ശിവകാശി – തമിഴ്‍നാട്ടിലെ ശിവകാശിയിലെ പടക്ക നിർമ്മാണ ശാലയിലുണ്ടായ തീ പിടുത്തത്തിൽ മൂന്ന് പേർ മരിച്ചു. വിരുദുനഗർ ജില്ലയിലെ ശിവകാശിക്ക് സമീപം എം.പുതുപ്പട്ടിയിലാണ് തീ പിടുത്തമുണ്ടായത്. ഇവിടെ സ്ത്രീകൾ ഉൾപ്പെടെ 30ലധികം പേർ ഇവിടെ ജോലി ചെയ്തിരുന്നു.
ക്ഷേത്രോത്സവങ്ങൾക്കുള്ള ഓർഡറുകൾ പ്രകാരം ഫാൻസി പടക്കങ്ങൾ നിർമ്മിക്കുന്ന തിരക്കിലായിരുന്നു ഇവർ. ഇന്ന് രാവിലെ തൊഴിലാളികൾ പതിവുപോലെ ജോലിക്കെത്തിയിരുന്നു. ഫാക്ടറിയിലെ ഒരു മുറിയിൽ പടക്കങ്ങൾ നിർമ്മിക്കാനുള്ള രാസ വസ്തുക്കൾലയിപ്പിക്കുന്നതിനിടയിലുണ്ടായ രാസമാറ്റം മൂലമാണ് സ്‌ഫോടനമുണ്ടായതെന്ന് കരുരുതുന്നതായി പൊലീസ് പറഞ്ഞു.

സ്‌ഫോടനത്തെ തുടർന്ന് തീ സമീപത്തുള്ള പടക്ക ശേഖരങ്ങളിലേക്ക് പടരുകയും ഉയർന്ന ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയുമായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. പടക്ക നിർമ്മാണ ശാലയിലെ അഞ്ച് മുറികൾ തകർന്നു നിലംപൊത്തി. അപകടത്തിൽ മൂന്ന് തൊഴിലാളികൾ സംഭവസ്ഥലത്ത് തന്നെ മരിച്ചു.
സ്‌ഫോടനം നടന്ന വിവരം ലഭിച്ചയുടനെ ശിവകാശി അഗ്‌നിശമന സേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ആ സമയത്ത്, അപകടം നടന്ന മുറിയിൽ പൊള്ളലേറ്റ് കിടന്ന മൂന്ന് പേരെ രക്ഷപ്പെടുത്തി ശിവകാശി സർക്കാർ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. അപകടത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.


