പത്തനംതിട്ട: പെട്രോൾ പമ്പിലെ ശുചിമുറി തുറന്നു കൊടുത്തില്ല. 1.65 ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷന്റെ ഉത്തരവ്. ഏഴംകുളം സ്വദേശിയായ അദ്ധ്യാപിക സി.എൽ.ജയകുമാരിയുടെ പരാതിയിൽ ആണ് കോഴിക്കോട് പയ്യോളിയിലെ പെട്രോൾ പമ്പ് ഉടമ ഫാത്തിമ ഹന്ന പിഴയടയ്‌ക്കേണ്ടത്.
കഴിഞ്ഞ വർഷം മെയ് എട്ടിന് കാസർകോട് നിന്ന് പത്തനംതിട്ടയ്ക്ക് വരും വഴിയാണ് പയ്യോളിയിലെ ഫാത്തിമ ഹന്നയുടെ പമ്പിൽ പെട്രോൾ അടിക്കാൻ കയറിയത്. പെട്രോൾ അടിച്ചു കഴിഞ്ഞ് ശുചിമുറിയിൽ ചെന്നപ്പോൾ പൂട്ടിയിട്ടിരിക്കുന്നു. താക്കോൽ ആവശ്യപ്പെട്ടതോടെ ജീവനക്കാരൻ മോശമായി പെരുമാറി. താക്കോൽ മാനേജരുടെ കൈയിലാണെന്നും അദ്ദേഹം വീട്ടിൽ പോയി എന്നുമായിരുന്നു വിശദീകരണം.
ജയകുമാരി പയ്യോളി പൊലീസിനെ വിളിച്ചു വരുത്തി. പോലീസ് ശുചിമുറി ബലമായി തുറന്നു കൊടുത്തു. ഉപയോഗ ശൂന്യമെന്നായിരുന്നു ജീവനക്കാർ പറഞ്ഞതെങ്കിലും പോലീസ് തുറന്നപ്പോൾ കണ്ടത് ഒരു തകരാറുമില്ലാത്ത ശുചിമുറിയായിരുന്നു.
ഇതിനെതിരേ ജയകുമാരി ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനിൽ പരാതി നൽകി. കമ്മിഷൻ രണ്ടുകൂട്ടരേയും വിളിച്ച് വിസ്തരിച്ചു. പമ്പ് ചട്ടം പറയുന്ന സൗകര്യങ്ങൾ ഇല്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന് ബോധ്യപ്പെട്ടു. രാത്രി ഒരു സ്ത്രീയ്ക്കുണ്ടായ മാനസിക ശാരീരിക ബുദ്ധിമുട്ടുകൾ വിലയിരുത്തിയാണ് പിഴയിട്ടത്. 1.50,000 രൂപ പിഴയും 15,000 കോടതിച്ചെലവും ചേർത്ത് 1.65 ലക്ഷം അടയ്ക്കണം. കമ്മിഷൻ പ്രസിഡന്റ് ബേബിച്ചൻ വെച്ചൂച്ചിറയും അംഗമായ നിഷാദ് തങ്കപ്പനും ചേർന്നാണ് വിധി പ്രഖ്യാപിച്ചത്.


