മോഷണത്തിനായി എത്തിയപ്പോൾ പോലീസിനെക്കണ്ടു ഓടിയ തമിഴ്‌നാട് സ്വദേശിയെ പിടികൂടിയപ്പോൾ തെളിഞ്ഞത് രണ്ടു മോഷണക്കേസുകൾ

Crime

മല്ലപ്പള്ളി: തിരുവല്ല മല്ലപ്പള്ളി റോഡില്‍ ചെങ്ങരൂര്‍ ഓര്‍ത്തഡോക്‌സ് പള്ളിക്ക് സമീപം ഇന്ന് പുലര്‍ച്ചെ 4.40 ന് സംശയകരമായ സാഹചര്യത്തില്‍ കണ്ട ഇയാളെ കീഴ്വായ്പ്പൂര്‍ പോലീസ് തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്തപ്പോള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. പിന്നാലെ ഓടിയ എസ്.ഐ പി.പി.മനോജ് കുമാറും എസ്.സി.പി.ഓ ശരത് പ്രസാദും ചേര്‍ന്ന് ഇയാളെ പിടികൂടുകയായിരുന്നു. കൈയിലുള്ള കവറില്‍ വസ്ത്രവും കുത്ത് ഉളിയും ഉണ്ടായിരുന്നു.
വിവിധ പോലീസ് സ്റ്റേഷനുകളിലായി നിരവധി മോഷണക്കേസുകളില്‍ പ്രതിയായ തമിഴ്‌നാട് സ്വദേശിയെ ഓടിച്ചിട്ട് പിടികൂടി കീഴ്‌വായ്പ്പൂര്‍ പോലീസ് നൈറ്റ് പട്രോളിംഗ് സംഘം. തമിഴ്‌നാട് തിരുനെല്‍വേലി തെങ്കാശി വിശ്വനാഥയ്യര്‍ കോവില്‍ സ്ട്രീറ്റ്, ഹൗസ് നമ്പര്‍ 12 ല്‍ പാച്ചി മുത്തു, മുത്തു കുമാര്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്ന വസന്തകുമാര്‍ (49) ആണ് അറസ്റ്റിലായത്.

സ്റ്റേഷനില്‍ എത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോള്‍ നേരത്തെ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടക്കുന്ന കേസില്‍ പ്രതിയാണെന്ന് വ്യക്തമായി.
ഇയാളെ അറസ്റ്റ് ചെയ്ത് കുറ്റസമ്മതമൊഴി രേഖപ്പെടുത്തിയപ്പോള്‍ കുന്നന്താനം പാലക്കാത്തകിടി തലക്കുളം സെന്റ് മേരിസ് ഓര്‍ത്തഡോക്‌സ് പള്ളിക്ക് സമീപം റോസ് ടിമ്പേഴ്‌സ് തടിമില്ലില്‍ നടത്തിയ മോഷണത്തെപ്പറ്റിയും പോലീസിനോട് വെളിപ്പെടുത്തി. കഴിഞ്ഞ ഏഴിന് പുലര്‍ച്ചെ മണ്‍വെട്ടി, ചുറ്റിക, സ്‌ക്രൂ ഡ്രൈവര്‍ എന്നിവ മോഷ്ടിച്ച ശേഷം, ഷട്ടര്‍ ഇട്ടു പൂട്ടിയ ഓഫീസിന്റെ താഴുപൊട്ടിച്ച് അകത്തു കയറിയാണ് മില്ലില്‍ മോഷണം നടത്തിയത്. ഓഫീസിലെ മേശയില്‍ സൂക്ഷിച്ചിരുന്ന 300 രൂപയുടെ നാണയം മോഷ്ടിച്ചു കടന്നു. കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തില്‍ മറ്റൊരു കേസ് രജിസ്റ്റര്‍ ചെയ്തു. ഇതിലും അറസ്റ്റ് രേഖപ്പെടുത്തി.

മോഷ്ടിച്ച പണം ദൈനംദിന ചെലവുകള്‍ക്കും മദ്യപിക്കുന്നതിനും ഉപയോഗിച്ചതായി പ്രതി സമ്മതിച്ചു. തടിമില്ലിന് സമീപമുള്ള കിണറിന്റെ വെള്ളം കോരുന്ന തൊട്ടിയുടെ ഇരുമ്പുകുഴ ചവിട്ടിയിളക്കിയെടുത്ത് അത് ഉപയോഗിച്ച് മില്ലിന്റെ കെട്ടിട മുറിയുടെ ഷട്ടറിന്റെ പൂട്ട് അടിച്ച് പൊട്ടിച്ച് ഇളക്കി മാറ്റി ഉയര്‍ത്തിയാണ് ഇയാള്‍ ഉള്ളില്‍ കടന്നത്. ഇരുമ്പ് ചുറ്റികയും സ്‌ക്രൂഡ്രൈവറും ഉപയോഗിച്ച് ഓഫീസ് മുറിയുടെ മേശ കുത്തിത്തുറക്കുകയായിരുന്നു.

പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കീഴ്വായ്പ്പൂര്‍ സ്റ്റേഷനിലെ രണ്ട് കേസുകള്‍ക്ക് പുറമെ, അടൂര്‍ പന്തളം, ആറന്മുള എന്നീ സ്റ്റേഷനുകളിലായി 4 മോഷണ കേസുകള്‍ നിലവിലുണ്ട്. കൂടാതെ ചിങ്ങവനം, കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത മോഷണകേസുകളിലും ഉള്‍പ്പെട്ടിട്ടുണ്ട്. ആരാധനാകേന്ദ്രങ്ങളാണ് മോഷണത്തിനായി ഇയാള്‍ അധികവും തെരഞ്ഞെടുക്കാറുള്ളതെന്നും അന്വേഷണത്തില്‍ വ്യക്തമായി.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *