പത്തനംതിട്ട: റബ്ബർ തോട്ടത്തിൽ ശരീരത്ത് പരുക്കുകളോടെ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. സൈക്കിളിൽ നിന്ന് വീണതാണെന്ന് സംശയിക്കുന്നു. കുമ്പളത്താമൺ ചരിവുകാലായിൽ ജയ്‌സിംഗ് (68) ആണ് മരിച്ചത്. മൃതദേഹത്തിന് അരികിൽ ഇദ്ദേഹം സഞ്ചരിച്ച സൈക്കിളും വീണുകിടക്കുന്ന നിലയിൽ കണ്ടെത്തി. വടശേരിക്കര മനോരമ ജംഗ്‌ഷനിൽ നിന്നുളള റോഡിൽ കുമ്പളത്താമൺ ജങ്ഷന് സമീപം താഴ്ചയിലേക്ക് സൈക്കിൾ മറിഞ്ഞാണ് അപകടം എന്നാണ് പ്രാഥമിക നിഗമനം. ഇന്ന് വൈകിട്ട് നാലു മണിയോടെ ഇതു വഴി പോയവർ സൈക്കിൾ മറിഞ്ഞു കിടക്കുന്നത് കണ്ട് നടത്തിയ പരിശോധനയിലാണ് ജയ്‌സിംഗിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കടയിൽ പോയി സാധനം വാങ്ങി വരുന്ന വഴിയാണ് അപകടം നടന്നിരിക്കുന്നത്. ഇദ്ദേഹം വീണ ഭാഗത്ത് ധാരാളം പാറക്കല്ലുകൾ ഉണ്ട്. വീഴ്ചയുടെ ആഘാതത്തിൽ കല്ലിൽ തലയിടിച്ച് മരിച്ചതാകാനുള്ള സാദ്ധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. മുഖത്താകമാനം പരുക്കുണ്ട്. മൃതദേഹം പോലീസെത്തി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് മലയാലപ്പുഴ എസ്.എച്ച്.ഓ കെ.എസ്. വിജയൻ പറഞ്ഞു.

What do you feel about this post?
Like
Love
Happy
Haha
Sad

