പത്തനംതിട്ടയിൽ ഒന്നരലക്ഷം തട്ടിയ കേസിൽ ജാമ്യമെടുത്ത് മുങ്ങിയ യുവതി എറണാകുളത്ത് കോടികളുടെ തട്ടിപ്പിന് പിടിയിലായി

Crime
Print Friendly, PDF & Email

പത്തനംതിട്ട – ഒന്നരലക്ഷം തട്ടിയ കേസിൽ ജാമ്യമെടുത്ത ശേഷം മുങ്ങിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ചെന്നീർക്കര പ്രക്കാനം പാലമൂട്ടിൽ വീട്ടിൽ താമസിച്ചിരുന്ന രേഖ പി. ഹരി (44)യെയാണ് ആറന്മുള പോലീസ് എറണാകുളത്തു നിന്നും അറസ്റ്റ് ചെയ്തത്. നിരവധി തട്ടിപ്പു കേസുകളിൽ പ്രതിയാണ് ഇവരെന്ന് പോലീസ് പറഞ്ഞു. 2013 ൽ ഇലന്തൂർ സ്വദേശിനിയുടെ ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ കോടതിയിൽ നിന്ന് ജാമ്യമെടുത്ത ശേഷം കേസിന്റെ തുടർ നടപടികൾക്ക് ഹാജരാകാതെ മുങ്ങി നടക്കുകയായിരുന്നു.

ഇവരുടെ സ്വത്തുക്കൾ കണ്ടു കെട്ടാനുള്ള നടപടി കോടതി സ്വീകരിച്ചു വരുമ്പോഴാണ് എറണാകുളത്ത് താമസിച്ചു ഇവർ തട്ടിപ്പ് നടത്തുന്നതായി വിവരം ലഭിച്ചത്. തഴവ സ്വദേശിയായ ഇവർ രേഖ. പി, രേഖ എന്നീ പേരുകളിൽ മുൻപും വിവിധ സ്ഥലങ്ങളിൽ താമസിച്ച് തട്ടിപ്പ് നടത്തിയിട്ടുണ്ട്. പത്തനംതിട്ട, തുമ്പ, ഓച്ചിറ, ചാത്തന്നൂർ പോലീസ് സ്‌റ്റേഷനുകളിൽ ഇവർക്കെതിരേ കേസുകൾ നിലവിലുണ്ട്. രണ്ടു വർഷമായി എറണാകുളത്തെ ഫ്‌ളാറ്റിലാണ് താമസം.

ഇൻഫോ പാർക്കിൽ സ്റ്റാർട്ടപ്പ് കമ്പനി തുടങ്ങാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു രണ്ടരക്കോടിയോളം രൂപ ആളുകളിൽ നിന്ന് തട്ടിയെടുത്തതിന് തൃക്കാക്കര പോലീസ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആറന്മുള പോലീസ് സേ്റ്റഷൻ ഇൻസ്‌പെക്ടർ സി.കെ.മനോജിന്റെ മേൽനോട്ടത്തിൽ സബ് ഇൻസ്‌പെക്ടർ അജയൻ, റസീന, മുബാറക്ക് എന്നിവരടങ്ങിയ സംഘമാണ് ഒളിവിൽ കഴിഞ്ഞിരുന്ന ഇവരെ എറണാകുളത്തു നിന്നും പിടികൂടിയത്, അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *