പത്തനംതിട്ട – നായ കടിച്ചതിനെത്തുടർന്ന് വാക്സിൻ എടുത്ത ശേഷവും പേവിഷബാധയേറ്റ സംഭവം പത്തനംതിട്ടയിലും. കഴിഞ്ഞ ഏപ്രിൽ ഒൻപതിന് 13 കാരി മരിച്ചത് പേവിഷ ബാധയെ തുടർന്നാണെന്ന് സ്ഥിരീകരിച്ചു. പത്തനംതിട്ട പുല്ലാട് സ്വദേശിനി ഭാഗ്യലക്ഷ്മി ആണ് പേബിഷബാധയേറ്റതിനെ തുടർന്ന് മരിച്ചത്. ഡിസംബർ 13 നാണ് കുട്ടിയെ നായ കടിച്ചത്. ജില്ലാ ആശുപത്രിയിൽ വാക്സിൻ പൂർത്തിയാക്കിയിട്ടും ഏപ്രിൽ മൂന്നിന് കുട്ടി പേവിഷ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഏപ്രിൽ 9നാണ് കുട്ടി മരിച്ചത്. പബ്ലിക് ഹെൽത്ത് ലാബിലെ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. കുട്ടിയെ കടിച്ച നായ മൂന്നാം നാൾ ചത്തു. നായയുടെ പോസ്റ്റുമോർട്ടത്തിൽ പേവിഷബാധ സ്ഥിരീകരിച്ചിരുന്നു. ആരോഗ്യവകുപ്പ് തിരിഞ്ഞു നോക്കിയില്ലെന്ന് കുട്ടിയുടെ അച്ഛൻ ആരോപിക്കുന്നു. നാരങ്ങാനം പഞ്ചായത്തും ആരോഗ്യവകുപ്പും നടപടികൾ സ്വീകരിച്ചില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്.
What do you feel about this post?
Like
Love
Happy
Haha
Sad

