ഗുജറാത്തിൽ 30 കൊല്ലം ഉണ്ടായിരുന്നിട്ടും അദാനി ഇതു പോലൊന്ന് ഉണ്ടാക്കിയില്ല ; പ്രധാനമന്ത്രി രാഷ്ട്രീയം പറഞ്ഞത് മലയാളത്തിൽ പറയാതെ പരിഭാഷകൻ

India Kerala
Print Friendly, PDF & Email

തിരുവനന്തപുരം : വിഴിഞ്ഞം അന്തർദേശീയ തുറമുഖ കമ്മീഷനിംഗ് ചടങ്ങിൽ ഗൗതം അദാനിയ്ക്ക് തമാശ കലർത്തിയ പ്രധാനമന്ത്രിയുടെ ഉപദേശം. മുഖ്യമന്ത്രി പി. വിജയന് നന്ദിയും. വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തിൽ അനന്തപത്മനാഭനേയും ശ്രീശങ്കരാചാര്യരേയും ഉയർത്തി തുടങ്ങിയ പ്രസംഗത്തിൽ രാജ്യത്തിന് രാഷ്ട്രീയ സന്ദേശം നൽകുന്ന ഇടമായി കേരളം മാറിയെന്ന് പറയാതെ പറഞ്ഞുവച്ചു. മുഖ്യമന്ത്രി പി. വിജയന് ഇതിന് പരോക്ഷമായി നന്ദി പറഞ്ഞു. ഗുജറാത്തിലേതിനേക്കാൾ വലിയ തുറമുഖം തിരുവനന്തപുരത്ത് പണിത സംഭവം പറഞ്ഞാണ് പ്രസംഗത്തെ മറ്റൊരു രൂപത്തിലേക്ക് കൊണ്ടു പോയത്. എന്നാൽ മോദിയുടെ രാഷ്ട്രീയം പറഞ്ഞപ്പോൾ തർജ്ജമ ചെയ്തയാൾ അത് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയില്ല. മോദി കാത്തു നിന്നിട്ടും അത് പരിഭാഷകൻ പറയില്ല. ഇന്ത്യാ അലൈൻസിനെ പരിഹസിച്ച മോദിയുടെ ഹിന്ദിയിലെ വാക്കുകൾ അങ്ങനെ മലയാളത്തിൽ വേദിയിൽ കേട്ടില്ല. അതും കൗതുകയമായി. ചിലർക്കത് മനസിലും കൊണ്ടു. ഈ പരിഭാഷ നടത്താത്തിൽ കേന്ദ്ര സർക്കാർ ഇനി നടപടി എടുക്കുമോ എന്നതും കൗതുകമായി കാണേണ്ടതാണ്. ഏതായാലും താൻ പറഞ്ഞത് മലയാളത്തിൽ പറയാത്തതിന്റെ പരിഭവം മോദിയുടെ മുഖത്തുണ്ടായിരുന്നു. എന്നാൽ അത് പ്രകടിപ്പിക്കാതെ അദ്ദേഹം പ്രസംഗം തുടർന്നു.

അദാനി ഗുജറാത്തിൽ മുപ്പതു കൊല്ലമായി പ്രവർത്തിക്കുന്നു. വിഴിഞ്ഞത്തെ തുറമുഖം ഞാൻ നടന്നു കണ്ടു. ഇത്രയും വലുതൊന്ന് ഇതുവരെ അദാനി ഗുജറാത്തിൽ ഉണ്ടാക്കിയില്ല. അത്രയും മികച്ചതാണ് വിഴിഞ്ഞം. ഈ വിഷയത്തിൽ ഗുജറാത്തികളുടെ ചോദ്യത്തിന് അദാനിക്ക് മറുപടി പറയേണ്ടി വരും-ചിരിച്ചു കൊണ്ട് മോദി പറഞ്ഞു വച്ചു. അതിന് ശേഷമാണ് ഇന്ത്യാ അലൈൻസിലെ നെടുതൂണാണ് മുഖ്യമന്ത്രി എന്നും, മറ്റൊരു ദേശീയ നേതാവായ ശശി തരൂരും ഇവിടെയുണ്ട് എന്നും, ഇത് രാജ്യത്തിന് നൽകുന്നത് മറ്റൊരു രാഷ്ട്രീയ സന്ദേശമാണ്. ഇത് പരുടേയും കണ്ണു തുറപ്പിക്കേണ്ട എന്ന സന്ദേശമാണ് എന്നും മോദി പറഞ്ഞു. വികസനം രാഷ്ട്രീയ ഭേദമില്ലാതെ ഒരുക്കേണ്ടതിന്റെ സന്ദേശമാണ് മോദി നൽകിയത്. ഇതിനൊപ്പം രാജ്യത്തെ ഈ സ്വപ്‌ന പദ്ധതി ഉദ്ഘാടനം ചെയ്യാൻ സിപിഎം സർക്കാർ തന്നെ വിളിച്ചതിന്റെ നന്ദിയും കൂടി പറഞ്ഞു… തന്നെ രാഷ്ട്രീയമായി തൊട്ടു കൂട്ടാത്തവനായി കേരളത്തിൽ ചിത്രീകരിക്കുന്ന രാഷ്ട്രീയ എതിരാളികള്‍ക്കുള്ള മറുപടിയായാണ് വിഴിഞ്ഞത്തെ മോദി കാണുന്നതെന്ന് എന്നാണു മനസിലാക്കേണ്ടത്.

ഈ സന്ദേശം നൽകിയ പ്രസംഗ ഭാഗമാണ് മലയാള പരിഭാഷകൻ ഒഴിവാക്കിയത്. ഇത് മോദിക്ക് മനസ്സിലാകുകയും ചെയ്തു. കുറച്ചു നേരം പരിഭാഷയ്ക്കായി കാത്ത പ്രധാനമന്ത്രി പിന്നീട് അത് കാര്യമാക്കാതെ തുടർന്നു. എങ്കിലും പ്രധാനമന്ത്രിയുടെ പരിഭാഷ ഒഴിവാക്കിയ നടപടി അത്യപൂർവ്വമാണ്. അതിനും വിഴിഞ്ഞം സാക്ഷിയായി. ഇന്നത്തെ പരിപാടി ഇന്ത്യാ സഖ്യത്തിലെ പലരുടേയും ഉറക്കം കളയുമെന്നായിരുന്നു മോദി പറഞ്ഞത്. ഇതാണ് തർജ്ജമയിൽ ഒഴിവാക്കിയത്. രാഹുൽ ഗാന്ധിയെ ലക്ഷ്യമിട്ടായിരുന്നു ഈ ഒളിയമ്പ്.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചത് പ്രൗഡ ഗംഭീര ചടങ്ങിലാണ്. സംസ്ഥാന സർക്കാറിനൊപ്പം ചേർന്ന് തുറമുഖ വികസനം കേന്ദ്ര സർക്കാർ യാഥാർത്ഥ്യമാക്കിയെന്ന് മോദി പരഞ്ഞു. ഇനി രാജ്യത്തിന്റെ പണം രാജ്യത്തിനാണെന്നും പണം രാജ്യത്തിന് പുറത്തേക്ക് ഒഴുകില്ലെന്നും പറഞ്ഞ പ്രധാനമന്ത്രി, കേരളത്തിനും രാജ്യത്തിനും പുതിയ സാമ്പത്തിക സ്ഥിരത നൽകുമെന്നും വ്യക്തമാക്കി. രാജ്യത്തിന്റെ തുറമുഖ നഗരങ്ങൾ വികസിത ഭാരത് സങ്കല്പത്തിന്റെ പ്രധാന കേന്ദ്രമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാറിനൊപ്പം ചേർന്ന് വിഴിഞ്ഞം തുറമുഖ വികസനം കേന്ദ്ര സർക്കാർ യാഥാർത്ഥ്യമാക്കി. ഇന്നത്തെ പരിപാടി ഇന്ത്യ സഖ്യത്തിലെ പലരുടേയും ഉറക്കം കെടുത്തും. ഞാൻ വിഴിഞ്ഞം തുറമുഖം കണ്ടു. ഇത്ര വലിയ തുറമുഖം ഗൗതം അദാനി കേരളത്തിൽ നിർമിച്ചതിന് ഗുജറാത്തുകാർ അദ്ദേഹത്തോട് പിണങ്ങുമെന്നും മോദി പ്രസംഗത്തിൽ പറഞ്ഞു.

ഗവർണർ രാജേന്ദ്ര അർലേകർ, മുഖ്യമന്ത്രി പിണറായി വിജയൻ, അദാനി ഗ്രൂപ് ചെയർമാൻ ഗൗതം അദാനി, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, മന്ത്രി വിഎൻ വാസവൻ, എംപിമാരായ ശശി തരൂർ, ജോൺ ബ്രിട്ടാസ്, എംഎൽഎ എം വിൻസന്റ്, മേയർ ആര്യാ രാജേന്ദ്രൻ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു. രാവിലെ ഹെലികോപ്റ്റർ മാർഗം തുറമുഖത്ത് എത്തിയ പ്രധാനമന്ത്രി, പദ്ധതി പ്രദേശം നടന്നുകണ്ട ശേഷമാണ് വേദിയിലേക്ക് എത്തിയത്. ഇവിടെ വച്ച് വേദിയിലുണ്ടായിരുന്ന മന്ത്രിമാരെയും എംപിമാരെയും എംഎൽഎമാരെയും കണ്ട അദ്ദേഹം, സദസിനെ അഭിവാദ്യം ചെയ്തു. ആർപ്പുവിളിച്ചാണ് സദസിലുണ്ടായിരുന്ന ബിജെപി പ്രവർത്തകർ അദ്ദേഹത്തെ സ്വീകരിച്ചത്. പിന്നീട് അദാനി ഗ്രൂപ് ചെയർമാൻ ഗൗതം അദാനി നേരിട്ടെത്തി പ്രധാനമന്ത്രിയെ പൊന്നാടയണിയിച്ചു.

പരിപാടിക്ക് സ്വാഗതം ആശംസിച്ച് സംസാരിച്ച തുറമുഖ വകുപ്പ് മന്ത്രി ഇടതുപക്ഷ സർക്കാരിന്റെ നേട്ടമാണ് വിഴിഞ്ഞം കമ്മീഷനിങ് എന്ന് പറഞ്ഞു. വിഴിഞ്ഞം പദ്ധതിക്ക് കേന്ദ്രം വായ്പയായി നൽകിയ വിജിഎഫ് ഫണ്ട് മാത്രമാണ് കേന്ദ്ര വിഹിതമെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ, പ്രധാനമന്ത്രി മോദിയെ വേദിയിലിരുത്തി കേന്ദ്രസർക്കാർ നിലപാടിനെതിരെ സംസാരിച്ചു. അധ്യക്ഷ പ്രസംഗത്തിൽ പദ്ധതി സംസ്ഥാന സർക്കാരിന്റെ നേട്ടമെന്ന് പറഞ്ഞ അദ്ദേഹം, അങ്ങനെ അതും നമ്മൾ നേടി എന്ന് വ്യക്തമാക്കി. തന്റെ പ്രസംഗത്തിൽ എവിടെയും മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കുറിച്ച് പരാമർശിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *