പത്തനംതിട്ട – ദേശീയ അഗ്നിശമന സേനാ ദിനം പത്തനംതിട്ട അഗ്നിരക്ഷാനിലയത്തിൽ സമുചിതമായി ആചരിച്ചു. രാവിലെ അഗ്നിശമന സേന പതാക സ്റ്റേഷൻ ഓഫീസർ ആർ. അഭിജിത് ഉയർത്തി. തുടർന്ന് ജീവനക്കാർ അണിനിരന്ന കൊമെമ്മൊറെഷൻ പരേഡിൽ കൃത്യ നിർവഹണത്തിനിടയിൽ മരണപ്പെട്ട ധീര അഗ്നിശമന സേനാനികളുടെ സ്മൃതി കുടീരത്തിൽ സ്റ്റേഷൻ ഓഫീസർ R. അഭിജിത്, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ A. സാബു എന്നിവർ ചേർന്ന് പുഷ്പചക്രം സമർപ്പിച്ചു. ജീവനക്കാർ എല്ലാവരും ആദരവും അർപ്പിച്ചു. അഗ്നിശമന സേനാംഗങ്ങൾ, ഹോം ഗാർഡ്സ്, സിവിൽ ഡിഫെൻസ് വോളന്റിയേഴ്‌സ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
തുടർന്ന് നിലയത്തിലെ എല്ലാ അഗ്നിശമന വാഹനങ്ങളും അലങ്കരിച്ചു നഗരത്തിൽ റോഡ്ഷോ യും നടത്തി. ഫയർഡേയോടനുബന്ധിച്ചു ഒരാഴ്ച നീണ്ടുനിൽക്കുന്ന വാരാചരണത്തിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളിൽ മോക്ഡ്രില്ല്സ്, ഡെമോൺസ്‌ട്രേഷൻ, പൊതുജനങ്ങൾക്ക് വേണ്ടി അവയർനസ് ക്ലാസ്സ് എന്നിവ ഉണ്ടായിരിക്കും.

അഗ്നിശമന സേനാനിയുടെ ദിനമായ ഏപ്രിൽ 14 വെറും ഒരു ദിവസമല്ല. രക്ഷാപ്രവർത്തനത്തോടുള്ള അടങ്ങാത്ത മോഹം പ്രതിബദ്ധതയിലൂന്നിയ രക്തസാക്ഷികളുടെ ദിനമാണ്. ബോംബെ ഓക്സിലറി ഫയർ സർവീസിലെ അറുപതോളം ഉദ്ദ്യോഗസ്ഥർ സ്ഫോടനത്തിൽ പെട്ടിച്ചിതറി കടലിനെ ചുവപ്പിച്ച ഒരു സായന്തനമാണത്. 1944 ൽ ബോംബെയിലെ അന്ന വിക്ടോറിയ ഡോക്സിൽ ഫോർട്ട് സ്റ്റെക്കൻ എന്ന കപ്പലെത്തി.ഇത് ഇംഗ്ലണ്ടിൽ നിന്നും തിരിച്ച് കറാച്ചിവഴി ബോംബെയിൽ എത്തുകയായിരുന്നു.7142 ടൺ കേവുഭാരമുള്ള കപ്പലിൽ 1395 ടൺ സ്ഫോടകവസ്തു നിറച്ചിരുന്നു.ഉച്ചയോടെ കപ്പൽ തീപിടിച്ചു. അനിയന്ത്രിതമായ തീയിൽ കപ്പൽ മുക്കുകയേ നിവർത്തിയുണ്ടായിരുന്നുള്ളു.എന്നാൽ വെള്ളം നിറച്ച് കപ്പലിനെ മുക്കാൻ കഴിയില്ല എന്ന വാദവുമുണ്ടായി.കപ്പലിൻറെ ഹൾ നിർമ്മിതി അത്ര മികച്ചതായിരുന്നു .കപ്പലിനെ പുറംകടലിലേക്ക് വലിച്ചുകൊണ്ടുപോവുക എന്ന മറ്റൊരഭിപ്രായവും രൂപപ്പെട്ടു.
32 ഹോസിട്ട് 900 ടൺ വെള്ളം കപ്പലിൽ നിറച്ചു.ഈ പ്രവൃത്തി നടക്കവേ വൈകിട്ട് 4.06 മണിക്ക് കപ്പൽ പൊട്ടിത്തെറിച്ച് ആകാശത്തേക്കുയർന്നു. ഒരുവശത്ത് തീയും മറുവശത്ത് വലിയ ഓളങ്ങളാൽ വെള്ളപ്പൊക്കവുമുണ്ടായി. ഒഴിപ്പിക്കൽ പ്രക്രിയയ്ക്ക് സമയമുണ്ടായിരുന്നെങ്കിലും അത് ചെയ്തില്ല.മുന്നറിയിപ്പ് സംവിധാനത്തിൻറെ തകരാർമൂലം 800 ഓളം മനുഷ്യജീവൻ അവിടെ പൊലിഞ്ഞു.ആയിരത്തിൽപ്പരം പേർക്ക് പരിക്കേറ്റു.തുറമുഖത്തുണ്ടായിരുന്ന പതിനാലോളം കപ്പലുകൾ തകർന്നു.സ്ഫോടനശേഷം മുന്നൂറ് ഏക്കർ ഭൂമി തരിശായി.

രക്തസാക്ഷികളെ ആദരിക്കുന്നതോടൊപ്പം സുരക്ഷിതമായ ഒരു തൊഴിൽസ്ഥലം സൃഷ്ടിക്കുക എന്ന സന്ദേശവും അഗ്നിശമന സേനാദിനം നൽകുന്നു.രക്തസാക്ഷിത്വചരിത്രത്തെ പുനർവായനയ്ക്കെടുക്കേണ്ടത് ഈ അർത്ഥത്തിലാണ്.അഗ്നിബാധകളും അപകടങ്ങളും തടയുന്നതിന് ഒരു ഫയർ പ്രിവൻഷൻ വിംഗ് രൂപീകരിക്കണമെന്ന് 2012 വർഷത്തെ ഇൻഡ്യാ ഗവൺമെന്റിന്റെ RMSI പഠനം നിർദേശിക്കുന്നു.പരിശോധന, ബോധവൽക്കരണം, പരിശീലനം എന്നിവ പെതുജനങ്ങളിലേക്ക് വ്യാപിപ്പിക്കേണ്ടതിൻറെ ആവശ്യകത മേൽപഠനം ഊന്നൽ നൽകുന്നു.ആയതിനാൽ അഗ്നിശമന സേനാദിനം വൈകാരികം മാത്രമല്ല; വൈചാരികം കൂടിയാണ്.
What do you feel about this post?
Like
Love
Happy
Haha
Sad

