പത്തനംതിട്ട: ലോകത്തെ 65 രാജ്യങ്ങളുടെ കാളിങ് കോഡുകൾ 57 സെക്കൻഡിൽ പറഞ്ഞ് ഗിന്നസ് ബുക്ക്‌സ് ഓഫ് വേൾഡ് റെക്കോഡ്‌സിൽ ഇടം പിടിച്ചിരിക്കുകയാണ് അടൂർ കടമ്പനാട് നിന്നുള്ള നാലാം ക്ലാസുകാരി നേഹ എസ്. കൃഷ്ണൻ. അമേയ പ്രതീഷ് f,യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ ഷാർജയിൽ 2024 മെയ് 13ന് ഒരു മിനിറ്റിൽ 61 രാജ്യങ്ങളുടെ കോഡുകൾ പറഞ്ഞ് സ്ഥാപിച്ച റെക്കോഡാണ് 57 സെക്കൻഡിൽ 65 രാജ്യങ്ങളുടെ കോഡുകൾ പറഞ്ഞ് അടൂർ സ്വദേശിനി നേഹ എസ്.കൃഷ്ണൻ തിരുത്തിയത്.
നേഹ എസ്. കൃഷ്ണന് പത്തനംതിട്ട പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ ഗിന്നസ് സർട്ടിഫിക്കറ്റ് സമ്മാനിച്ചു. അസോസിയേഷൻ ഓഫ് ഗിന്നസ് റിക്കാർഡ് ഹോൾഡേഴ്‌സ് (ആഗ്രഹ്) സംസ്ഥാന സെക്രട്ടറി ഗിന്നസ് സുനിൽ ജോസഫ് സർട്ടിഫിക്കറ്റും, ഫാ. ജോബിൻ ജോസ് പുളിവിളയിൽ മെഡലും സമ്മാനിച്ചു.
പീരുമേട് മരിയഗിരി ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളിൽ നടന്ന പ്രകടനത്തിന് ഗിന്നസ് സുനിൽ ജോസഫ് മുഖ്യff നിരീക്ഷകനായിരുന്നു.
നേഹ തുവയൂർ ഇൻഫന്റ് ജീസസ് സെൻട്രൽ സ്‌കൂളിൽ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ്. സ്‌കൂൾ ഡയറക്ടർ ഫാ. ജോബിൻ ജോസ് പുളിവിളയിൽ, പ്രിൻസിപ്പൽ സിസ്റ്റർ ജെസി എസ്.സി. വി, അദ്ധ്യാപിക ശ്രീജ ബി. എസ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
തുവയൂർ ശ്രീഹരിയിൽ ബാങ്ക് ഓഫീസർമാരായ പാർവ്വതി, സനേഷ് കൃഷ്ണൻ ദമ്പതികളുടെ മൂത്തമകളാണ് നേഹ. എൽ.കെ.ജി വിദ്യാർത്ഥിനി വേദ എസ് കൃഷ്ണൻ സഹോദരിയാണ്.


