നാളെ കൊടിയേറ്റം ; എന്റെ കേരളം മെഗാപ്രദർശന വിപണന കലാമേള മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – നഗരത്തിന്റെ ദിനരാത്രങ്ങൾക്ക് ഇനി ഉൽസവ ലഹരി. കാത്തിരിപ്പിന് ഇന്ന് വിരാമം. പിണറായി വിജയൻ സർക്കാരിന്റെ 9 വർഷത്തെ വികസന നേർക്കാഴ്ചയുമായി എന്റെ കേരളം മെഗാപ്രദർശന വിപണന കലാമേളയ്ക്ക് പത്തനംതിട്ട ശബരിമല ഇടത്താവളത്തിൽ നാളെ (മേയ് 16 വെള്ളി) തുടക്കം. വൈകിട്ട് 5ന് ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം നിർവഹിക്കും. നിയസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷത വഹിക്കും.

വികസ രംഗത്ത് വിപ്ലവം സൃഷ്ടിച്ച പിണറായി വിജയൻ സർക്കാരിന്റെ അസൂയാവഹമായ നേട്ടം മേയ് 22 വരെ നീളുന്ന മേളയിലുണ്ടാകും. രാവിലെ 10 മുതൽ രാത്രി 9 വരെയാണ് പ്രദർശനം. പ്രവേശനം സൗജന്യം. അസാധ്യമെന്ന് എഴുതിത്തള്ളിയ പല പദ്ധതിയും പുനർജീവിപ്പിച്ചതിന്റെ സാക്ഷ്യപ്പെടുത്തലാകും പ്രദർശന മേള. നാട്ടിലെ വികസന മുന്നേറ്റം അനാവരണം ചെയ്യുന്ന 186 ശീതികരിച്ച സ്റ്റാളുകളുണ്ട്. 5 ജർമൻ ഹാംഗറിൽ 71000 ചതുരശ്രയടിയിലാണ് പവലിയൻ. 65 ചതുരശ്രയടിയിലാണ് ഓരോ സ്റ്റാളുകളും. 660 ടൺ എസിയിലാണ് പ്രവർത്തനം. കലാ- സാംസ്‌കാരിക പരിപാടി, മെഗാ ഭക്ഷ്യമേള എന്നിവയ്ക്കായി പ്രത്യേക പവലിയൻ, ഒരേ സമയം 250 പേർക്ക് ഇരുന്ന് ഭക്ഷണം കഴിച്ച് കലാപരിപാടി വീക്ഷിക്കാം. കുടംബശ്രീക്കാണ് ഭക്ഷ്യമേളയുടെ ചുമതല. 1500 ചതുരശ്രയടിയിലുള്ള ശീതികരിച്ച മിനി സിനിമാ തിയേറ്ററാണ് മറ്റൊന്ന്. വിവിധ കാലഘട്ടത്തിലെ സിനിമ പ്രദർശിപ്പിക്കും.
രാവിലെ 10 മുതൽ രാത്രി 9 വരെ നീളുന്ന പ്രദർശനത്തിൽ കാർഷിക- വിപണന പ്രദർശന മേള, കാരവൻ ടൂറിസം ഏരിയ, കരിയർ ഗൈഡൻസ്, സ്റ്റാർട്ടപ്പ് മിഷൻ, ശാസ്ത്ര- സാങ്കേതിക പ്രദർശനം, സ്‌പോർട്‌സ് പ്രദർശനം, സ്‌കൂൾ മാർക്കറ്റ്, സൗജന്യ സർക്കാർ സേവനം, കായിക- വിനോദ പരിപാടി, പൊലിസ് ഡോഗ് ഷോ തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. പ്രവേശനം സൗജന്യം.

ഉദ്ഘാടന സമ്മേളനത്തിൽ ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ സ്വാഗതം ആശംസിക്കും. ആന്റോ ആന്റണി എംപി, എംഎൽഎമാരായ മാത്യു ടി തോമസ്, കെ യു ജനീഷ് കുമാർ, പ്രമോദ് നാരായൺ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം, പത്തനംതിട്ട നഗരസഭാ ചെയർമാൻ ടി സക്കീർ ഹുസൈൻ, ജില്ലാ പൊലിസ് മേധാവി വി ജി വിനോദ് കുമാർ, തിരുവല്ല സബ് കലക്ടർ സുമിത് കുമാർ താക്കൂർ, പത്തനംതിട്ട നഗരസഭാംഗം എസ് ഷൈലജ, എഡിഎം ബി ജ്യോതി, ഇൻഫർമേഷൻ ആന്റ് പബ്ലിക്ക് റിലേഷൻസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ വി പി അശ്വതി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി ടി ജോൺ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.

മേളയുടെ ആദ്യ ദിനമായ ഇന്ന് (മേയ് 16 വെള്ളി) വൈകിട്ട് 6.30 മുതൽ ഭാരത് ഭവൻ അവതരിപ്പിക്കുന്ന ‘നവോത്ഥാനം- നവകേരളം’ മൾട്ടിമീഡിയ ദൃശ്യാവിഷ്‌ക്കാരം. രണ്ടു മണിക്കൂറിൽ 60 ഓളം കലാകാരൻമാരുടെ പ്രതിഭാസംഗമം. ചലച്ചിത്രം, സംഗീതം, നൃത്തം, നാടകം, മൈം, ചിത്രകല തുടങ്ങിയവയുടെ ഒത്തുച്ചേരലിൽ വർത്തമാന കേരളത്തിന്റെ ഭരണ മികവ്, സാമൂഹ്യക്ഷേമം, അടിസ്ഥാന സൗകര്യ വികസനം, തൊഴിൽ, ആരോഗ്യ പരിചരണം, വിവിധ സേവനം, ദേശീയ- അന്തർ ദേശീയ നേട്ടം തുടങ്ങിയവ പരിചയപ്പെടുത്തും.
മേയ് 17 ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ മാതൃ ശിശുസംരക്ഷണം നൂതന പ്രവണതകൾ വിഷയത്തിന്റെ സെമിനാർ. ഉച്ചയ്ക്ക് 1.30 മുതൽ 3 വരെ ശേഷം ഫിഷറീസ് വകുപ്പിന്റെ സെമിനാർ. വൈകിട്ട് 6.30 മുതൽ ജില്ലയിൽ ആദ്യമായി മർസി ബാൻഡ് മ്യൂസിക് നൈറ്റ് ഷോ.

മൂന്നാം ദിനമായ മേയ് 18 ന് രാവിലെ 10 മുതൽ 1 വരെ സാമൂഹിക നീതി വകുപ്പിന്റെ നേതൃത്വത്തിൽ ഭിന്നശേഷി കുട്ടികളുടെ പ്രതിഭാ സംഗമം. വൈകിട്ട് 6.30 മുതൽ മജീഷ്യൻ സാമ്രാജ് അവതരിപ്പിക്കുന്ന സൈക്കോ മിറാക്കുള മാജിക് ഷോ.

മേയ് 19 ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ പിന്നോക്ക വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി കരിയർ ഓറിയന്റേഷൻ പ്രോഗ്രാം. ഉച്ചയ്ക്ക് 1.30 മുതൽ മൂന്നു വരെ എക്‌സൈസ് വകുപ്പിന്റെ ലഹരി വിരുദ്ധ നാടകം. വൈകിട്ട് 6.30 മുതൽ ജില്ലയിൽ ആദ്യമായി ഗ്രൂവ് ബാൻഡ് ലൈവ് മ്യൂസിക് ഷോ.

അഞ്ചാം ദിനമായ മേയ് 20 ന് വൈകിട്ട് 6.30 മുതൽ അൻവർ സാദത്ത് മ്യൂസിക് നൈറ്റ്.
മേയ് 21 ന് രാവിലെ 10 മുതൽ 1 വരെ വനിതാ ശിശു വികസന വകുപ്പിന്റെ സാംസ്‌കാരിക പരിപാടി. ഉച്ചയ്ക്ക് 1.30 മുതൽ 3 വരെ പട്ടികജാതി വികസന വകുപ്പിന്റെ വിവിധ പരിപാടി. വൈകിട്ട് 6.30 മുതൽ കനൽ നാടൻ പാട്ട്.

അവസാന ദിനമായ മേയ് 22 ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെ സാമൂഹിക നീതി വകുപ്പിന്റെ നേതൃത്വത്തിൽ സെമിനാർ- ലഹരിക്കെതിരായ ബോധവൽക്കരണം, വയോജനങ്ങൾക്ക് ഡിജിറ്റൽ സാക്ഷരത, ഗ്ലൂക്കോമീറ്റർ വിതരണം. വൈകിട്ട് 4ന് ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷനാകും. ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ സ്വാഗതം ആശംസിക്കും. ആന്റോ ആന്റണി എംപി, എംഎൽഎമാരായ മാത്യു ടി തോമസ്, കെ യു ജനീഷ് കുമാർ, പ്രമോദ് നാരായൺ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം, പത്തനംതിട്ട നഗരസഭാ ചെയർമാൻ ടി സക്കീർ ഹുസൈൻ, ജില്ലാ പൊലിസ് മേധാവി വി ജി വിനോദ് കുമാർ, തിരുവല്ല സബ് കലക്ടർ സുമിത് കുമാർ താക്കൂർ, പത്തനംതിട്ട നഗരസഭാംഗം എസ് ഷൈലജ, എഡിഎം ബി ജ്യോതി, ഇൻഫർമേഷൻ ആന്റ് പബ്ലിക്ക് റിലേഷൻസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ വി പി അശ്വതി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് ജില്ലയിൽ ആദ്യമായി സൂരജ് സന്തോഷിന്റെ ബാൻഡ് ലൈവ് ഷോ.

ചിത്രം : സ്റ്റാൾ

എന്റെ കേരളം പ്രദർശന വിപണന മേളയ്ക്ക് തയ്യാറാക്കിയ പവലിയന്റെ പ്രവേശന കവാടം

Leave a Reply

Your email address will not be published. Required fields are marked *