പത്തനംതിട്ട: പട്ടാപ്പകൽ പാഞ്ഞെത്തിയ കാട്ടുപന്നി നിമിഷനേരം കൊണ്ട് ഒരു പ്രദേശമാകെ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഫാൻസി സ്‌റ്റോർ ഇടിച്ചു തകർത്തു. ഓട്ടോറിക്ഷ ഡ്രൈവറെ ഇടിച്ച ശേഷം പാഞ്ഞു ചെന്ന് കാറിലും ഇടിച്ചു. തിരക്കേറിയ പാതയിലൂടെ നെട്ടോട്ടവും. കൊടുമൺ ചന്ദനപ്പളളി ജങ്ഷനിൽ ഇന്നലെ രാവിലെ 11 നാണ് കാട്ടുപന്നി വിളയാടിയത്. സമീപത്തെ കൃഷിയിടത്തിൽ നിന്നും തിരക്കേറിയ ഏഴംകുളം-കൈപ്പട്ടൂർ റോഡിൽ ഇറങ്ങിയ പന്നി ആദ്യം ഒരു ഓട്ടോറിക്ഷ ഡ്രൈവറെ ഇടിച്ചു. അദ്ദേഹം ഭയന്നോടിയതിന് പിന്നാലെ സമീപത്തെ മെഡിക്കൽ ലാബിന്റെ ചില്ലിൽ ചെന്ന് ഇടിച്ചു. തുറക്കാതെ വന്നപ്പോൾ റോഡിലേക്ക് ചാടി ഓടിപ്പോകും വഴി ഒരു കാറിൽ തട്ടി. പരിഭ്രാന്തിയിലായ പന്നി തൊട്ട് എതിർവശത്തുള്ള അമ്മു ഫാൻസി സ്‌റ്റോറിന്റെ ചില്ലു തകർത്ത് ഉള്ളിൽ കടന്നു. ഈ സമയം കടയിൽ ആരുമുണ്ടായിരുന്നില്ല. ഉടമ പത്തനംതിട്ടയിൽ സാധനം എടുക്കാൻ പോയ ശേഷം മടങ്ങി കടയുടെ മുന്നിൽ എത്തുമ്പോഴാണ് സംഭവം. ഉള്ളിൽ കയറിയ പന്നിക്ക് പുറത്തേക്ക് പോകാൻ വഴി ലഭിക്കാതെ വന്നതോടെ മുന്നിലെ ചില്ലുകൾ തകർത്ത് റോഡിലേക്ക് ചാടുകയായിരുന്നു. ഇതിനിടെ കടയ്ക്കുള്ളിൽ ഉണ്ടായിരുന്ന സാധനങ്ങളും തകർത്തു. കൊടുമൺ പഞ്ചായത്തിലുട നീളം കാട്ടുപന്നി ശല്യം രൂക്ഷമാണ്. പട്ടാപ്പകൽ പോലും ഇവയുടെ വിഹാരമാണ് നടക്കുന്നത്. നിരവധി യാത്രക്കാർക്ക് പന്നിയുടെ ആക്രമണത്തിൽ പരുക്കേറ്റിട്ടുണ്ട്.


