പമ്പു സെറ്റും വയറും മോഷ്ടിച്ചു വിറ്റു: രണ്ടു പോക്‌സോ കേസുകളിലെ പ്രതി പിടിയിൽ

Crime

പത്തനംതിട്ട: റിംഗ് സൈറ്റിൽ നിന്ന് പമ്പും വയറും മോഷ്ടിച്ച കേസിലെ പ്രതി പിടിയിൽ. കോന്നി പൂവൻപാറ പുതുവൽ പുത്തൻ വീട്ടിൽ ഷംനാസ് സലിം (38) ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 19 ന് ഉച്ചയ്ക്കാണ് വള്ളിക്കോട് ഞക്കുനിലം കൊച്ചാലുമ്മൂടിലുള്ള റിംഗ് സൈറ്റിലെ റൂമിൽ സൂക്ഷിച്ച മോട്ടോർ പമ്പും വയറും മോഷ്ടിച്ചത്. കൊച്ചാലുംമൂട് രാധി ഭവനിൽ ജിഷ്ണു രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ളതാണ് റിംഗ് നിർമാണ യൂണിറ്റ്.

കഴിഞ്ഞ അഞ്ചിനാണ് ജിഷ്ണു ഇതു സംബന്ധിച്ച് പോലീസിൽ പരാതി കൊടുത്തത്. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചും സമീപസ്ഥലങ്ങളിലെ ആക്രിക്കടകൾ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിൽ പ്രതി ഷംനാസ് ആണെന്ന് തിരിച്ചറിഞ്ഞു. തുടർന്ന് നടത്തിയ തെരച്ചിലിൽ പ്രതിയെ കൊടുമണ്ണിൽ നിന്നും കസ്റ്റഡിയിൽ എടുത്തു. പത്തനംതിട്ടയിൽ നിന്നും കോന്നിയിലെ വീട്ടിലേക്ക് സ്‌കൂട്ടറിൽ വരുമ്പോൾ ഉച്ചയ്ക്ക് 12 ഓടെ വള്ളിക്കോട് പാലത്തിന് അരികിലുള്ള റിംഗ് സൈറ്റിനുള്ളിൽ കടന്ന് മോട്ടോർ മോഷ്ടിച്ച് ഓമല്ലൂരിൽ ഉള്ള ആക്രിക്കടയിൽ 1200 രൂപക്ക് വിറ്റുവെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. പ്രതിയുമായി നടത്തിയ തെളിവെടുപ്പിൽ കുളം ജങ്ഷനിലെ ആക്രിക്കടയിൽ നിന്നും മോട്ടോർ കണ്ടെടുത്തു.
ഇയാൾ സഞ്ചരിച്ച സ്‌കൂട്ടറും പിടിച്ചെടുത്തു.

മോട്ടോറിന്റെ വയറും മറ്റും കണ്ടെടുക്കേണ്ടതുണ്ട്. 2022 ൽ കോവളം പോലീസ് രജിസ്റ്റർ ചെയ്ത രണ്ട് പോക്‌സോ കേസുകളിൽ പ്രതിയാണ് ഇയാൾ എന്ന് അന്വേഷണത്തിൽ വ്യക്തമായി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യും. ഡിവൈ.എസ്.പി എസ്. ന്യൂമാന്റെ മേൽനോട്ടത്തിലാണ് അന്വേഷണം. പോലീസ് ഇൻസ്‌പെക്ടർ കെ സുനുമോന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. എസ്.ഐ ഷിജു പി. സാം, ജൂനിയർ എസ്.ഐ പി.പി. ദീപക്, എസ്.സി.പി.ഓമാരായ ശ്രീകാന്ത്, എം. അൽസാം, വിജേഷ്, സി.പി.ഓമാരായ സുമൻ, ബി. വിഷ്ണു എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *