ആനകൾക്ക് പകരം എഴുന്നള്ളിപ്പ് രഥങ്ങളിലാക്കുന്നതിന് താന്ത്രികമായി അപാകതയൊന്നുമില്ല : പൂജാരിമാരെ മനുഷ്യരായിട്ടെങ്കിലും കൂടി കാണണം : അക്കീരമൺ കാളിദാസൻ ഭട്ടതിരിപ്പാട്

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട: ക്ഷേത്രങ്ങളിൽ പൂജ കഴിക്കുന്ന ശാന്തിക്കാരെയും പുരോഹിതൻമാരെയും മനുഷ്യരായിട്ടെങ്കിലും കാണേണ്ടതുണ്ടെന്ന് യോഗക്ഷേമ സഭ സംസ്ഥാന അദ്ധ്യക്ഷൻ അക്കീരമൺ കാളിദാസൻ ഭട്ടതിരിപ്പാട് പറഞ്ഞു. ഉത്സവങ്ങളും എഴുന്നള്ളിപ്പുകളുമായി ബന്ധപ്പെട്ട് ആന ഇളകി ബഹളമുണ്ടാക്കി ഇക്കൂട്ടർ പലരും അപകടത്തിൽപ്പെടുകയും മരിക്കുകയും ചെയ്യുകയാണ്. ഇവർക്ക് ഇൻഷുറൻസ് പരിരക്ഷയോ റിസ്‌ക് അലവൻസോ ഒന്നുമില്ല. ഇന്നും വെറും ക്ലാസ്‌ഫോർ ജീവനക്കാർ മാത്രമായ ഇവർക്ക് അപകടമുണ്ടായാൽ സഹായിക്കുവാൻ ബാദ്ധ്യതപ്പെട്ട ഉദ്യോഗസ്ഥൻമാരോ ബന്ധപ്പെട്ടവരോ തയാറാകുന്നില്ല. ആനപ്പുറത്തു കയറുവാൻ ഭയമുള്ള പൂജാരിമാർ അവരുടെ ചുമതലയിൽ സ്വന്തം ചെലവിൽ ആളെ കൊണ്ടുവരേണ്ട അവസ്ഥയാണ്. ഈ അവസ്ഥ മാറിയേതീരൂ. ഇവർക്ക് ഇൻഷുറൻസും റിസ്‌ക് അലവൻസും ലഭ്യമാക്കണം. കേവലം അഞ്ഞൂറിൽ താഴെ ആനകൾ മാത്രമേ കേരളത്തിൽ ഉള്ളൂ എന്നാണറിയുന്നത്. ആനകൾക്കു പകരം എഴുന്നള്ളിപ്പ് രഥങ്ങളിൽ ആക്കുന്നത് താന്ത്രികമായി അപാകതയില്ലാത്തതുമാണ്. ഭക്തജനങ്ങൾ ഈ മാറ്റത്തിന് തയാറാകണം. പൂജാരിമാരുടെ ദുരവസ്ഥയ്ക്ക് പരിഹാരം ഉണ്ടാക്കുവാൻ ദേവസ്വം ബോർഡുകളും മറ്റധികാരികളും തയ്യാറാകണമെന്ന് അക്കീരമൺ കാളിദാസൻ ഭട്ടതിരിപ്പാട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *