കുറവർ മഹാസഭയുടെ പേരിൽ പ്രവർത്തിക്കുന്ന വ്യാജന്മാരെ തിരിച്ചറിയണമെന്ന് നേതാക്കൾ

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട: ഇന്ത്യൻ കമ്പനീസ് ആക്ട് പ്രകാരം 1949 ൽ രജിസ്റ്റർ ചെയ്ത അഖില കേരള കുറവർ മഹാസഭയാണ് നിയമപ്രകാരമുള്ളതെന്ന് നേതാക്കൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ഇതേ രജിസ്റ്റർ നമ്പരിൽ പ്രവർത്തിക്കുന്ന അഖില തിരുവിതാംകൂർ കുറവർ മഹാസഭ എന്ന സംഘടന വ്യാജനാണെന്നും സംസ്ഥാന പ്രസിഡന്റ് വി. കുട്ടപ്പൻ, ജനറൽ സെക്രട്ടറി ആർ. രാമചന്ദ്രൻ എന്നിവർ പറഞ്ഞു.

1949 ൽ രജിസ്റ്റർ ചെയ്ത അഖില തിരുവിതാംകൂർ കുറവർ മഹാസഭ 1956 ൽ
കേരള സംസ്ഥാനം രൂപം കൊണ്ട അഖില കേരള കുറവർ മഹാസഭ എന്ന് അറിയപ്പെട്ടു തുടങ്ങി. പിന്നീട് ഇതിന്റെ പേര് അഖില കേരള കുറവർ മഹാസഭ എന്ന് രജിസ്‌ട്രേഷനിലും മാറ്റം വരുത്തി. എന്നാൽ, 1949 ലെ രജിസ്‌ട്രേഷൻ നമ്പരായ 20, ലൈസൻസ് നമ്പരായ 1079 എന്നിവയ്ക്ക് മാറ്റമുണ്ടായില്ല. ഇപ്പോൾ ഇതേ രജിസ്റ്റർ നമ്പരിലും ലൈസൻസ് നമ്പരിലും പ്രവർത്തിക്കുന്നത് അഖില കേരള കുറവർ മഹാസഭയാണ്.

കൊല്ലം, കൊട്ടാരക്കര,പത്തനാപുരം, കോന്നി, കോഴഞ്ചേരി, മാവേലിക്കര, ചെങ്ങന്നൂർ, അടൂർ, ചിറയിൻകീഴ്, വർക്കല എന്നീ താലൂക്കുകളിലായി അഖില കേരള കുറവർ മഹാസഭയ്ക്ക് 413 കരയോഗങ്ങളുമുണ്ടെന്ന് നേതാക്കൾ പറഞ്ഞു. 2013 ൽ ഇവിടെ നിന്നും തെറ്റിപ്പിരിഞ്ഞ മനോജ്, ഗണേശൻ എന്നിവർ ചേർന്ന് അഖില തിരുവിതാംകൂർ കുറവർ മഹാസഭ ഉണ്ടാക്കുകയും അതിന് 1949 ലെ രജിസ്‌ട്രേഷൻ നമ്പർ ഉപയോഗിക്കുകയും ചെയ്തു. ഇതേ തുടർന്ന് അഖില കേരള കുറവർ മഹാസഭയ്ക്ക് രജിസ്‌ട്രേഷൻ പുതുക്കി നൽകാൻ ഡെപ്യൂട്ടി രജിസ്ട്രാർ വിസമ്മതിച്ചു. തുടർന്ന് ഹൈക്കോടതിയിലും പിന്നീട് പത്തനംതിട്ട മുൻസിഫ് കോടതിയിലും ഹർജി ഫയൽ ചെയ്തു. രണ്ടിടത്തും അഖില കേരള കുറവർ മഹാസഭയ്ക്ക് അനുകൂലമായ വിധിയുണ്ടായി. 1949 ലെ രജിസ്‌ട്രേഷൻ പ്രകാരമുള്ള സംഘടന അഖില കേരള കുറവർ മഹാസഭയാണെന്ന് കോടതികൾ വിധിച്ചു. ഈ സാഹചര്യത്തിൽ അഖില തിരുവിതാംകൂർ കുറവർ മഹാസഭ വ്യാജനാണെന്നും യഥാർഥ സംഘടന അഖില കേരള കുറവർ മഹാസഭയാണെന്നും പ്രസിഡന്റ് വി. കുട്ടപ്പൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *