പഞ്ചായത്ത് പ്രസിഡന്റിന്റെ മകൾ സുമംഗലിയായ വേദിയിൽ ആദിവാസി യുവതിക്കും മാംഗല്യം !!

Pathanamthitta Special

റാന്നി: വിവാഹത്തിന്റെ പേരിൽ ലക്ഷങ്ങളുടെ ധൂർത്ത് നടത്തുന്ന മാതാപിതാക്കൾ അനുകരിക്കേണ്ട വ്യക്തിത്വമാണ് റാന്നി പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. പ്രകാശിന്റേത്. സ്വന്തം മകളുടെ വിവാഹം നടന്ന വേദിയിൽ തന്നെ ആദിവാസി പെൺകുട്ടിക്കും മംഗല്യഭാഗ്യം ഒരുക്കി റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. പ്രകാശ് മാതൃകയായി. ഇന്നലെ രാവിലെ 11.50ന് റാന്നി വളയനാട്ട് ഓഡിറ്റോറിയത്തിൽ പ്രകാശിന്റെ മകൾ ആതിരയുടെ വിവാഹം നടന്ന അതേ മണ്ഡപത്തിൽ തന്നെയാണ് ശബരിമല പുങ്കാവനത്തിൽ കുടിലുകെട്ടി താമസിക്കുന്ന പ്ലാപ്പള്ളി ആദിവാസി ഊരിലെ ഓമനയുടെ മകളായ സോമിനി(19)ക്കും മംഗല്യഭാഗ്യം ഒരുക്കിയത്.

അടൂർ പറക്കോട് അനിൽ മന്ദിരത്തിൽ അനിൽ കുമാറിന്റെ മകൻ അനന്ത കൃഷ്ണൻ, കെ.ആർ.പ്രകാശിന്റെ മകൾ ആതിരയ്ക്ക് താലി ചാർത്തിയപ്പോൾ തൊട്ടുപിന്നാലെ ആദിവാസി ഊരിലെ സോമിനിയുടെ കഴുത്തിൽ, മഞ്ഞത്തോട് ആദിവാസി ഊരിലെ മാധവന്റെ മകൻ രാജിമോനും മിന്നുകെട്ടി.

മജന്താ നിറത്തോടുകൂടിയ സാരിയും ബ്ലൗസുമാണ് വിവാഹപന്തലിൽ രണ്ടുപേരും അണിഞ്ഞത്. ളാഹ ഇളയതമ്പുരാട്ടി കാവിലെ തന്ത്രി മധു ദേവാനന്തുവിന്റെ കാർമ്മീകത്വത്തിൽ ആദിവാസി വിധിപ്രകാരം ചടങ്ങുകൾക്ക് തുടക്കമായി. ആചാരപ്രകാരം മഞ്ഞൾ ചേർത്ത വെള്ളത്തിൽ ശുദ്ധീകരണ പൂജ നടന്നു. തുടർന്ന് താലിമാല നാളീകേരത്തിന് മുകളിൽ സമർപ്പിച്ചു. പിതാവിന്റെ അഭാവത്തിൽ സോമിനിക്ക് ചാർത്താനായി ആന്റോ ആന്റണി എം.പി താലി രാജിമോന് കൈമാറിയപ്പോൾ സി.പി.എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു സോമിനിയുടെ കൈകളിലേക്ക് ആദിവാസി ആചാരപ്രകാരമുള്ള തുളസി കതിരിൽ കെട്ടിയ വരണമാല്യം നൽകി. ഊരുമൂപ്പൻ രാജുവാണ് രാജിമോന് വരണമാല്യം നൽകിയത്. തുടർച്ച് മാല ചാർത്തലും താലികെട്ടും മുറപോലെ നടന്നു.

സോമിനിക്കുള്ള താലി, സ്വർണമാല, കമ്മൽ വരനും വധുവിനുമുള്ള വസ്ത്രങ്ങൾ എന്നിവയെല്ലാം പ്രകാശാണ് വാങ്ങി നൽകിയത്. വരനും വധുവിനും ബന്ധുക്കൾക്കും റാന്നിയിലെത്താൻ വാഹനവും ക്രമീകരിച്ചു. വനത്തിൽ താമസിക്കുന്നവരായ തങ്ങൾക്ക് നാട്ടിലെ കല്യാണം പുതിയ അനുഭവമായതായി ആദിവാസി ഊര് മൂപ്പൻ രാജു പറഞ്ഞു. .ആദിവാസി നേതാവ് പി.എസ് ഉത്തമനും കോളനിയിൽ നിന്ന് ബന്ധുക്കളും എത്തിയിരുന്നു.

മുൻ എം.പി ഫ്രാൻസിസ് ജോർജ്, റാന്നി എം.എൽ.എ പ്രമോദ് നാരായണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ, ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ.പത്മകുമാർ, മുൻ എം.എൽ.എ രാജു ഏബ്രഹാം, ഡി.സി.സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ, ഡി.സി.സി സെക്രട്ടറി അഡ്വ.ജയവർമ്മ, റിങ്കു ചെറിയാൻ, ബി.ജെ.പി ജില്ലാ സെക്രട്ടറി ഷൈൻ ജി.കുറുപ്പ്, ബി.ജെ.പി നേതാവ് അനോജ് കുമാർ, അയ്യപ്പ സേവാസംഘം ജനറൽ സെക്രട്ടറി ഡി.വിജയകുമാർ, എൻ.എസ്.എസ് ബോർഡ് മെമ്പർ ഭദ്രൻ കല്ലയ്ക്കൽ, എസ്.എൻ.ഡി.പി താലൂക്ക് പ്രതിനിധി വസന്തകുമാർ, കെ.പി.എം.എസ് ജില്ലാ പ്രസിഡന്റ് മന്ദിരം രവീന്ദ്രൻ, മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി സമത് മേപ്രത്ത്, ബേബിച്ചൻ വെച്ചൂച്ചിറ തുടങ്ങി നിരവധി ആളുകൾ മംഗല്യത്തിന് സാക്ഷിയായി.

സ്വന്തം മകളുടെ വിവാഹം സ്വർണം ഉൾപ്പെടെ ആഡംബരങ്ങൾ പരമാവധി ഒഴിവാക്കി നടത്തണമെന്നത് നേരത്തെയുള്ള ആഗ്രഹമായിരുന്നുവെന്ന് കെ.ആർ. പ്രകാശ് പറഞ്ഞു. ഇതിനൊപ്പം മറ്റൊരു പെൺകുട്ടിയെക്കൂടി വിവാഹം ചെയ്ത് അയയ്ക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുകയാണ് പ്രകാശും കുടുംബവും.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *