ന്യൂഡൽഹി – അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് കയറ്റി അയച്ച അനധികൃത കുടിയേറ്റക്കാരെ മോശമായി കൈകാര്യം ചെയ്ത വിഷയം ശ്രദ്ധയിൽപ്പെടുത്തിയെന്നു വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഡൽഹിയിൽ പറഞ്ഞു. മനുഷ്യരെ അന്തസോടെ കൈകാര്യം ചെയ്യണമെന്നു അമേരിക്കയോട് ഇന്ത്യ ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
യു.എസ് കയറ്റി അയച്ച 104 പേരിൽ മിക്കവരെയും കൈകാലുകൾ ബന്ധിച്ചാണ് കൊണ്ടുവന്നതെന്നു വെളിപ്പെട്ടപ്പോൾ രാജ്യത്തു കത്തിയാളിയ രോഷം തണുപ്പിക്കാനാണ് ഈ പ്രസ്താവനയെന്നു കരുതപ്പെടുന്നു. യുഎസ് നടപടിയെ ന്യായീകരിച്ചാണ് വ്യാഴാഴ്ച്ച വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കർ പാർലമെന്റിൽ സംസാരിച്ചത്. ഇന്ത്യയുടെ ആശങ്ക യുഎസിനെ അറിയിച്ചെന്നു മിസ്രി പറഞ്ഞു. “ഇത് പ്രസക്തിയുള്ളൊരു വിഷയമാണ്. ഞങ്ങൾ യുഎസ് അധികൃതരുമായി ഇക്കാര്യങ്ങൾ സംസാരിച്ചിട്ടുണ്ടെന്നു നിങ്ങളെ അറിയിക്കാൻ ആഗ്രഹിക്കുന്നു,” മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു.
നാട് കടത്തപ്പെടുന്നവർ ഉൾപ്പെടെ എല്ലാ മനുഷ്യരെയും അന്തസോടെ കൈകാര്യം ചെയ്യണമെന്ന് ഇന്ത്യ എപ്പോഴും ഊന്നിപ്പറയാറുണ്ടെന്നു മിസ്രി പറഞ്ഞു. അതിനു വിരുദ്ധമായ കാര്യങ്ങൾ ഉണ്ടായാൽ ഞങ്ങൾ അത് ഏറ്റെടുക്കും. ഭാവിയിലും അത് തുടരും.” യുഎസ് 487 പേരെ കൂടി അയക്കുന്നുണ്ടെന്നാണ് പറഞ്ഞിട്ടുള്ളതെന്നു അദ്ദേഹം വെളിപ്പെടുത്തി. അനധികൃത കുടിയേറ്റത്തെ ഇന്ത്യ ഒരിക്കലും പ്രോത്സാഹിപ്പിക്കുന്നില്ല. അതിൽ പെടുന്നവർ അനുഭവിക്കുന്ന ദുരിതങ്ങൾ കാണേണ്ടതുണ്ടെന്നും മിസ്രി പറഞ്ഞു.


