കോന്നി -ആനക്കൂട്ടിൽ നാല് വയസുകാരൻ കോൺക്രീറ്റ് തൂൺ വീണ് മരിച്ചത് ആന്തരിക രക്തസ്രാവത്തെ തുടർന്നെന്ന് പോസ്റ്റ്‌മോർട്ടം പ്രാഥമിക റിപ്പോർട്ട്. കുട്ടി നിലത്ത് വീണപ്പോൾ നെറ്റിയുടെ മുകളിലും, തലയ്ക്ക് പുറകിലും ആഴത്തിൽ മുറിവേറ്റുവെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഇന്നലെ രാവില ഉണ്ടായ അപകടത്തിൽ കടമ്പനാട് തോയിപ്പാട്ട് വീട്ടിൽ അജി – ശാരി ദമ്പതികളുടെ ഏക മകൻ അഭിറാം (നാല്്) ആണ് മരിച്ചത്. കുട്ടിയുടെ സംസ്‌കാരം നാളെ ഉച്ചയ്ക്ക് വീട്ടുവളപ്പിൽ നടക്കും.
അതേസമയം ആനക്കൂട്ടിലെ അപകടം സംബന്ധിച്ച് കോന്നിയുടെ ചുമതല വഹിക്കുന്ന റാന്നി ഡി.എഫ്.ഓ ദക്ഷിണ മേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്റർക്ക് ഇന്ന് റിപ്പോർട്ട് നൽകും. ഉദ്യോഗസ്ഥ തലത്തിൽ വീഴ്ച സംഭവിച്ചെന്നാണ് പ്രാഥമിക വിലയിരുത്തൽ. പ്രദേശത്ത് ബലക്ഷയം സംബന്ധിച്ച പരിശോധന നടത്തിയില്ല. സുരക്ഷാ പരിശോധന നടത്തുന്നതിലും വീഴ്ച സംഭവിച്ചുവെന്നാണ് വിലയിരുത്തൽ. ദക്ഷിണ മേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ മന്ത്രിക്ക് തിങ്കളാഴ്ച അന്തിമ റിപ്പോർട്ട് നൽകും. അന്തിമ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തുടർ നടപടി.
അഭിരാമിന്റെ ജീവനെടുത്ത അപകടത്തിൽ കോന്നി ഇക്കോ ടൂറിസത്തിന് കീഴിലെ വനംവകുപ്പ് ജീവനക്കാർക്ക് വീഴ്ചപറ്റിയെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. പത്ത് വർഷത്തിലധികം പഴക്കമുള്ള കോൺക്രീറ്റ് തൂണുകൾ നടപ്പാതയോട് ചേർന്ന് നിലനിർത്തി. നാല് വയസുകാരൻ ചുറ്റിപിടിച്ചപ്പോൾ താഴെവീഴുന്ന അവസ്ഥയിലായിരുന്നു. നിശ്ചിത ഇടവേളകളിൽ ആനത്താവളത്തിൽ സുരക്ഷ പരിശോധന നടത്തണം, അതുണ്ടായില്ല. കർശന നടപടിയുണ്ടാകുമെന്ന് മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.
അതേസമയം, സംഭവത്തിൽ കർശന നടപടിയും മരിച്ച കുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരവും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തി. പൊലീസുമായി ഉന്തും തള്ളുമുണ്ടായി.


