പത്തനംതിട്ട: അഞ്ചുമാസം ഗർഭിണിയായ പ്ലസ്ടു വിദ്യാർഥിനിയായ 17-കാരിയുടെ മരണവുമായി ബന്ധപ്പെട്ട് സഹപാഠി അറസ്റ്റിൽ. സഹപാഠിയായ വിദ്യാർത്ഥിയെ ആണ് പോക്‌സോ കേസിൽ പോലീസ് അറസ്റ്റ് ചെയ്തത്. 18 വയസ്സും ആറുമാസവുമാണ് ഇയാളുടെ പ്രായമെന്ന് പോലീസ് പറഞ്ഞു. പെൺകുട്ടിയെ വീട്ടിലെത്തി ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്ന് പോലീസിന്റെ ചോദ്യം ചെയ്യലിൽ സഹപാഠി മൊഴിനൽകിയിരുന്നു. പെൺകുട്ടിയുടെ വീട്ടിൽ ആരുമില്ലാത്ത സമയത്താണ് എത്തിയിരുന്നതെന്നും 18-കാരൻ വെളിപ്പെടുത്തി. പ്രതിക്ക് പ്രായപൂർത്തിയായി ആറുമാസം പിന്നിട്ടതാണെന്ന് സ്ഥിരീകരിച്ചതോടെയാണ് കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് വൈകീട്ടോ ശനിയാഴ്ച രാവിലെയോ പ്രതിയെ കോടതിയിൽ ഹാജരാക്കും. പെൺകുട്ടിയുടെ ഗർഭസ്ഥശിശുവിന്റെ പിതൃത്വം തെളിയിക്കാനായി ഡി.എൻ.എ. പരിശോധനയ്ക്കുള്ള നടപടികളും പുരോഗമിക്കുകയാണ്. ഡി.എൻ.എ. പരിശോധനയ്ക്കായി പ്രതിയുടെ രക്തസാമ്പിളും പോലീസ് ശേഖരിച്ചിരുന്നു.
അതിനിടെ, പെൺകുട്ടിയുടെ ആരോഗ്യനില മോശമായത് ആത്മഹത്യാശ്രമത്തിന് പിന്നാലെയാണെന്നാണ് പോലീസിന്റെ നിഗമനം. കഴിഞ്ഞദിവസം പെൺകുട്ടിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ കുട്ടി എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തിരുന്നു. കുട്ടിയുടെ ബാഗിൽനിന്നാണ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്. അച്ഛനും അമ്മയും ക്ഷമിക്കണമെന്നാണ് കുറിപ്പിലുണ്ടായിരുന്നത്. തന്നെ ഒരു അധ്യാപികയായി കാണണമെന്നായിരുന്നു അമ്മയുടെ ആഗ്രഹമെന്നും അത് സാധിക്കാതെ പോയതിലുള്ള വിഷമവും കുറിപ്പിൽ പങ്കുവെച്ചിട്ടുണ്ട്. കുറിപ്പിൽ തീയതി രേഖപ്പെടുത്തിയിട്ടില്ലെന്നും പോലീസ് പറഞ്ഞിരുന്നു. പനി ബാധിച്ച് ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്ന പ്ലസ്ടു വിദ്യാർഥിനി ചികിത്സയിലിരിക്കെ തിങ്കളാഴ്ചയാണ് മരിച്ചത്. ആരോഗ്യനില മോശമായതിനാൽ പെൺകുട്ടി ഒരാഴ്ചയോളം പത്തനംതിട്ടയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്നു. നവംബർ 22-ാം തീയതിയാണ് പെൺകുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.
അതിനിടെ, അമിത അളവിൽ ചില മരുന്നുകൾ പെൺകുട്ടിയുടെ ശരീരത്തിലെത്തിയതായി സംശയമുണ്ടായിരുന്നു. മരണത്തിൽ അസ്വാഭാവികതയുള്ളതിനാൽ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയക്കുകയും ചെയ്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് പെൺകുട്ടി അഞ്ചുമാസം ഗർഭിണിയാണെന്ന് കണ്ടെത്തിയത്. ഇതോടെ സംഭവത്തിൽ പോക്സോ വകുപ്പുകളടക്കം ചുമത്തി പോലീസ് വിശദമായ അന്വേഷണം ആരംഭിക്കുകയായിരുന്നു. ആത്മഹത്യാശ്രമത്തിന് പിന്നാലെയാണ് പെൺകുട്ടിയുടെ ആരോഗ്യനില മോശമായതെന്നും പനി ബാധിച്ചതെന്നുമാണ് പോലീസിന്റെ നിലവിലെ നിഗമനം. ഇക്കാര്യം പെൺകുട്ടി മറച്ചുവെച്ചതാണെന്നും പോലീസ് കരുതുന്നു. സംഭവത്തിൽ പോലീസിന്റെ വിശദമായ അന്വേഷണം തുടരുകയാണ്.
What do you feel about this post?
Like
Love
Happy
Haha
Sad

