അങ്കമാലി : പാറേക്കാട്ടിൽ പിതാവ് വഴിയും വഴിയറിഞ്ഞവനും അറിഞ്ഞ വഴിയേ പോയവനും ലിറ്റർജിയിൽ സാംസ്കാരികാനുരൂപണം കൊണ്ടുവന്ന ആചാര്യനും ക്രാന്തദർശിയുമായിരുന്നെന്ന് ജസ്റ്റിസ് കുര്യൻ ജോസഫ്. മൂന്നു പതിറ്റാണ്ടോളം ആചാര്യ ശുശ്രൂഷാ രംഗത്ത് പ്രശോഭിച്ച് കത്തോലിക്കാ സഭയെ യശ്ശസ്സിൻ്റെ കൊടുമുടിയിലേക്ക് ഉയർത്തിയ കേരളത്തിൽ നിന്നുള്ള പ്രഥമ കർദ്ദിനാൾ മാർ ജോസഫ് പാറേക്കാട്ടിൽ പിതാവിൻ്റെ 38ാം ചരമ വാർഷികം കിടങ്ങൂർ ഉണ്ണിമിശിഹാ പാരീഷ് ഹാളിൽ ഉദ്ഘാടനംചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം.
റവ.ഡോ. കുര്യാക്കോസ് മുണ്ടാടൻ അദ്ധ്യക്ഷനായിരുന്നു. കത്തോലിക്കാ സഭയ്ക്ക് കർദിനാൾ പിതാവ് നൽകിയ നിസ്തുലമായ സംഭാവനകളെ അദ്ദേഹം അനുസ്മരിച്ചു. കലാഭവൻ സ്ഥാപക ഡയറക്ടറായിരുന്ന ബഹു. ആബേൽ അച്ചൻെറ സഹോദര പുത്രൻ പത്മഭൂഷൻ ഡോ. ജോസ് ചാക്കോ പെരിയപ്പുറം മുഖ്യപ്രഭാഷണം നടത്തി. ഉണ്ണിമിശിഹാ പള്ളി വികാരി റവ. ഫാ. വർഗ്ഗീസ് ചെരപ്പറമ്പിൽ ആമുഖ സന്ദേശം നൽകി. അങ്കമാലി ഫൊറോന വികാരി വെരി റവ. ഫാ. ലൂക്കോസ് കുന്നത്തൂർ അനുഗ്രഹ പ്രഭാഷണവും ഡോ. ഐവിൻ ജോസഫ് ബെന്നി അനുസ്മരണവും നടത്തി. റവ. ഫാ. പോൾ പാറേക്കാട്ടിൽ, വൈസ് ചെയർമാൻ ശ്രീ. ഡേവീസ് പുല്ലൻ, FCC മദർ സുപ്പീരിയർ റവ. സി. എമിൽ ജോസ്, ശ്രീ.ബെറ്റി ജോസഫ്, ശ്രീമതി മോളി ജോണി, ശ്രീമതി ജോയ്സി മാർട്ടിൻ എന്നിവർ പ്രസംഗിച്ചു. ധാരാളം വൈദികരും സന്യസ്ഥരും അതിരൂപതയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് അല്മായ പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുത്തു.
നേരത്തെ ഉണ്ണിമിശിഹാ പള്ളിയിൽ നടന്ന വിശുദ്ധ കുർബാനക്ക് റവ. ഫാ. ജേക്കബ് പുതുശ്ശേരി നേതൃത്വം നൽകി. റവ. ഫാ. പോൾ മൂഞ്ഞേലി ദേവാലയത്തിൽ വച്ചുള്ള സന്ദേശം നൽകി. റവ ഫാ. പോൾ കല്ലൂക്കാരൻ ഒപ്പീസ് ചൊല്ലി പ്രാർത്ഥിച്ചു.
What do you feel about this post?
Like
Love
Happy
Haha
Sad

