എറണാകുളം – സ്വന്തം സ്ഥാപന ഉദ്ഘാടനത്തിന് പണം നൽകാമെന്ന വ്യവസ്ഥയിൽ ഉദ്ഘാടനത്തിന് വന്ന നടിയെ ലൈംഗിക പരാമർശങ്ങളാൽ അധിക്ഷേപിച്ചുവെന്ന കേസിൽ ജാമ്യം കിട്ടിയിട്ടും ജയിലിൽനിന്നു പുറത്തിറങ്ങാതിരുന്നതിനു വ്യവസായി ബോബി ചെമ്മണൂർ പറഞ്ഞതു വിചിത്ര ന്യായം. പല നിസ്സാര കേസുകളിൽ അറസ്റ്റിലായ സഹതടവുകാർക്കു ജാമ്യത്തിനു പണം നൽകി അതൊക്കെ ശരിയാക്കാനായാണ് ഒരു ദിവസം കൂടി ജയിലിൽ കഴിഞ്ഞതെന്നാണു മാധ്യമങ്ങളോടു ബോബി പറഞ്ഞത്. ബോബി ജയിലിൽനിന്ന് ഇറങ്ങാതിരുന്നതു ഗൗരവമായെടുത്ത ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. വീണ്ടും 10.15ന് പരിഗണിക്കാനിരിക്കെയാണ്, ജയിലിലെ ഓഫിസ് സമയമായ രാവിലെ 10ന് മുൻപായിത്തന്നെ അതിവേഗം ബോബി ജയിലിനു പുറത്തുചാടി.
അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞതിങ്ങനെ.
‘ഭക്ഷണം കഴിച്ചിട്ട് ഹോട്ടലിൽ ബിൽ കൊടുക്കാത്തതിന് അറസ്റ്റിലായവർ ഉൾപ്പെടെ ജയിലിലുണ്ട്. ഇത്തരത്തിൽ 10– 26 കേസുകൾ. അവരൊക്കെ 5000, 10000 രൂപയില്ലാത്തതിനാൽ ജാമ്യം കിട്ടാതെ വിഷമിക്കുന്നവരാണ്. അവരൊക്കെ എന്റെയടുത്തു വന്നപ്പോൾ ഞാൻ പരിഹരിക്കാമെന്നു പറഞ്ഞു. അവരെ സഹായിക്കാനാണ് ഒരു ദിവസം കൂടി ജയിലിൽനിന്നത് ’’– ബോബി പറഞ്ഞു. അതൊക്കെ കേട്ടതല്ലാതെ പരിഹരിച്ചോ എന്നറിയില്ല. ? ഇതു കോടതിയലക്ഷ്യമല്ലെന്നും ജാമ്യ ഉത്തരവിന്റെ കടലാസ് ഇന്നാണു കിട്ടിയതെന്നും ചോദ്യങ്ങളോടു ബോബി പ്രതികരിച്ചു. മാധ്യമപ്രവർത്തകരുടെ കൂടുതൽ ചോദ്യങ്ങളോടും പ്രതികരിക്കുന്നതിനു മുൻപ് ബോബിയെ കാറിൽ കയറ്റി സ്ഥലം കാലിയാക്കി.
ബോബിക്ക് ജാമ്യം ലഭിച്ചിട്ടും ജയിൽനിന്ന് ഇറങ്ങാതിരുന്നതിൽ വിശദീകരണം നൽകാനായി പ്രതിഭാഗം അഭിഭാഷകരോട് ഹാജരാകാൻ ഹൈക്കോടതി ആവശ്യപ്പെട്ടു. ബോബി ഇന്നു രാവിലെ കാക്കനാട് ജില്ലാ ജയിലിൽനിന്നു പുറത്തിറങ്ങുന്നതിനു തൊട്ടുമുൻപായിരുന്നു പുതിയ സംഭവവികാസങ്ങൾ. പിന്നാലെ ബോബി ജയിൽമോചിതനായി. ഇന്നലെ രാവിലെ ജാമ്യാപേക്ഷ പരിഗണിച്ച ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ ജാമ്യം അനുവദിക്കുകയും ഉച്ചകഴിഞ്ഞ് 3.30ന് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. എന്നാൽ ജാമ്യ ഉത്തരവ് ജയിലിൽ എത്തിച്ചെങ്കിലും ബോബി പുറത്തിറങ്ങിയില്ല. നടപടിക്രമങ്ങൾ നീണ്ടു പോയതിനാൽ പുറത്തിറങ്ങുന്നത് ഇന്നത്തേക്ക് നീട്ടുകയായിരുന്നു എന്നായിരുന്നു വിശദീകരണം.
താടിയുള്ള അപ്പൂപ്പനെ എന്തായാലും ബോബിക്ക് പേടിയുണ്ടന്ന് ജനം !!


