ്‌ക്കായി കൊണ്ടു വന്ന ജെ.സി.ബിയുടെ ബക്കറ്റ്‌ തട്ടി വാട്ടർ അതോറിറ്റി പൈപ്പ്‌ ലൈൻ തകർന്നു. ഇതിലൂടെ വെള്ളം പാഴാകാൻ തുടങ്ങിയിട്ടും പ്രദേശവാസികൾക്ക്‌ കുടിവെള്ളം കിട്ടാതായിട്ടും ഒരു മാസമാകുന്നു. പഞ്ചായത്ത്‌ അംഗം വാട്ടർ അതോറിറ്റിയിൽ അടക്കം കയറിയിറങ്ങി മടുത്തിട്ടും പൈപ്പ്‌ ലൈൻ അറ്റകുറ്റപ്പണിക്ക്‌ മാത്രം നടപടിയില്ല.

മെഴുവേലി പഞ്ചായത്ത്‌ 12-ാം വാർഡായ വെട്ടൊഴത്തിൽ ഭാഗത്താണ്‌ പൈപ്പ്‌ ലൈൻ പൊട്ടിയിരിക്കുന്നത്‌. ഇവിടുത്തെ കോളനിയിൽ ജലവിതരണത്തിനായി പഞ്ചായത്ത്‌ വലിച്ചിട്ടുള്ള ലൈനാണിത്‌. വേനൽക്കാലത്ത്‌ രൂക്ഷമായ ജലക്ഷാമം അനുഭവപ്പെടുന്ന പ്രദേശമാണിത്‌. വീട്ടുകാരെല്ലാം പൈപ്പ്‌ ലൈനിനെ ആശ്രയിച്ചു കഴിയുന്നവരാണ്‌. ഇതിനിടെയാണ്‌ പണിക്ക്‌ വന്ന ജെ.സി.ബിക്കാരന്റെ അശ്രദ്ധ മൂലം പൈപ്പ്‌ പൊട്ടിയത്‌.

പ്രധാന വിതരണക്കുഴലാണ്‌ പൊട്ടിയത്‌. ഇതിൽ നിന്ന്‌ വലിയ തോതിൽ വെള്ളം പുറത്തേക്ക്‌ ഫൗണ്ടൻ പോലെ ചീറ്റിത്തെറിക്കുകയാണ്‌. റോഡിലൂടെ നടന്നു പോകുന്നവരുടെ ശരീരത്തിലേക്ക്‌ വെള്ളം തെറിക്കാതിരിക്കാൻ വേണ്ടി നാട്ടുകാർ കല്ലെടുത്ത്‌ വച്ച്‌ വിടവ്‌ അടച്ചു. ഇപ്പോൾ ഈ കല്ലു കാരണമാണ്‌ പൈപ്പ്‌ ലൈൻ പൊട്ടിയത്‌ എന്നാണ്‌ പ്രചാരണം.

തങ്ങൾ പരാതി പറഞ്ഞു മടുത്തുവെന്ന്‌ പ്രദേശവാസികൾ പറയുന്നു. വാട്ടർ അതോറിറ്റി കരാറുകാരനോട്‌ വിവരം പറഞ്ഞപ്പോൾ തനിക്ക്‌ ചെയ്‌ത പണിയുടെ കാശ്‌ കിട്ടാനുണ്ടെന്നും അതിനാൽ അറ്റകുറ്റപ്പണി നടക്കില്ലെന്നുമാണ്‌ പറഞ്ഞത്‌. പ്രദേശവാസികൾ സംഘടിച്ച്‌ പഞ്ചായത്തിൽ പരാതി നൽകിയിരുന്നു. പ്രസിഡന്റും വാർഡ്‌ അംഗവും അടക്കം കരാറുകാരനോട്‌ സംസാരിച്ചെങ്കിലും നന്നാക്കാൻ കഴിയില്ല എന്ന നിലപാടിലാണെന്ന്‌ പറഞ്ഞു.

വാട്ടർ അതോറിറ്റി അധികൃതരെ നേരിൽ വിഷയം ധരിപ്പിച്ചതാണെന്ന്‌ വാർഡ്‌ അംഗം ശ്രീദേവി ടോണി പറഞ്ഞു. അധികൃതർ സ്‌ഥലത്തു വന്നു നോക്കി മടങ്ങിയതല്ലാതെ യാതൊന്നും ചെയ്‌തില്ല. വാട്ടർ അതോറിറ്റി ഉദ്യോഗസ്‌ഥർ പങ്കെടുത്ത കോൺഫറൻസിലും ഇക്കാര്യം അവതരിപ്പിച്ചെങ്കിലും യാതൊരു നടപടിയുമുണ്ടായിട്ടില്ലെന്ന്‌ വാർഡ്‌ അംഗം പറഞ്ഞു.

ദിവസവും ലിറ്റർ കണക്കിന്‌ വെള്ളമാണ്‌ റോഡിലൂടെ വെറുതേ ഒഴുകിപ്പോകുന്നത്‌ എന്ന്‌ പ്രദേശവാസികൾ പറഞ്ഞു. തങ്ങൾക്ക്‌ കുടിക്കാനോ മറ്റ്‌ ആവശ്യങ്ങൾക്കോ വെള്ളം കിട്ടാത്തപ്പോഴാണ്‌ വെറുതേ പാഴായിപ്പോകുന്നത്‌. എല്ലാ വകുപ്പുകളുടെയും ഭാഗത്ത്‌ നിന്ന്‌ അവഗണന നേരിടുകയാണെന്നും നാട്ടുകാർ പറഞ്ഞു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *