കുഴിക്കാലായിലെ വിമുക്ത ഭടന് സൈബർ തട്ടിപ്പിൽ നഷ്ടമായത് 45 ലക്ഷം

Kerala Pathanamthitta

കോഴഞ്ചേരി: ഓൺലൈൻ തട്ടിപ്പിൽ വിമുക്ത ഭടന് നഷ്ടമായത് 45 ലക്ഷം രൂപ. മല്ലപ്പുഴശ്ശേരി പഞ്ചായത്തിലെ കുഴിക്കാലാ സ്വദേശിയായ കെ. തോമസി(91)നാണ് പണം നഷ്ടമായത്. ഒറ്റയ്ക്ക് താമസിക്കുന്ന തോമസിനെ അതിവിദഗ്ധമായാണ് തട്ടിപ്പുകാർ കബളിപ്പിച്ച് 45 ലക്ഷം രൂപ തട്ടിയെടുത്തത്. ദിവസങ്ങൾക്ക് മുൻപ് മുതൽ മുംബൈയിൽ നിന്ന് സി.ബി.ഐ ഉദ്യോഗസ്ഥർ എന്ന പേരിൽ സൈബർ തട്ടിപ്പുകാർ തോമസിന്റെ ഫോണിലേക്ക് കോളുകൾ ചെയ്യുകയും മെസേജുകൾ അയക്കുകയും ചെയ്തിരുന്നു. വീഡിയോ കോളിൽ ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ യൂണിഫോം ധരിച്ച ആളുകളെ കണ്ടപ്പോൾ മുൻ സൈനിക ഉദ്യോഗസ്ഥനായ തോമസിന് തട്ടിപ്പായി തോന്നിയില്ല.

തോമസിന്റെ കൈവശം കണക്കിൽ കൂടുതൽ പണം ഉള്ളതായി സംശയമുണ്ടെന്ന് പറഞ്ഞ് ഇദ്ദേഹത്തിന്റെ ബാങ്ക്, ഓഹരി നിക്ഷേപങ്ങളുടെ വിവരങ്ങൾ മുഴുവൻ തട്ടിപ്പ് സംഘം മനസിലാക്കി. തുടർന്ന് പണം പിൻവലിച്ച് റിസർവ് ബാങ്കിന്റെ പരിശോധനയ്ക്കായി അയക്കണമെന്നും പരിശോധന കഴിഞ്ഞ് മടക്കി നൽകും എന്നും വിശ്വസിപ്പിച്ച് 10 ലക്ഷവും 35 ലക്ഷവും വീതം രണ്ട് തവണകളായി തട്ടിപ്പുകാർ നൽകിയ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറി. ബാങ്ക് അധികൃതർക്ക് സംശയം തോന്നാതിരിക്കാൻ അമേരിക്കയിലുള്ള മകന്റെ ആവശ്യത്തിനായാണ് പണം അയക്കുന്നതെന്നാണ് കുഴിക്കാലാ ഫെഡറൽ ബാങ്ക് ശാഖയിൽ അറിയിച്ചത്. ഓഹരി അക്കൗണ്ടുകളും ക്ലോസ് ചെയ്ത് റിസർവ് ബാങ്കിൽ പരിശോധനയ്ക്കായി അയക്കണമെന്ന് തട്ടിപ്പ് സംഘം ആവശ്യപ്പെട്ടതനുസരിച്ച് ഓഹരി പിൻവലിക്കാൻ ശ്രമിച്ചെങ്കിലും സംശയം തോന്നിയ സ്ഥാപന ഉടമ പിൻതിരിപ്പിക്കുകയായിരുന്നുവെന്നും തോമസ് പറഞ്ഞു. വലിയ തുക പിൻവലിച്ചതിൽ സംശയം തോന്നിയ ഫെഡറൽ ബാങ്ക് അധികൃതർ തോമസിന്റെ അമേരിക്കയിലുള്ള മകനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് സമീപവാസിയും ബന്ധുവുമായ വിൽസനെ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. വിൽസൺ വിവരം അന്വേഷിച്ചതോടെയാണ് തട്ടിപ്പ് വെളിപ്പെട്ടത്. വിൽസൻ ഗ്രാമ പഞ്ചായത്ത് അംഗം ബെന്നി കുഴിക്കാലായെ വിവരമറിയിക്കുകയും മൂവരും ചേർന്ന് പത്തനംതിട്ട സൈബർ പോലീസിൽ പരാതി നൽകുകയുമായിരുന്നു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *