ഭർത്താവിന്റെ ആയുസ്സ് കൂട്ടാൻ ജ്യോത്സന്റെ നിർദ്ദേശ പ്രകാരം പതിനാലുകാരിയെ തട്ടിക്കൊണ്ടു പോയി ലൈംഗികബന്ധം : ദമ്പതികൾക്ക് കഠിനതടവ്

Crime
Print Friendly, PDF & Email

തേനി – ജ്യോത്സന്റെ നിർദ്ദേശപ്രകാരം ഭർത്താവിന്റെ ആയുസ്സ് കൂട്ടാൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ ഭാര്യക്കും ഭർത്താവിനും 20 വർഷം തടവും 19,000 രൂപ പിഴയും വിധിച്ച് തേനി പോക്‌സോ കോടതി ജഡ്ജി പി ഗണേശൻ ഉത്തരവായി. പഴയ വത്തലഗുണ്ട് റൈസ്മിൽ സ്ട്രീറ്റിന് സമീപം താമസിക്കുന്ന രാമലക്ഷ്മി (25), ഭർത്താവ് അക്കുർരാജ (32) എന്നി വരെയാണ് ശിക്ഷിച്ചത്. 2021 ഒക്‌ടോബർ 25 നായിരുന്നു കേസിന് ആസ്പദമായ സംഭവം.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ ഭർത്താവിന് ആയുസ് കൂടുമെന്ന ജ്യോത്സ്യന്റെ വാക്ക് വിശ്വസിച്ചാണ് രാമലക്ഷ്മി ഭർത്താവിന് പീഡനത്തിന് സൗകര്യമൊരുക്കിയത്. പെൺകുട്ടികളെ തേടി ഇരുവരും പെരിയകുളം മുഴുവൻ തിരഞ്ഞു. ഇതിനിടയിലാണ് വീടിനു സമീപം കളിച്ചു കൊണ്ടിരുന്ന 14 കാരിയെ കണ്ടെത്തുന്നത്.

മധുര പലഹാരം വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്തു രാമലക്ഷ്മി പെൺകുട്ടിയെ ഓട്ടോറിക്ഷയിൽ കയറ്റി സ്വന്തം വീട്ടിലെത്തിച്ചു. തുടർന്ന് ഭർത്താവിനെയും പെൺകുട്ടിയെയും ഒരു മുറിയിൽ കയറ്റി രാമലക്ഷ്മി പുറത്തു നിന്നും പൂട്ടി. ഇതിനിടയിൽ അക്കൂർരാജ പെൺകുട്ടിയെ ബലാത്സംഗം ചെയ്തു. പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി.

പിറ്റേന്ന് അക്കൂർരാജയും രാമലക്ഷ്മിയും ചേർന്ന് പെൺകുട്ടിയെ വീടിന് സമീപം ഇറക്കിവിട്ട് രക്ഷപ്പെട്ടു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. റഷീദ ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *