കുമ്പനാട്ട് കരോൾ സംഘത്തെ പിന്തുടർന്ന് ആക്രമിച്ച കേസിൽ 4 പ്രതികളെ കോയിപ്രം പോലീസ് പിടികൂടി

Crime Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട : കുമ്പനാട്ട് കരോൾ സംഘത്തെ ആക്രമിച്ച കേസിൽ 4 പ്രതികളെ കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തു. പുറമറ്റം മുണ്ടമല ചുറ്റിപ്പാറയിൽ ഷെറിൻ (28), മീൻചിറപ്പാട്ട് വീട്ടിൽ ബിബിൻ (30), കടപ്ര ചെമ്പകശ്ശേരിപ്പടി ചിറയിൽ കുറ്റിയിൽ അനന്തു (25), അജിൻ (20)എന്നിവരാണ് പിടിയിലായത്. കുമ്പനാട് വച്ചാണ് സംഭവം. ഇലന്തൂർ നെല്ലിക്കാല കല്ലുകാലായിൽ വീട്ടിൽ നിന്നും കോയിപ്രം നെല്ലിക്കാല കരിയിലമുക്ക് സയൺ വില്ല വീട്ടിൽ എം.എസ്.മിഥിനും സംഘത്തിനുമാണ് മർദ്ദനമേറ്റത്.

മിഥിന്റെ നേതൃത്വത്തിൽ കരോൾ നടത്തി ഷിന്റോ എന്നയാളുടെ വീട്ടിലേക്ക് പോകുമ്പോഴാണ് സംഭവം. കുമ്പനാട് ബേക്ക് വേൾഡ് ബേക്കറിയുടെ മുൻവശം വച്ച് പതിനഞ്ചോളം വരുന്ന ആൾക്കാർ മിഥിൻ കാറിന്റെ ഹെഡ്‌ലൈറ്റ് ഡിം അടിച്ചില്ല എന്നു പറഞ്ഞ് തർക്കിച്ചു. പ്രശ്‌നം സംസാരിച്ച് പരിഹരിക്കുകയും ചെയ്തു. ഷിന്റോയുടെ വീടിന്റെ മുന്നിലെത്തിയപ്പോൾ, കരോൾ സംഘത്തിലെ ഏറ്റവും പിന്നിൽ ഉണ്ടായിരുന്ന ആളുകളുമായി പ്രതികൾ ബഹളം ഉണ്ടാക്കുന്നത് കേട്ട്, മിഥിനും കൂട്ടുകാരും അവിടേക്കെത്തി.

കാര്യം അന്വേഷിച്ച മിഥിനെ ഒന്നാംപ്രതി മരക്കഷണം കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. അടി തടഞ്ഞപ്പോൾ വലതു കൈയുടെ വിരലിന് പരുക്കേറ്റു. തുടർന്ന് പ്രതികൾ ചേർന്ന് മർദ്ദനം തുടങ്ങി. എബ്രഹാം ജോർജ്, ഭാര്യ ഷൈനി ജോർജ് എന്നിവർക്കും മർദ്ദനമേറ്റു. ഷൈനി ജോർജിനെ പ്രതികൾ കയ്യേറ്റം ചെയ്തു. തടസം പിടിച്ച ജോൺസൺ എന്നയാൾക്കും മർദ്ദനമേറ്റു.

കരോൾ സംഘത്തിലെ അംഗങ്ങൾ വീടുകളിലേക്ക് ഭയന്ന് ഓടിക്കയറിയപ്പോൾ, പ്രതികൾ ഗേറ്റ് ചാടിക്കടന്ന് വീട്ടുമുറ്റത്ത് നിന്നിരുന്ന കുട്ടികൾ ഉൾപ്പെടെയുള്ളവരെ അസഭ്യം വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. മിഥുന്റെ പരാതി പ്രകാരം കേസെടുത്ത കോയിപ്രം പോലീസ് ഉടനടി നാലു പ്രതികളെ വീടുകളുടെ സമീപത്ത് നിന്നും കസ്റ്റഡിയിൽ എടുത്തു. തിരുവല്ല ഡിവൈ.എസ്.പി എസ് ആഷാദിന്റെ മേൽനോട്ടത്തിൽ, കോയിപ്പുറം പോലീസ് ഇൻസ്‌പെക്ടർ ജി സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് മണിക്കൂറുകൾക്കുള്ളിൽ പ്രതികളെ പിടികൂടിയത്. എസ് ഐ ജി ഗോപകുമാർ , ഗ്രേഡ് എസ് ഐ ഷൈജു, എസ് സി പി ഓ സുരേഷ്, സി പി ഓമാരായ മനൂപ്, സുജിത് എന്നവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *