ഇരവിപേരൂർ – പഞ്ചായത്തിലെ വയോജനങ്ങൾ ആഹ്ലാദത്തിലാണ് എപ്പോഴും. കലാമേളയും യാത്രകളുമൊക്കെയായി രണ്ടാംബാല്യം ആഘോഷമാക്കുകയാണവർ. പഞ്ചായത്തുതന്നെയാണ് പ്രായംചെന്നവരുടെ ക്ഷേമത്തിനായി മുൻകൈയെടുക്കുന്നതും. ഏറ്റവും ഒടുവിലായി കാണാനായ കാഴ്ചയാണ് 60 വയസ് പിന്നിട്ട നൂറപേരടങ്ങുന്ന സംഘത്തിൻറെ വിനോദയാത്ര.
ആടിയും പാടിയും കാഴ്ചകൾകണ്ടും സെൽഫിയെടുത്തും തലമുറമാറ്റത്തിന് വഴങ്ങാതെ വഴങ്ങുകയായിരുന്നു ‘സായംപ്രഭ’ വിനോദയാത്രാസംഘാംഗങ്ങൾ.പഞ്ചായത്തിൻറെ 2024-25 വാർഷിക പദ്ധതിയുടെ ഭാഗമായാണ് വയോജന വിനോദയാത്ര സംഘടിപ്പിച്ചത്. 60 വയസ്സിനു മുകളിലുള്ളവർക്ക് മാനസികഉല്ലാസംപകരാനുള്ള പദ്ധതിയാണ് സായംപ്രഭ. ആരോഗ്യ സജീവതയ്ക്കൊപ്പം മാനസികാരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനും യാത്രകൾ സഹായകമാകുന്നതായാണ് അനുഭവം.
സമപ്രായക്കാരായ 100 പേരാണ് വിനോദയാത്രയിൽ പങ്കുകൊണ്ടത്. വയോജനങ്ങളുടെ ഉന്നമനത്തിനായി ഒന്നര ലക്ഷം രൂപയാണ് പഞ്ചായത്ത് വകയിരുത്തിയത്. 50000 രൂപ കലാമേളക്കും ഒരു ലക്ഷം രൂപ വിനോദ യാത്രക്കുമാണ്. നേരത്തെ സ്പോൺസറെ കണ്ടെത്തി വയോധികർക്കായി വിമാനയാത്രയും സംഘടിപ്പിച്ചിരുന്നു. അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് വനിതകൾക്കായി സംഘടിപ്പിച്ച സെക്കൻറ് ഷോയിൽ വലിയതിക്കുമുണ്ടായി.

വയോജന വാട്ട്സ്ആപ് ഗ്രൂപ്പുകളിൽ അംഗമായതോടെയാണ് വയോജനങ്ങളുടെ പൊതുരീതിയായ യാത്രാവിരക്തിക്ക് മാറ്റുണ്ടായത്. സമപ്രായക്കാരുമായുള്ള പുനസമാഗമം മാനസികോല്ലാസത്തിൻറെ അതിരുകളാണ് മറികടന്നത്. കുടുംബാംഗങ്ങളില്ലാതെ കൂട്ടായ്മയുടെ കരുത്തിലാണ് ബീച്ചിലും പാർക്കിലും അവർ ആനന്ദം കണ്ടെത്തിയത്.
രാവിലെ ആറരയോടെയാണ് പഞ്ചായത്ത് അങ്കണത്തിൽ നിന്നും യാത്ര തിരിച്ചത്. ആദ്യ സന്ദർശനം തൃപ്പൂണിത്തുറ ഹിൽ പാലസിൽ. കൊച്ചി മെട്രോ, വാട്ടർ മെട്രോ, സുഭാഷ് പാർക്ക്, മറൈൻ ഡ്രൈവ്, വല്ലാർപാടം പള്ളി എന്നിവിടങ്ങളിലേക്കാണ് യാത്ര നീണ്ടത്.
വയോജന കലാമേള ഉൾപ്പെടെ ഒട്ടേറെ പരിപാടികൾ ഇവിടെ നടത്തുന്നു. പകൽ സമയങ്ങളിൽ വയോജനങ്ങൾ നേരിടുന്ന ഒറ്റപ്പെടൽ, വിരസത, സുരക്ഷയില്ലായ്മ തുടങ്ങിയവ മൂലമുണ്ടാകുന്ന ശാരീരികവും മാനസികവും സാമൂഹികവുമായ പ്രശ്നങ്ങൾക്ക് പരിഹാരമാണ് പരിപാടികൾ. വയോജനങ്ങൾക്കായി കെയർ ഗീവർമാരുടെ സേവനം, പോഷകാഹാരം നൽകൽ, യോഗ, മെഡിറ്റേഷൻ, കൗൺസിലിംഗ്, നിയമ സഹായങ്ങൾ, വിനോദോപാധികൾ തുടങ്ങിയ സൗകര്യങ്ങളും പഞ്ചായത്ത് ഒരുക്കുന്നുണ്ട്.
വൈകുന്നേരങ്ങളിൽ വയോജനങ്ങൾക്ക് സൗഹൃദ സംഭാഷണത്തിനായൊരിടാം എന്ന ലക്ഷ്യത്തിൽ ‘സൊറയിടം’പഞ്ചായത്ത് അങ്കണത്തിനു സമീപത്തായി തുടങ്ങാനുള്ള ഒരുക്കത്തിലാണ് പഞ്ചായത്ത്. തുടർന്നും വയോജനങ്ങളുടെ മാനസികാരോഗ്യത്തിനായുള്ള പ്രവർത്തനങ്ങൾ നടത്തുമെന്ന് പ്രസിഡൻറ് കെ ബി ശശിധരൻ പിള്ള പറഞ്ഞു.


