ഇലവുംതിട്ട – മെഴുവേലിയിൽ കൂടി പോകുന്ന കനാലിനു സമീപത്തെ പറമ്പിൽ നിന്ന് മൂന്നു ദിവസം പഴക്കം തോന്നുന്ന നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. തുടർന്ന് സമീപത്തെ വീട്ടിലെ അവിവാഹിത പോലീസ് നിരീക്ഷണത്തിൽ. മെഴുവേലി പത്തിശ്ശേരി കനാലിന് സമീപമുള്ള പറമ്പിൽ ഇന്ന് ഉച്ചയോടെയാണ് മൃതദേഹം കണ്ടത്. ചികിൽസ തേടി ചെങ്ങന്നൂർ ഉഷാ നഴ്സിങ് ഹോമിൽ ചെന്ന അവിവാഹിതയിൽ നിന്ന് കിട്ടിയ വിവരം അനുസരിച്ച് ഇലവുംതിട്ട പോലീസ് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് ഇൻക്വസ്റ്റ് നടത്തി വരികയാണ്.
ഇരുപത്തൊന്നു വയസുകാരിയാണ് വീട്ടിൽ പ്രസവിച്ചത്. കുഞ്ഞിന്റെ മരണം എങ്ങനെയാണെന്ന് അറിയാൻ പോസ്റ്റുമോർട്ടം റിപ്പോർട്ട് വേണ്ടിവരും. വീട്ടിൽ പ്രസവിച്ചതിനു ശേഷമുള്ള അസ്വസ്ഥത കാരണം യുവതി ആദ്യം കിടങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടിയെത്തി. യുവതി പ്രസവിച്ചതാണെന്ന് മനസിലാക്കിയ ആശുപത്രി അധികൃതർ ഇവിടെ പ്രവേശിപ്പിക്കാതെ പറഞ്ഞു വിട്ടു. തുടർന്നാണ് ചെങ്ങന്നൂർ അങ്ങാടിക്കലിൽ ഉളള ഉഷ നഴ്സിങ് ഹോമിലാണ് യുവതി എത്തിയത്.
യുവതി പ്രസവിച്ചതിന്റെ ലക്ഷണങ്ങൾ ശരീരത്തിൽ അവശേഷിച്ചിരുന്നതിനാൽ കുഞ്ഞ് എവിടെ എന്ന് ഡോക്ടർ തിരക്കി. യുവതി വ്യക്തമായ മറുപടി നൽകാതിരുന്നപ്പോൾ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. അതനുസരിച്ച് ഇലവുംതിട്ട പോലീസ് നടത്തിയ തെരച്ചിലിൽ തൊട്ടടുത്ത പറമ്പിൽ പുല്ലിനിടയിൽ നിന്ന് മൂന്നുദിവസം പഴക്കമുള്ള പെൺകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പോലീസ് ഇൻക്വസ്റ്റ് തയാറാക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷമേ മരണകാരണം അറിയാൻ കഴിയൂ. ഇലവുംതിട്ട പോലീസ് ഇൻസ്പെക്ടർ വിനോദ് കൃഷ്ണന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. യുവതി ആശുപത്രിയിൽ ചികിൽസയിലാണ്.


