പത്തനംതിട്ട – ‘ മൈതാനത്തേയ്ക്ക് ‘ സന്ദർശകരെ പ്രവേശിപ്പിച്ച് കായികവകുപ്പിന്റെ സ്റ്റാൾ. എന്റെ കേരളം മേളയിൽ മൈതാനത്തിന്റെ മാതൃകയിൽ രൂപകൽപ്പന ചെയ്ത സ്റ്റാളിൽ അമ്പെയ്ത്ത്, ഫുട്‌ബോൾ, ബാസ്‌ക്കറ്റ്‌ബോൾ തുടങ്ങി നിരവധി ഗെയിമുകളുടെ ചെറുമാതൃക കായിക പ്രേമികൾക്ക് ഒരുക്കിയിരിക്കുന്നു. ഫുട്‌ബോൾ ടർഫും സിന്തറ്റിക് ട്രാക്കും പ്രായഭേദമന്യേ ആകർഷണീയമാണ്. ഇലക്ട്രിക്ബസ് വയർ ഗെയിം, ത്രോയിംഗ് ടാർഗറ്റ്, ബാസ്‌കറ്റ് ബോൾ, സോഫ്റ്റ് ആർച്ചറി, സ്വിസ് ബോൾ, ബാഡ്മിന്റൺ, സ്‌കിപ്പിംഗ് റോപ്, ബാലൻസിങ്, ഫുട്ബാൾ എന്നിങ്ങനെ പട്ടിക നീളുന്നു. കുട്ടികൾക്ക് കിഡ്സ് പ്ലേഗ്രൗണ്ടാണ് മറ്റൊന്ന്. ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കാനായി ഹെൽത്തി കിഡ്സും സജ്ജീകരിച്ചിട്ടുണ്ട്. കായിക മേഖലയുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനവും വിവരവും സന്ദർശകർക്ക് ലഭിക്കും.
ആരോഗ്യ വിഷയത്തെ കുറിച്ചുള്ള വിവരത്തിനായി പ്രത്യേക വിഭാഗവുമുണ്ട്. ഉയരവും തൂക്കവും പരിശോധിച്ചു ബോഡി മാസ് അറിയാനും 18 വയസ് വരെയുള്ള കുട്ടികളുടെ ആരോഗ്യ സ്ഥിതി മനസിലാക്കുന്ന ചാർട്ടും അറിവേകും.


