ഒരേപോലത്തെ വള രണ്ടാമതും പണയം വെക്കാൻ കൊണ്ടുവന്നപ്പോൾ സംശയം തോന്നി ; രണ്ടുതവണ മുക്കുപണ്ടം പണയത്തട്ടിപ്പിന് ശ്രമിച്ചയാൾക്ക് പിടിവീണു

Crime
Print Friendly, PDF & Email

അടൂർ: ഒരേ സ്ഥാപനത്തിൽ രണ്ടാംവട്ടവും മുക്കുപണ്ടം പണയം വച്ച് തട്ടിപ്പിന് ശ്രമിച്ചയാളെ ഏനാത്ത് പോലീസ് അറസ്റ്റ് ചെയ്തു. കുളക്കട ഈസ്റ്റ് തുരുത്തിലമ്പലം പുന്തലവിള വീട്, അനിൽകുമാർ(46) ആണ് പിടിയിലായത്. ഏനാത്ത് ജംഗ്ഷനിൽ മഠത്തിവിളയിൽ ഫിനാൻസ് എന്നപേരിൽ ധനകാര്യ സ്ഥാപനം നടത്തുന്ന ടോം ജേക്കബ് ആണ് ഇയാളുടെ തട്ടിപ്പിന് ഇരയായത്. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചിന് സ്ഥാപനത്തിലെത്തി 10 ഗ്രാം തൂക്കം വരുന്ന വള പണയം വച്ച് പരമാവധി തുക വേണമെന്ന് ആവശ്യപ്പെട്ടു. അതുപ്രകാരം 58000 രൂപയ്ക്കുണ്ടെന്ന് ടോം അറിയിച്ചു. കഴിഞ്ഞ മൂന്നിനും ഇയാൾ ഇത്തരത്തിൽ എത്തി ഒരു വള പണയം വച്ച് 43000 രൂപ വാങ്ങിയിരുന്നു. സംശയം തോന്നിയ സ്ഥാപനയുടമ അടുത്തുള്ള ജുവലറിയിൽ പോയി വള മുറിച്ചു നോക്കിയപ്പോൾ മുക്കുപണ്ടമാണെന്ന് ബോധ്യപ്പെട്ടു. തിരികെ വന്ന് അനിൽകുമാറിനോട് ചോദിച്ചപ്പോൾ അയാൾ പരസ്പര വിരുദ്ധമായ മറുപടിയാണ് നൽകിയത്. രണ്ടു വളകളിലും 916 എന്ന് രേഖപ്പെടുത്തി സ്വർണം പൂശിയതായിരുന്നു എന്നും കണ്ടെത്തി. മുൻപ് വച്ച വള പരിശോധിച്ചപ്പോൾ അതും മുക്കുപണ്ടമാണെന്ന് ബോധ്യമായി. വിവരം അറിയിച്ചതു പ്രകാരം ഉടനടി സ്ഥലത്തെത്തിയ പോലീസ് അനിൽകുമാറിനെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ച പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതി കോട്ടയം കടുത്തുരുത്തി സേ്റ്റഷനിൽ രജിസ്റ്റർ ചെയ്ത സമാനമായ കേസിലും ഉൾപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമായി. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Leave a Reply

Your email address will not be published. Required fields are marked *