ഇടതുമുന്നണി ഭരിക്കുന്ന മലപ്പുഴശേരി പഞ്ചായത്തിൽ സിപിഎം അംഗത്തിന്റെ പരാതിയിൽ നടപടികളെടുത്ത് ഓംബുഡ്‌സ്മാൻ

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട: ഇടതു മുന്നണി ഭരിക്കുന്ന ഗ്രാമപഞ്ചായത്ത് കമ്മറ്റിയുടെ തീരുമാനത്തിനെതിരെ സി.പി.എം അംഗം നൽകിയ പരാതിയിൽ തദ്ദേശ സ്വയംഭരണ സ്ഥാപന ഓംബുഡ്‌സ്മാൻ നടപടിക്ക്. മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിലാണ് സംഭവം. പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റ് നിയമനവുമായി ബന്ധപ്പെട്ടാണ് സി.പി.എം അംഗം സജീവ് ഭാസ്‌കർ ഓംബുഡ്‌സ്മാനെ സമീപിച്ചത്. കഴിഞ്ഞ ദിവസം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന സിറ്റിങിൽ പരാതി പരിഗണിച്ച ഓംബുഡ്‌സ്മാൻ ജസ്റ്റിസ് പി.ഡി.രാജൻ സി.പി.ഐ നേതാവായ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനും നിർവഹണ ഉദ്യോഗസ്ഥനായ സെക്രട്ടറിക്കും എതിരെ നടപടിക്ക് പഞ്ചായത്ത് ജോ.ഡയറക്ടർക്ക് നിർദേശം നൽകുകയായിരുന്നു. നിയമ ലംഘന തീരുമാനം എടുത്ത കമ്മറ്റിയിൽ പങ്കെടുത്ത അംഗങ്ങളെ കമ്മിഷൻ ശാസിച്ചു.13 അംഗ ഭരണ സമിതിയിലെ 10 പേരാണ് യോഗത്തിൽ ഉണ്ടായിരുന്നത്. ഇടത് അംഗങ്ങൾക്ക് പുറമെ കോൺഗ്രസ്, ബി.ജെ.പി അംഗങ്ങളും നിയമ ലംഘന തീരുമാനത്തെ കാര്യമായി എതിർത്തിരുന്നില്ല. ഇതോടെ ഇവരും കമ്മിഷന്റെ പരാമർശത്തിനു വിധേയരായി. മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്തിലെ പ്രോജക്ട് അസിസ്റ്റന്റ് നിയമനത്തിൽ ചട്ടം ലംഘിച്ചതിന് പഞ്ചായത്ത് പ്രസിഡന്റിനും സെക്രട്ടറിക്കും 25,000 രൂപ വീതം പിഴ അടക്കാനാണ് നിർദേശം ഉണ്ടായിട്ടുള്ളത്.

എന്നാൽ ചട്ടം ലംഘിച്ചില്ലെന്നും ഉത്തരവ് ലഭിച്ച ശേഷം തുടർ നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പ്രതികരിച്ചു. പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് ആദ്യം തെരഞ്ഞെടുത്തയാളെ ഒഴിവാക്കാനുള്ള പഞ്ചായത്ത് കമ്മിറ്റി തീരുമാനം പഞ്ചായത്ത് രാജ് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നാണ് സി.പി.എം. അംഗം സജീവ് ഭാസ്‌കർ നൽകിയ പരാതിയിൽ പറയുന്നത്. പഞ്ചായത്തിന്റെ തീരുമാനം റദ്ദാക്കിയ ഓംബുഡ്‌സ്മാൻ അർഹനായ വ്യക്തിക്ക് 15 ദിവസത്തിനകം നിയമനം നൽകണമെന്ന് നിർദേശിച്ചതായും പഞ്ചായത്ത് കമ്മറ്റി തീരുമാനം റദ്ദ് ചെയ്ത സെക്രട്ടറിയെ തരംതാഴ്ത്തുകയോ ജില്ലയ്ക്ക് പുറത്തേക്ക് സ്ഥലംമാറ്റം നൽകുകയോ ചെയ്യണമെന്നും പഞ്ചായത്ത് ജോയിന്റ് രജിസ്ട്രാറിന് ഓംബുഡ്‌സ്മാൻ നിർദ്ദേശം നൽകിയതായും അറിയുന്നു.

എന്നാൽ നിയമനം സംബന്ധിച്ച് ഔദ്യോഗികമായ അറിയിപ്പ് അപേക്ഷകർക്കു നൽകിയില്ലെന്നാണ് പഞ്ചായത്തിന്റെ വാദം. കരാർ നിയമനത്തിൽ അവസാന ഘട്ടത്തിൽ രണ്ട് പേരാണ് ഉണ്ടായിരുന്നത്. ഇതിൽ കൂടുതൽ മാർക്ക് കിട്ടിയ ആളെ നിയമിക്കാൻ തീരുമാനമായിരുന്നു. കുടുംബശ്രീയിലെ ചില സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ആരോപണ വിധേയയായ വ്യക്തിയുടെ മകനെയാണ് തെരഞ്ഞെടുത്തതെന്നും ഇത് ഒഴിവാക്കണമെന്നുമായിരുന്നു പരാതി. ഡിസംബർ 11 ന് ചേർന്ന പഞ്ചായത്ത് കമ്മിറ്റി മുൻ തീരുമാനം റദ്ദാക്കുകയും ഈ സാമ്പത്തിക വർഷം ആരെയും നിയമിക്കേണ്ടെന്നും തീരുമാനിച്ചു. ഈ തീരുമാനത്തിനെതിരെയാണ് സജീവ് ഭാസ്‌കർ പരാതി നൽകിയത്. യോഗത്തിൽ പങ്കെടുത്ത പ്രസിഡന്റ്, സെക്രട്ടറി ഉൾപ്പെടെയുള്ള 10 പേർക്കെതിരെയാണു പരാതി നൽകിയത്.

മിണ്ടാട്ടമില്ലാതെ കോൺഗ്രസും ബി ജെ പിയും.

മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് നേതൃത്വത്തിനെതിരെയുള്ള ഓംബുഡ്‌സ്മാന്റെ വിധിയും പരാമർശവും വെട്ടിലാക്കിയത് പ്രതിപക്ഷമായ ബി.ജെ.പിയെയും കോൺഗ്രസിനെയും. പഞ്ചായത്ത് ഭരണ സമിതിയിൽ ഇടത് പക്ഷം നിർദേശിച്ച ആളിനെ ആദ്യം നിയമിക്കുന്നതിന് ഇരു പാർട്ടികളും പൂർണമായും പിന്തുണച്ചു .എല്ലാവരും സുബിന് ഒന്നാം റാങ്ക് ലഭിക്കാൻ വേണ്ട മാർക്ക് നൽകി. നേതൃത്വത്തിൽ ഉള്ളവർ ഒട്ടും കുറക്കാതെ പത്തിൽ പത്തും നൽകിയാണ് പിന്തുണ അറിയിച്ചത്. എന്നാൽ ഒന്നാം റാങ്കുകാരനെ ഒഴിവാക്കാൻ തീരുമാനം എടുത്ത ഭരണ സമിതി യോഗത്തിൽ മുൻ പ്രസിഡന്റ് കൂടിയായ ഉഷാകുമാരിയും കോൺഗ്രസ് അംഗം ഷിബു കാഞ്ഞിക്കലും പങ്കെടുത്തിരുന്നില്ല. കോൺഗ്രസ് അംഗം മേഴ്‌സി സാമുവേലും സി.പി.എം അംഗം സജീവ് ഭാസ്‌കറും ഒന്നാം റാങ്കുകാരനെ തന്നെ നിയമിക്കണമെന്ന് ശക്തമായി വാദിച്ചു. ബി.ജെ.പി അംഗങ്ങളും കോൺഗ്രസ് അംഗവും ഇടതു പക്ഷ തീരുമാനത്തെ അനുകൂലിച്ചു. ഇതോടെയാണ് ഒന്നാം റാങ്കുകാരനെ ഒഴിവാക്കി രണ്ടാം റാങ്ക് ഉള്ള ആളെ നിയമിക്കാൻ തീരുമാനമെടുത്തത്. ഈ യോഗത്തിൽ ആകട്ടെ സി.പി.എം അംഗങ്ങൾ തമ്മിൽ കടുത്ത പോർവിളിയും ആരോപണ-പ്രത്യാരോപണങ്ങളും നടത്തി. എന്നാൽ ഇതൊന്നും നിയന്ത്രിക്കാൻ അധ്യക്ഷന് കഴിഞ്ഞതുമില്ല. ഇതേ തുടർന്നാണ് ഇടത് പക്ഷം ഭരണം നടത്തുന്നയിടത്ത് എടുത്ത തീരുമാനത്തിനെതിരെ സി.പി.എം അംഗം ഓംബുഡ്‌സ്മാനെ സമീപിച്ചത്. വിധി പൂർണമായി പുറത്തു വന്ന ശേഷം മാത്രമേ സർക്കാർ ശമ്പളം വാങ്ങുന്നവരെ ഇത് എങ്ങനെ ബാധിക്കും എന്ന് പറയാൻ കഴിയൂ. മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിൽ അടുത്തിടെ നടന്ന അഴിമതികളിൽ എല്ലാം കോൺഗ്രസ് പ്രതിഷേധിച്ചിരുന്നു. എന്നാൽ നിയമന വിവാദത്തിൽ ഇവരും പെട്ടതോടെ പുറത്തെ പ്രതിഷേധം ഇനി എങ്ങനെ കൊണ്ടുപോകാൻ കഴിയും എന്ന ആശങ്കയുമുണ്ട്. ബി.ജെ.പി ആകട്ടെ ഇതിലൊന്നും ഒരു പങ്കും ഇല്ലെന്നാണ് പറയുന്നത്. എന്നാൽ സാമൂഹിക മാധ്യമങ്ങളിൽ പാർട്ടി അംഗങ്ങൾക്ക് എതിരെ ശക്തമായ എതിർപ്പാണ് ഉണ്ടാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *