ഭരണഘടനാ വിരുദ്ധ പരാമർശത്തിൽ മന്ത്രി സജി ചെറിയാന് തിരിച്ചടി ; പുനരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

Kerala Eranakulam

കൊച്ചി: ഭരണഘടനാ വിരുദ്ധ പരാമർശം നടത്തിയ വിവാദ പ്രസംഗ വിഷയത്തിൽ മന്ത്രി സജി ചെറിയാന് തിരിച്ചടി. പൊലീസിന്റെ അന്വേഷണ റിപ്പോർട്ട് ഹൈക്കോടതി റദ്ദാക്കി. സംഭവത്തിൽ പുനരന്വേഷണത്തിനും ഹൈക്കോടതി ഉത്തരവിട്ടു. ഭരണഘടനയെ മാനിക്കുന്നതല്ല സജി ചെറിയാന്റെ പ്രസ്താവനയെന്ന് ഹൈക്കോടതി വിലയിരുത്തി. അന്വേഷണത്തിന് ഹൈക്കോടതി ഡിജിപിക്ക് നിർദ്ദേശം നൽകി. ഭരണഘടനയെ അപമാനിക്കാനുള്ള ഉദ്ദേശമില്ലെന്ന സജി ചെറിയാന്റെ വാദം ഹൈക്കോടതി തള്ളി. അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ട് നിയമപരമായി നിലനിൽക്കുന്നതല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. മജിസ്ട്രേറ്റ് തീരുമാനമെടുത്തത് സാക്ഷിമൊഴികൾ പരിഗണിക്കാതെയെന്ന വാദത്തിൽ ദൃശ്യങ്ങളിലൂടെ സജി ചെറിയാന്റെ പ്രസ്താവന വ്യക്തമാണെന്ന് ഹൈക്കോടതി പറഞ്ഞു.

സജി ചെറിയാനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് ഹൈക്കോടതി വിധി. അഭിഭാഷകനായ ബൈജു എം നോയൽ നൽകിയ ഹർജിയിൽ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് വിധി പറഞ്ഞത്. കുറച്ച് നല്ല കാര്യങ്ങൾ എന്ന പേരിൽ ജനാധിപത്യം, മതേതരത്വം, കുന്തം, കുടച്ചക്രം എന്നെല്ലാം എഴുതി വെച്ചു എന്നല്ലാതെ സാധാരണക്കാരെ ചൂഷണം ചെയ്യുകയാണ് ഇതിന്റെ ഉദ്ദേശം എന്നായിരുന്നു വിവാദ പ്രസംഗത്തിന്റെ ഭാഗം. പ്രസംഗത്തിലെ കുന്തം, കുടച്ചക്രം എന്നീ പ്രയോഗങ്ങൾ എന്തുദ്ദേശിച്ചാണെന്നായിരുന്നു നേരത്തെ ഹൈക്കോടതിയുടെ ചോദ്യം. പരാമർശങ്ങൾ ഭരണഘടനയെ അവഹേളിക്കുന്നതല്ല എന്ന് എങ്ങനെ പറയാൻ കഴിയുമെന്നും ഹൈക്കോടതി നേരത്തയുള്ള വാദത്തിൽ ചോദിച്ചിരുന്നു. നിരവധി സാക്ഷികളെ വിസ്തരിച്ചതിൽ നിന്ന് ഭരണഘടനയെ അവഹേളിച്ചതായി കണ്ടെത്താൻ കഴിഞ്ഞില്ലെന്നായിരുന്നു പ്രോസിക്യൂഷൻ നേരത്തെ വാദിച്ചത്. 2022 ജൂലൈ മൂന്നിന് പത്തനംതിട്ടയിലെ മല്ലപ്പള്ളിയിൽ സിപിഐഎം ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു സജി ചെറിയാന്റെ വിവാദ പ്രസംഗം.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *