പത്തനംതിട്ട – രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പത്തനംതിട്ടയിലെ ജില്ലാതല അവലോകന യോഗം ഇന്ന് (ഏപ്രിൽ 24 വ്യാഴം) നടക്കും. ജില്ലയിലെ വിവിധ മേഖലകളിൽ നിന്നുള്ള പ്രത്യേക ക്ഷണിതാക്കളായ 500 പേരുമായി മുഖ്യമന്ത്രി സംവദിക്കും. രാവിലെ 10.30 മുതൽ 12.30 വരെ ഇലന്തൂർ നന്നുവക്കാട് തൂക്കുപാലം പെട്രാസ് കൺവെൻഷൻ സെന്ററിലാണ് യോഗം. ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ അവസാനവട്ട ഒരുക്കം വിലയിരുത്തി. ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ, വിവര പൊതുജനസമ്പർക്ക വകുപ്പ് മേഖലാ ഡയറക്ടർ കെ പ്രമോദ് കുമാർ, എഡിഎം ബി ജ്യോതി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി ടി ജോൺ, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
സർക്കാർ സേവനങ്ങളുടെ ഗുണഭോക്താക്കൾ, തൊഴിലാളി പ്രതിനിധികൾ, യുവജനങ്ങൾ, വിദ്യാർഥികൾ, സാംസ്‌കാരിക രംഗത്ത് നിന്നുള്ളവർ, കായിക പ്രതിഭകൾ, വ്യവസായികൾ, പ്രവാസികൾ, സമുദായ നേതാക്കൾ തുടങ്ങിയവരുമായാണ് മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച.
ധനകാര്യവകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ, നിയസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, എംഎൽഎമാരായ മാത്യു ടി തോമസ്, കെ യു ജനീഷ് കുമാർ, പ്രമോദ് നാരായൺ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രാഹാം, മറ്റു ജനപ്രതിനിധികൾ പങ്കെടുക്കും. എല്ലാ ജില്ലകളിലും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗമുണ്ട്. ഏപ്രിൽ 21 ന് കാസർഗോഡായിരുന്നു തുടക്കം.


