ന്യൂയോർക്ക്: അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നതിന്റെ ഭാഗമായി യു.എസിലെ ട്രംപ് ഭരണകൂടം തിരിച്ചയച്ച 205 ഇന്ത്യക്കാരുമായുള്ള സൈനിക വിമാനം ഇന്ന് അമൃത്സർ വിമാനത്താവളത്തിലെത്തും. സി-17 സൈനിക വിമാനത്തിലാണ് ഇന്ത്യക്കാരെ തിരിച്ചയച്ചത്. ടെക്‌സാസിലെ സാൻ അന്റോണിയെ വിമാനത്താവളത്തിൽനിന്നാണ് വിമാനം പറന്നുയർന്നത്.
തിരിച്ചയച്ചവരിൽ ഏറെയും പഞ്ചാബിൽ നിന്നുള്ളവരാണെന്നാണ് സൂചന. അനധികൃതമായി അമേരിക്കയിൽ എത്തിയവരിൽ മലയാളികൾ കാണാൻ സാദ്ധ്യതയില്ല. വിസ തീർന്നു തുടരുന്നവർ ചിലരെങ്കിലും ഉണ്ടാകാം.
ഇന്ത്യയിൽ ഇറങ്ങിയ ഉടൻ വിമാനത്തിലുള്ളവരുടെ വിവരങ്ങൾ രേഖപ്പെടുത്തും.. ഇന്ത്യാക്കാർ തന്നെയാണോ ഇവരെന്ന് പരിശോധിക്കും. അനധികൃത കുടിയേറ്റത്തിന് സഹായിച്ചവരേയും തിരിച്ചറിയേണ്ടതുണ്ടെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നു.
ഇന്ത്യാക്കാരടക്കമുള്ള 5,000-ഓളം അനധികൃത കുടിയേറ്റക്കാരെയാണ് അമേരിക്ക ആദ്യഘട്ടത്തിൽ തിരിച്ചയയ്ക്കുന്നത്. ഗ്വാട്ടിമല, പെറു, ഹോണ്ടുറാസ് എന്നിവിടങ്ങളിലേക്കാണ് കൂടുതൽ ആളുകളെ തിരിച്ചയച്ചത്. അമേരിക്കയിൽ അടക്കം ലോകത്ത് എവിടെയായാലും അനധികൃതമായി താമസിക്കുന്നവരെ തിരിച്ചെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നായിരുന്നു ഇതിനോട് കേന്ദ്രസർക്കാരിൻറെ പ്രതികരണം..
ഏതുരാജ്യത്തും അനധികൃതമായി തുടരുന്ന ഇന്ത്യാക്കാരെ തിരിച്ചെത്തിക്കാൻ നടപടി ഉണ്ടാകുമെന്നാണ് ഇന്ത്യൻ സർക്കാർ പ്രതികരിച്ചത്.


