ചായക്കടയിലെ അതിക്രമം: മൂന്നു പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു

Crime
Print Friendly, PDF & Email

അടൂർ: തെങ്ങമത്തെ ചായക്കടയിൽ യുവാക്കളെ മർദിച്ച കേസിൽ മൂന്നു പേർ അറസ്റ്റിൽ. പള്ളിക്കൽ ഇടിഞ്ഞയ്യത്ത് ജങ്ഷനിൽ വേണു ഭവനം വീട്ടിൽ ടി ആർ വിനീത് (26 ), നൂറനാട് പാലമേൽ പണയിൽ ഇടിഞ്ഞയ്യത്ത് തട്ടാരുടെയ്യത്ത് വീട്ടിൽ ജി. രാഹുൽ(25), ചാങ്ങിയത്ത് വീട്ടിൽ എം.വിജിത്ത്(26)എന്നിവരാണ് പിടിയിലായത്.

രണ്ടിന് രാത്രി എട്ടരയോടെയാണ് സംഭവം.

പള്ളിക്കൽ തെങ്ങമം ഹരിശ്രീയിൽ അഭിരാജ്(29), സുഹൃത്ത് വിഷ്ണു മോഹൻ (28) എന്നിവർക്കാണ് 10 പേരടങ്ങുന്ന സംഘത്തിന്റെ മർദ്ദനമേറ്റത്. പരുക്കേറ്റ യുവാക്കൾ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. അഭിരാജും സുഹൃത്ത് വിഷ്ണു മോഹനും തെങ്ങമത്തേക്ക് പോകുമ്പോൾ കൊല്ലായ്ക്കൽ മീൻ ചന്തയ്ക്ക് വച്ചു മുന്നിൽ പോയ ബൈക്ക് യാത്രക്കാർ ഇവരെ തടഞ്ഞു. തടഞ്ഞവരുടെ ബൈക്കിന്റെ ഫോട്ടോ മൊബൈൽ ഫോണിൽ അഭിരാജ് പകർത്തി. പിന്നീട് ഇവർ യാത്ര തുടർന്നപ്പോൾ മേക്കുന്നുമുകൾ പമ്പിനു സമീപം വച്ച് നേരത്തെ തർക്കത്തിൽ ഏർപ്പെട്ട മൂവർ സംഘം അവിടെയെത്തി ഇവരെ ചീത്ത വിളിച്ചു. അഭിരാജിനെ മർദിക്കുകയും മൂവരും ചേർന്ന് യുവാക്കളെ മർദ്ദിക്കുകയും തറയിലിട്ട് ചവുട്ടുകയും ചെയ്തു.

ഇതുകണ്ട് പമ്പിലെയും അടുത്ത ചായക്കടയിലെയും ആളുകൾ ഓടിയെത്തി പിടിച്ചുമാറ്റി. തുടർന്ന്, അഭിരാജും വിഷ്ണുവും മേക്കുന്നുമുകൾ പമ്പിനടുത്തുള്ള എം.എം. കഫേയിൽ ചായ കുടിക്കുമ്പോൾ 4 മോട്ടോർ സൈക്കിളുകളിലായി, മുമ്പ് മർദ്ദിച്ച സംഘത്തിലെ മൂന്നുപേരും വേറെ ഏഴുപേരുമായി എത്തി ഇവരെ ആക്രമിക്കുകയായിരുന്നു. കടയ്ക്കുള്ളിൽ ഓടിക്കയറിയ യുവാക്കളെ അക്രമികൾ വളഞ്ഞിട്ട് തല്ലി. ഇടിവള, കല്ല്, സോഡാക്കുപ്പി എന്നിവ കൊണ്ടായിരുന്നു ആക്രമണം. കടയിലെ സാധനങ്ങളും നശിപ്പിച്ചു. മറ്റ് പ്രതികൾക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയതായി പോലീസ് പറഞ്ഞു.

ഡിവൈ.എസ്.പി ജി.സന്തോഷ് കുമാറിന്റെ മേൽനോട്ടത്തിൽ പോലീസ് ഇൻസ്‌പെക്ടർ ശ്യാം മുരളിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

Leave a Reply

Your email address will not be published. Required fields are marked *