പത്തനംതിട്ട: പൈങ്കുനി ഉത്രം ദിനമാണിന്ന്. മീനമാസത്തിലെ ഉത്രം നാളിൽ അയ്യപ്പന് പമ്പയിൽ ആറാട്ട്. ഉത്സവത്തിനു സമാപനം കുറിച്ച് രാവിലെ 8.30 ന് ആറാട്ട് ബലിക്ക് ശേഷം ആറാട്ട് ഘോഷയാത്ര സന്നിധാനത്ത് നിന്ന് പമ്പയിലേക്ക് പുറപ്പെടും. വെളിനല്ലൂർ മണികണ്‌ഠനാണ് ആറാട്ട് ഘോഷയാത്രയിൽ ഭഗവാൻറെ തിടമ്പേറ്റുക. ഇന്ന് രാവിലെ 11നാണ് പമ്പയിൽ ആറാട്ട്.
ആറാട്ട് ഘോഷയാത്ര ശരംകുത്തി, മരക്കൂട്ടം, ശബരിപീഠം, അപ്പാച്ചിമേട്, നീലിമല വഴി പമ്പയിലെത്തും. ഗണപതികോവിലിൽ ഇറക്കിയാണ് ആറാട്ട് കടവിലേക്ക് ദേവനെ എഴുന്നള്ളിക്കുന്നത്.ആറാട്ടിന് ശേഷം ശബരീശനെ പമ്പാ ഗണപതി ക്ഷേത്രത്തിലെ മണ്ഡപത്തിലേക്ക് ആനയിക്കും. 3 വരെ പമ്പ ഗണപതികോവിലിൽ ദേവനെ എഴുന്നള്ളിച്ചിരുത്തും. ഈ സമയം ഭക്തർക്ക് പറ വഴിപാട് സമർപ്പിക്കാം. പൂജകൾക്ക് ശേഷം നാലുമണിക്ക് ആറാട്ട് ഘോഷയാത്ര പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് തിരിക്കും. ഘോഷയാത്ര സന്നിധാനത്ത് എത്തിച്ചേർന്ന ശേഷം ശബരിമല തിരു ഉത്സവത്തിന് കൊടിയിറങ്ങും.
തുടർന്ന്, മീന മാസപൂജയും വിഷു ഉത്സവവും കണക്കിലെടുത്ത് ഏപ്രിൽ 18 വരെ ശബരിമലയിൽ നട തുറന്നിരിക്കും. വിഷു ഉത്സവം 14 തീയതിയാണ്. അന്ന് പുലർച്ചെ 4 മുതൽ 7 വരെ പ്രത്യേക പൂജയും വിഷു ദർശനവും നടക്കും. 18-ന് രാത്രി 10-ന് നട അടയ്‌ക്കും.


