നിലയ്ക്കൽ: നിലയ്ക്കൽ – പമ്പ റൂട്ടിൽ സമാന്തര സർവ്വീസ് നടത്തുന്ന വാഹനങ്ങളുടെ ഡ്രൈവർമാർ ഹോട്ടലിൽ കയറി ജീവനക്കാരെ മർദിച്ചുവെന്ന് പരാതി. മർദനമേറ്റ നാലു ജീവനക്കാർ നിലയ്ക്കൽ സർക്കാർ ആശുപത്രിയിൽ ചികിൽസ തേടി. അനധികൃതമായി സർവ്വീസ് നടത്തുന്ന വാഹനങ്ങളുടെ ഡ്രൈവർമാരായ അട്ടത്തോട് സ്വദേശികൾ എന്ന് അവകാശപ്പെടുന്നവരാണ് ജീവനക്കാരെ മർദിച്ചത്.
നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് കെഎസ്ആർടിസിക്ക് 50 രൂപയാണ് നിരക്ക്. അതേസമയം, അയ്യപ്പന്മാരുടെ അജ്ഞത മുതലെടുത്ത് ആളൊന്നിന് 150 രൂപ ഈടാക്കിയാണ് സമാന്തര സർവ്വീസുകാർ തീർഥാടകരെ കൊള്ളയടിക്കുന്നത് എന്ന് പറയുന്നു. സമാന്തര സർവ്വീസുകാരുടെ ഈ രീതി കാരണം നിലയ്ക്കലിലെ ഹോട്ടലുകളിലേക്ക് സ്വാമിമാർ എത്തുന്നില്ലെന്ന് പരാതിയുണ്ട്. ഇത് ചോദ്യം ചെയ്തതിനും പരാതിപ്പെട്ടതിനുമാണ് അഞ്ചാം നമ്പർ അന്നലക്ഷ്മി ഹോട്ടൽ ജീവനക്കാരെ മർദിച്ചത് എന്നാണ് പറയുന്നത്.
പമ്പയിലേക്ക് മറ്റു വാഹനങ്ങളും കടത്തി വിടാമെന്നുള്ള ഹൈക്കോടതി ഉത്തരവിന്റെ മറവിലാണ് സമാന്തര സർവ്വീസുകൾ തീർഥാടകരെ കൊള്ളയടിക്കുന്നതെന്ന് പറയുന്നു. 45 ഓളം വാഹനങ്ങളാണ് സമാന്തര സർവ്വീസ് നടത്തുന്നത്. സുമോ, ജീപ്പ്, ടവേര, ഇന്നോവ തുടങ്ങിയ വാഹനങ്ങളിൽ അയ്യപ്പന്മാരെ അമിത നിരക്ക് ഈടാക്കി കുത്തി നിറച്ചു കൊണ്ടു പോവുകയാണ് ചെയ്യുന്നത്. പോലീസും മോട്ടോർ വാഹനവകുപ്പും അടക്കം ഇതിന് ഒത്താശ ചെയ്യുന്നുവെന്നാണ് പരാതി. സമാന്തര സർവ്വീസിനെതിരേ പരാതി ഉയർന്നിട്ടും നടപടി ഉണ്ടായിട്ടില്ല. കെഎസ്ആർടിസിയുടെ നിലയ്ക്കൽ – പമ്പ റൂട്ടിന് ഭീഷണിയായി സമാന്തര സർവ്വീസ് മാറിയിട്ടും നടപടി എടുക്കാതെ അധികൃതർ തുടരുന്നതിൽ ദുരൂഹത ഉണ്ടെന്നാണ് പറയുന്നത്.
What do you feel about this post?
Like
Love
Happy
Haha
Sad

