ഓൾ ഇന്ത്യാ ടൂറിസ്റ്റ് പെർമിറ്റ് ബസുകൾക്ക് സംസ്ഥാനത്ത് വീണ്ടുമൊരു റോഡുനികുതി ഈടാക്കണ്ടാ എന്ന് കേന്ദ്രം ; ഹൈക്കോടതിയെ സമീപിക്കാനുള്ള കേരള സർക്കാരിന്റെ തീരുമാനം ബുദ്ധിശൂന്യതയെന്ന റോബിൻ ബസുടമ

Kerala Trivandrum
Print Friendly, PDF & Email

തിരുവനന്തപുരം – ഓൾ ഇന്ത്യാ ടൂറിസ്റ്റ് പെർമിറ്റ് ബസുകൾക്ക് സംസ്ഥാനത്ത് റോഡുനികുതി ഈടാക്കുന്നത് കേന്ദ്രസർക്കാർ തടഞ്ഞു. നികുതി സ്വീകരിക്കാൻ ഉപയോഗിച്ചിരുന്ന ‘വാഹൻ’ സോഫ്റ്റ്‌വെയറിന്റെ നിയന്ത്രണം മുതലെടുത്താണ് കേന്ദ്ര നടപടി. ഈ സോഫ്ട്‍വെയറിന്റെ നിയന്ത്രിക്കുന്ന നാഷണൽ ഇന്റഫർമാറ്റിക് സെന്ററിന് (എൻഐസി) നികുതിപിരിവ് നിർത്താൻ ഉപരിതല ഗതാഗതമന്ത്രാലയം കത്ത് നൽകി. സ്വകാര്യ ബസ്സുടമകൾ കേന്ദ്രമന്ത്രി നിതിൻഗഡ്കരിക്ക് നൽകിയ നിവേദനത്തെത്തുടർന്നാണ് നടപടി.

ഇതുവരെ സംസ്ഥാന ഗതാഗതവകുപ്പിന്റെ നിർദേശപ്രകാരമാണ് എൻഐസി നികുതിഘടന നിശ്ചയിച്ചിരുന്നത്. റോഡുനികുതി നിശ്ചയിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ടെന്ന ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് രണ്ടു വർഷംമുൻപ് എഐടിപി വാഹനങ്ങളിൽ നിന്ന് നികുതി ഈടാക്കിത്തുടങ്ങിയത്. വിവിധ സംസ്ഥാനങ്ങളിലെ വ്യത്യസ്ത റോഡുനികുതി ഘടന വിനോദസഞ്ചാരികൾക്ക് തടസ്സമാകുന്നത് ഒഴിവാക്കാൻ 2021-ലാണ് കേന്ദ്രസർക്കാർ എഐടിപി സംവിധാനം കൊണ്ടുവന്നത്. ഇവയ്ക്ക് സംസ്ഥാനങ്ങളിൽ പ്രത്യേക നികുതി അടയ്‌ക്കേണ്ടെന്നാണ് കേന്ദ്രനിർദേശം.

ഓൾ ഇന്ത്യ ടൂറിസ്റ്റ് ബസ്സുകൾക്ക് സംസ്ഥാനം നികുതി പിരിക്കണ്ടെന്ന കേന്ദ്ര നിലപാടിനെതിരെ കേരളം ഹൈക്കോടതിയിലേക്ക്…

കൊച്ചി – ഓൾ ഇന്ത്യാ ടൂറിസ്റ്റ് പെർമിറ്റ് ബസുകൾക്ക് സംസ്ഥാനങ്ങൾ വീണ്ടുമൊരു നികുതി ഏർപ്പെടുത്തിയത് കേന്ദ്രം തടഞ്ഞു. കേന്ദ്രത്തിന്റെ ഈ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാൻ കേരളാ ഗതാഗതവകുപ്പിന് നിയമോപദേശം ലഭിച്ചു. റോഡുനികുതി ഈടാക്കാൻ സംസ്ഥാനത്തിന് അധികാരമുണ്ടെന്നും അത് തടയാൻ കേന്ദ്രത്തിന് അധികാരമില്ലെന്നുമാണ് വിലയിരുത്തൽ. സമാന സാഹചര്യത്തിൽ ഹിമാചൽപ്രദേശ് സർക്കാരും നികുതിയീടാക്കാൻ അടുത്തിടെ പ്രത്യേക സോഫ്റ്റ്‌വെയർ ഉണ്ടാക്കിയിരുന്നു.

ഓൾ ഇന്ത്യാ ടൂറിസ്റ്റ് പെർമിറ്റ് ബസുകൾ അന്തർസംസ്ഥാന പാതകളിൽ റൂട്ട് ബസുകൾ പോലെ ( റോബിൻ അടക്കം ) ഓടിയത് കെഎസ്ആർടിസിക്ക് ഭീഷണിയായിരുന്നു. തുടർന്നാണ് സംസ്ഥാനത്ത് റോഡുനികുതി ചുമത്താൻ തീരുമാനിച്ചത്. മൂന്നുമാസ നികുതി അടച്ചാൽ മാത്രമേ കേരളത്തിലേക്ക് പുറത്തുനിന്നു വരുന്ന ബസുകളെ കടത്തിയിരുന്നുള്ളൂ. സീറ്റ് അടിസ്ഥാനമാക്കി 35,000 മുതൽ 41,000 രൂപവരെ നികുതി വാങ്ങിയിരുന്നു. സ്ലീപ്പർ ബസ്സുകൾക്ക് മൂന്നിരട്ടിയും.

2018 മുതൽ ദേശീയ ശൃംഖലയുടെ ഭാഗമായ വാഹൻ സോഫ്റ്റ്‌വെയറാണ് സംസ്ഥാനം ഉപയോഗിക്കുന്നത്. ഇതുവരെ സംസ്ഥാനത്തിന്റെ വരുമാനം തടയുന്ന നീക്കം കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടായിരുന്നില്ല. സംസ്ഥാനത്തിന്റെ അധികാരത്തിലേക്കുള്ള കടന്നുകയറ്റമായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്.

സർക്കാർ നീക്കത്തിന് നിയമപരിരക്ഷ ലഭിക്കില്ല എന്ന് റോബിൻ ബസുടമ .
കോടതിയെ സമീപിക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനം ബുദ്ധിശൂന്യതയാണെന്ന് ഈ വിഷയത്തിൽ നേരത്തേ സർക്കാരുമായി തർക്കമുണ്ടായിരുന്ന റോബിൻ ബസ് ഉടമ ഗിരീഷ് പറഞ്ഞു. സർക്കാർ നീക്കത്തിന് നിയമപരിരക്ഷ ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ടൂറിസ്റ്റ് ബസുകൾക്ക് അന്തർ സംസ്ഥാന സർവ്വീസുകൾ യഥേഷ്ടം നടത്താൻ കേന്ദ്ര സർക്കാരിന്റെ ഈ നടപടിയിലൂടെ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *