സ്‌കൂട്ടറിൽ നിന്ന് ഇറങ്ങുകയായിരുന്ന എൻജിനീയറിംഗ് വിദ്യാർത്ഥിയെ കാർ ഇടിച്ച് തെറിപ്പിച്ചു

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട: റോഡരികിൽ സ്‌കൂട്ടർ നിർത്തി ഇറങ്ങുന്നതിനിടെ എൻജിനീയറിംഗ് വിദ്യാർത്ഥിയെ കാറിടിച്ച് തെറിപ്പിച്ചു. കല്ലറക്കടവ് വല്യത്ത് പുത്തൻ വീട്ടിൽ എസ്.സൂരജ് (ഉണ്ണിക്കുട്ടൻ 18)ആണ് അപകടത്തിൽപ്പെട്ടത്. തലയ്ക്ക് ഗുരുതര പരുക്കേറ്റ ഇദ്ദേഹത്തെ കോഴഞ്ചേരി സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം. മലയാലപ്പുഴ മുസലിയാർ കോളേജിലെ ഒന്നാം വർഷ ബി.ടെക് വിദ്യാർത്ഥിയായ സൂരജ് പ്രമാടത്ത് സഹപാഠികൾ ചേർന്നുള്ള പരീക്ഷാപഠനത്തിനായി വന്നതാണ്.

കൂട്ടുകാരനെ വിളിച്ചുകൊണ്ടുവരാൻ പോകുന്നതിനിടെ പൂങ്കാവ് താഴൂർക്കടവ് റോഡിൽ കോട്ടയം കുരിശുംമൂടിന് സമീപം വഴിയരികിൽ സ്‌കൂട്ടർ വച്ച ശേഷം ഇറങ്ങാൻ തുടങ്ങുകയായിരുന്നു. ഇതിനിടെയാണ് നിയന്ത്രണം വിട്ട് വന്ന കാർ ഇടിച്ച് തെറിപ്പിച്ചത്. കുറച്ച് ദൂരം മുന്നോട്ട് പോയ ശേഷം കാർ നിർത്തി അതിലുണ്ടായിരുന്നവർ ഇറങ്ങി ഓടി രക്ഷപെട്ടു. നാട്ടുകാരാണ് സൂരജിനെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചത്. പരുക്ക് ഗുരുതരമായതിനാൽ മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ ഡോക്ടർമാർ നിർദ്ദേശിച്ചു. കൊണ്ടുപോകും വഴി സ്ഥിതി കൂടുതൽ വഷളായതിനാൽ കോഴഞ്ചേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കാർ കസ്റ്റഡിയിൽ എടുത്ത പത്തനംതിട്ട പോലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *