മൂർഖൻ പാമ്പിനെക്കൊണ്ട് ഭാര്യയെ കൊത്തിച്ചു കൊലപ്പെടുത്തിയ സൂരജ് പരോളിനായി വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയത് പിടിച്ചു. സർട്ടിഫിക്കറ്റ് കൂടുതൽ പരിശോധനക്കായി ഫോറൻസിക്ക് ലാബിലേക്കയച്ചു.

Crime
Print Friendly, PDF & Email

തിരുവനന്തപുരം – സ്വത്തു തട്ടിയെടുക്കാനും വേറെ വിവാഹം കഴിക്കാനുമായി മൂര്‍ഖന്‍ വിഷപ്പാമ്പിനെ ഉപയോഗിച്ച്‌ സ്വന്തം ഭാര്യയെ കൊലപ്പെടുത്തിയ സംസ്ഥാനത്തെ ആദ്യ കേസായ അഞ്ചല്‍ ഉത്ര കൊലക്കേസില്‍ ശിക്ഷാ പ്രതിയായ ഭര്‍ത്താവ് സൂരജ്. എസ്. കുമാര്‍ അടിയന്തിര പരോളിന് ഹാജരാക്കിയ വ്യാജ സര്‍ട്ടിഫിക്കറ്റ് ഫോറന്‍സിക് ലാബിലേക്കയച്ചു. തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് പൂജപ്പുര പോലീസ് വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എഫ്. എസ്. എല്‍ പരിശോധനക്കായി അപേക്ഷ സമര്‍പ്പിച്ചത്. 2020 മുതല്‍ ജാമ്യം നിരസിക്കപ്പെട്ട് ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്ന സൂരജിനെ 2022 ലാണ് കൊല്ലം ജില്ലാ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിലെ ക്രമക്കേട് ജയില്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതോടെയാണ് തട്ടിപ്പ് വെളിപ്പെട്ടത്.

ഭാര്യയെ പാമ്ബിനെ കൊണ്ട് കടിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് സൂരജ് ജീവപര്യന്തം കഠിന തടവ് അനുഭവിക്കുകയാണ്. അതിനിടെ സൂരജ് പരോളിന് ശ്രമിച്ചെങ്കിലും അപേക്ഷ തള്ളിയതോടെയാണ് തട്ടിപ്പിന് ശ്രമിച്ചത്. അച്ഛന് ഗുരുതരമായ രോഗമാണെന്നും പരോള്‍ വേണമെന്നും ആവശ്യപ്പെട്ട് അപേക്ഷ സമര്‍പ്പിക്കുകയായിരുന്നു. ഒപ്പം ഡോക്ടര്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റും കൈമാറി. സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഡോക്ടറോട് ജയില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നു. സുപ്രണ്ടിന് ലഭിച്ച സര്‍ട്ടിഫിക്കറ്റും അയച്ചുനല്‍കി. ഇതോടെയാണ് കള്ളത്തരം പൊളിഞ്ഞത്. സര്‍ട്ടിഫിക്കറ്റ് നല്‍കിയത് താനാണെങ്കിലും അതില്‍ ഗുരുതര അസുഖമെന്ന് രേഖപ്പെടുത്തിയിട്ടില്ലെന്ന് ഡോക്ടര്‍ അറിയിക്കുകയായിരുന്നു.

ഇതോടെ സര്‍ട്ടിഫിക്കറ്റില്‍ കൃത്രിമം കാട്ടിയെന്ന് വ്യക്തമായി. വ്യാജരേഖയെന്ന് വ്യക്തമായതോടെ സൂരജിനെതിരെ ജയില്‍ സുപ്രണ്ട് പൂജപ്പുര പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സൂരജിന്റെ അമ്മയായിരുന്നു സര്‍ട്ടിക്കറ്റ് എത്തിച്ചു നല്‍കിയത്. സംഭവത്തില്‍ സൂരജിനേയും അമ്മയേയും ചോദ്യം ചെയ്തു. സർട്ടിഫിക്കറ്റ് കൂടുതൽ പരിശോധനക്കായി ഫോറൻസിക്ക് ലാബിലേക്കയച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *