കോഴഞ്ചേരി – മേലുകര പള്ളിയോടത്തിൻ്റെ പുതുക്കിപ്പണികൾക്കായി നിർമ്മിച്ച മാലിപ്പുരയിൽ ചൂടടിക്കാതിരിക്കാനായി കുറേ ഏറെ കെട്ട് മെടഞ്ഞ ഓലകൾ ആശ്യമായിരുന്നു. ലോകോത്തരമായ ക്രിസ്തീയ കൂട്ടായ്മയായ മാരാമൺ കൺവൻഷൻ നടക്കുന്നത് തൊട്ടടുത്താണ്. പമ്പാതീരത്തു നടക്കുന്ന മാരാമൺ കൺവൻഷൻ്റെ വിശാലമായ പന്തൽ ഇന്നും ഓലപ്പന്തലാണ്. വിവിധ പള്ളികളിലെ പ്രാർത്ഥനാ യോഗക്കാർ തങ്ങൾക്കു നിശ്ചയിച്ച ഭാഗത്ത് മെടഞ്ഞ ഓലകളുമായി വന്ന് കെട്ടിക്കൊടുക്കും. ഇന്നലെ കൺവൻഷൻ കഴിഞ്ഞു. ഇന്നു വെളുപ്പിനെ പന്തലഴിക്കും. ആറന്മുളയിലടക്കമുള്ള മിച്ചഭൂമി സമരത്തിലേർപ്പെട്ടിരിക്കുന്ന പാവങ്ങളൊക്കെ തങ്ങളുടെ വീടുകൾ കെട്ടാനായി ഓലക്കായി വരാറുണ്ട്.
മേലുകര വെസ്റ്റ് , ഈസ്റ്റ് പ്രാർത്ഥനാ യോഗക്കാർ കെട്ടിയ ഓലകൾ മേലുകാര പള്ളിയോട മാലിപ്പുരയ്ക്കായി അഴിച്ചു നൽകി. വെളുപ്പിനെ തന്നെ പോയി പന്തലിൽ നിന്ന് ഓലകൾ അഴിച്ചെടുക്കുന്നതിൽ എല്ലാവരും സഹകരിച്ചു. അതിരുകളില്ലാത്ത കൂട്ടായ്മയും സഹകരണവുമാണ് കൺവൻഷൻ്റെയും വള്ളംകളിയുടെയുമാക്കെ അകപ്പൊരുൾ എന്നതാണ് സത്യം..
മാലിപ്പുരയ്ക്കായി ഓലകൾ തന്ന കൺവനുഷനുമായി ബന്ധപ്പെട്ടവർക്കെല്ലാം മേലുകര പള്ളിയോട സംരക്ഷണ സമിതി നന്ദി രേഖപ്പെടുത്തി. ഓല അഴിക്കാൻ നേതൃത്വം നൽകിയ മേലുകര പബ്ലിക് ലൈബ്രറി പ്രസിഡൻ്റ് കൂടിയായ മാത്യു ശാമുവൽ നിരവത്ത് , വെളുപ്പിന് ഒപ്പം കൂടിയ അനു പരപ്പുഴ , അജു പരപ്പുഴ , ഷിബു എന്നിവർക്ക് പ്രത്യേകം നന്ദിയും സ്നേഹവും രേഖപ്പെടുത്തുന്നതായി ഇലന്തൂർ സയൻസ് ആൻഡ് ആർട്സ് കോളേജിലെ അദ്ധ്യാപകനും ചരിത്ര ഗവേഷകനുമായ രാജേഷ് കുമാർ ഫേസ്‌ബുക്കിൽ കുറിച്ചു.


